| Saturday, 20th September 2025, 11:12 pm

എച്ച് 1 ബി വിസ വർധനവ്; വിദേശനയം ദുർബലമെന്ന് അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂഡൽഹി: എച്ച് 1 ബി വിസയ്ക്ക് പ്രതിവർഷം ഒരു ലക്ഷം ഡോളർ നൽകണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ തുടർന്ന് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ്. വിദേശനയം ദുർബലമാണെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. അമേരിക്ക ഇങ്ങനെ പെരുമാറുന്നത് ഇതാദ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിൽ നിരവധി പിഴവുകൾ ഉണ്ടെന്നും എണ്ണ ഉൾപ്പടെയുള്ള സാധനങ്ങൾക്ക് ഇന്ത്യ മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘നമ്മൾ സാമ്പത്തികമായി ശക്തിപ്രാപിക്കുന്നില്ല എണ്ണ ഉൾപ്പടെ എല്ലാത്തിനും നമ്മൾ മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. നമ്മുടെ ഭൂമി പിടിച്ചെടുത്ത രാജ്യവുമായി ഇപ്പോഴും നമ്മൾ വ്യാപാരം നടത്തുന്നു,’ അഖിലേഷ് പറഞ്ഞു.

അമേരിക്കൻ വിസ നയങ്ങളിൽ ട്രംപ് ഭരണകൂടം വരുത്തിയ മാറ്റങ്ങൾ ആശങ്കകൾക്ക് വഴിയൊരുക്കി. എച്ച്. 1 ബി വിസയ്ക്ക് പ്രതിവർഷം ഒരു ലക്ഷം ഡോളർ നൽകണമെന്ന തീരുമാനം അമേരിക്കൻ തൊഴിൽ വിപണിയെ സംരക്ഷിക്കാനും ഉയർന്ന വൈദഗ്ധ്യമുള്ളവരെ കൊണ്ടുവരാനുമുള്ള നീക്കമാണെന്ന് പറയുമ്പോഴും വിസയെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഇന്ത്യക്കാർക്ക് വലിയ പ്രതിസന്ധിയായിരിക്കും.

ഇതിനെതിരെ പ്രതിപക്ഷം വിമർശനവുമായി രംഗത്തുവന്നു. കോൺഗ്രസ് നേതാവ് പവൻ ഖേര ഈ വിഷയത്തിൽ നരേന്ദ്ര മോദിയുടെ മൗനത്തെ വിമർശിക്കുകയും ഡൊണാൾഡ് ട്രംപ് എല്ലാ ദിവസവും ഇന്ത്യയെ അപമാനിക്കുകയാണെന്നും പറഞ്ഞു. ട്രംപ് ഒരു നുണയനാണെന്ന് പ്രധാനമന്ത്രി സഭയിൽ പറഞ്ഞിരുന്നെങ്കിൽ രാജ്യം മുഴുവൻ അദ്ദേഹത്തെ പിന്തുണയ്ക്കുമായിരുന്നെന്ന് അദ്ദേഹം എ.എൻ.ഐയോട് പറഞ്ഞു.

ഇതൊരു പുതിയ സംഭവമല്ലെന്നും 2017 ൽ രാഹുൽ ഗാന്ധി എച്ച് 1 ബി വിസ പോലുള്ള ഉത്തരവ് ഉണ്ടാകുമെന്ന് പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നൽകിയിരുന്നെന്നും എന്നാൽ മോദി അതിനെതിരെ ഒന്നും ചെയ്തില്ലെന്നും പവൻ ഖേര പറഞ്ഞു. മോദി ദുർബലനായ പ്രധാനമന്ത്രിയാണെന്നും അതിന്റെ ഫലം ലഭിക്കുണ്ടെന്നും രാജ്യത്തെ കോടിക്കണക്കിന് യുവാക്കൾക്ക് നഷ്ടം നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: H1B visa increase; Akhilesh Yadav says foreign policy is weak

We use cookies to give you the best possible experience. Learn more