| Saturday, 11th October 2025, 10:10 am

പശുവിന്റെ ഇറച്ചി ഞാന്‍ കഴിക്കാറില്ല, ദൈവമായി കരുതുന്നതുകൊണ്ടല്ല: ഹാല്‍ സിനിമയുടെ സംവിധായകന്‍ വീര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷെയ്ന്‍ നിഗം നായകനായ ഹാല്‍ എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച കടുവെട്ടുകളും സെന്‍സില്ലാത്ത നിര്‍ദേശങ്ങളും സിനിമാലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ധ്വജപ്രണാമം, സംഘം കാവലുണ്ട്, ബീഫ് ബിരിയാണി തുടങ്ങിയ പദപ്രയോഗങ്ങള്‍ ഒഴിവാക്കണമെന്നും രാഖി കാണിക്കുന്ന രംഗം ബ്ലര്‍ ചെയ്യണമെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്.

സെപ്റ്റംബറില്‍ റിലീസ് ചെയ്യുമെന്ന് അറിയിച്ച ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടലുകള്‍ കാരണം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇപ്പോഴിതാ സെന്‍സര്‍ ബോര്‍ഡിന്റെ വിചിത്ര നിര്‍ദേശങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ വീര. ഇത്തരം ഇടപെടലുകള്‍ ഭയപ്പെടുത്തുന്ന കാര്യമാണെന്ന് വീര പറഞ്ഞു. വണ്‍ ടു ടോക്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇത് ഇപ്പോള്‍ സിനിമയില്‍ മാത്രമേയുള്ളൂവെന്ന് കരുതി ആശ്വസിച്ചിരിക്കുകയാണ് പലരും. എന്നാല്‍ സിനിമയിലൂടെ കയറിക്കയറി ഇത്തരം ഇടപെടലുകള്‍ എല്ലായിടത്തേക്കും കയറിവരും. ഇങ്ങനെ പോയാല്‍ ഭാവിയില്‍ നമുക്ക് ഇതൊന്നും സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലേക്ക് പോകുമെന്ന് ഉറപ്പാണ്. അവര്‍ക്കിഷ്ടമില്ലാത്ത കാര്യങ്ങള്‍ സംസാരിക്കാന്‍ പാടില്ല, അങ്ങനെ കേട്ടാല്‍ അറസ്റ്റ് ചെയ്യുമെന്ന സ്ഥിതിയാകും.

ഈ സിനിമയില്‍ ബീഫ് ബിരിയാണി കഴിക്കുന്ന ഒരു സീനുണ്ട്. നമ്മുടെ നാട്ടില്‍ ബീഫ് ബിരിയാണി നിരോധിച്ചതായി അറിവില്ല. ഇവിടുത്തെ കഥ സിനിമയാക്കുമ്പോള്‍ ഇന്നാട്ടിലെ കാര്യമല്ലേ കാണിക്കാന്‍ പറ്റുള്ളൂ. ഇവിടെയുള്ള ബീഫ് ബിരിയാണിയും കാണിക്കേണ്ടതാണല്ലോ. ഒരുവിധം ആളുകളെല്ലാം ബീഫ് ബിരിയാണി കഴിക്കുന്നവരാണ്.

ഞാന്‍ ബിരിയാണിയൊക്കെ വെക്കുന്നയാളാണ്. ബീഫ് ബിരിയാണിയെന്ന് പറഞ്ഞാല്‍ പശുവിന്റെ ബിരിയാണിയല്ല. പശുവിനെ ആരും കഴിക്കാറില്ല. എന്റെ വീട്ടില്‍ പോലും ആരും കഴിക്കില്ല. ബീഫ് സ്റ്റാളില്‍ പോത്തിന്റെ തലയും തോലും കണ്ടാല്‍ മാത്രമേ ബീഫ് വാങ്ങുള്ളൂ. പശുവിനെ കറിവെക്കണമെന്ന് ആരും ചിന്തിക്കാറില്ല. ഞാന്‍ കഴിക്കാറില്ല, ദൈവമായി കാണുന്നതുകൊണ്ടല്ല. ഓമനത്തമുള്ള മുഖമാണ് പശുക്കള്‍ക്ക്. ബീഫെന്ന് പറഞ്ഞാല്‍ പശുവല്ല പോത്താണെന്ന് ഉറപ്പുവരുത്തിയാണ് ഞങ്ങള്‍ കഴിക്കുന്നത്,’ വീര പറഞ്ഞു.

ഇതാദ്യമായല്ല സെന്‍സര്‍ ബോര്‍ഡ് ഇത്തരത്തില്‍ വിചിത്രമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നത്. സുരേഷ് ഗോപിയുടെ ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയുടെ പേര് മാറ്റണമെന്നടക്കം സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത് വലിയ വാര്‍ത്തയായിരുന്നു. നിലവില്‍ മുംബൈയിലെ റിവൈസിങ് കമ്മിറ്റിക്ക് മുന്നിലാണ് ഹാലുള്ളത്.

Content Highlight: Haal movie director Veera about Beef biryani scene and Censor Board

We use cookies to give you the best possible experience. Learn more