| Wednesday, 22nd July 2026, 4:50 pm

ഷൂട്ടിനിടക്ക് പ്രകാശ് രാജ് സാര്‍ വിജയ് സാറിനെതിരെ ട്വീറ്റിട്ടു, ഇവര്‍ നേരിട്ട് കാണുമ്പോള്‍ എന്ത് പറയുമെന്നായിരുന്നു എന്റെ പേടി: എച്ച്. വിനോദ്

അമര്‍നാഥ് എം.

ദളപതി വിജയ് എന്നത് മാറി ചീഫ് മിനിസ്റ്റര്‍ വിജയ് എന്ന് ബിഗ് സ്‌ക്രീനില്‍ തെളിയുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. അവസാന ചിത്രം എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് തിയേറ്ററിലെത്തുമ്പോള്‍ ആഘോഷമായി മാറുമെന്ന് ഉറപ്പാണ്. വിജയ്‌യുടെ അവസാന ചിത്രമായൊരുങ്ങിയ ജന നായകന്‍ നാളെ തിയേറ്ററുകളിലെത്തും.

മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി സിനിമയില്‍ നിന്ന് സമ്പൂര്‍ണ വിരമിക്കല്‍ പ്രഖ്യാപിച്ച വിജയ് ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ തമിഴകത്തിന്റെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതിന് ശേഷം വിജയ് പൂര്‍ത്തിയാക്കിയ ചിത്രമായിരുന്നു ജന നായകന്‍. വിജയ്‌യുടെ പാര്‍ട്ടിയായ ടി.വി.കെയെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണക്കുന്ന ധാരാളം രംഗങ്ങള്‍ സിനിമയിലുണ്ടെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നുണ്ടായിരുന്നു.

ഇപ്പോഴിതാ ചിത്രത്തില്‍ വിജയ് എന്ന രാഷ്ട്രീയക്കാരന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് സംവിധായകന്‍ എച്ച്. വിനോദ്. സ്വന്തം രാഷ്ട്രീയപാര്‍ട്ടിയെ ഒരിക്കലും സിനിമയിലൂടെ പ്രൊമോട്ട് ചെയ്യാനുള്ള ഉദ്ദേശം വിജയ്ക്ക് ഇല്ലായിരുന്നെന്ന് വിനോദ് പറഞ്ഞു. ഗലാട്ടാ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഈ പടത്തില്‍ അദ്ദേഹം ഒരിക്കലും സ്വന്തം പാര്‍ട്ടിയെ ബൂസ്റ്റ് ചെയ്തിട്ടില്ല. അതിനൊരു എക്‌സാമ്പിള്‍ പറയാം. സെറ്റില്‍ ഒരു ദിവസം ഏതോ ഒരു അസിസ്റ്റന്റ് പയ്യന്‍ ടി.വി.കെയുമായി സാമ്യമുള്ള ഒരു കൊടി കൊണ്ടുവന്ന് കെട്ടി. എല്ലാവരും ശ്രദ്ധിക്കുന്ന സ്ഥലത്തായിരുന്നു അത് കെട്ടിയത്. വിജയ് സാര്‍ അത് കണ്ടിട്ട് ‘എന്തിനാടാ ഇതൊക്കെ കൊണ്ടുവരുന്നത്’ എന്നായിരുന്നു ചോദിച്ചത്. അത് എനിക്ക് പുതിയൊരു അനുഭവമായിരുന്നു.

അതുപോലെ പ്രകാശ് രാജ് സാറും വിജയ് സാറും തമ്മില്‍ മറ്റൊരു സംഭവവും നടന്നു. പടത്തിന്റെ ഷൂട്ടിനിടയില്‍ പ്രകാശ് രാജ് സാര്‍ വിജയ് സാറിനെ വിമര്‍ശിച്ചുകൊണ്ട് ഒരു ട്വീറ്റ് ഇട്ടിരുന്നു. തൊട്ടടുത്തദിവസം രണ്ടുപേരും ഒന്നിച്ചുള്ള സീന്‍ ഷൂട്ട് ചെയ്യാനുണ്ട്. എനിക്ക് നല്ല ടെന്‍ഷനായി. പക്ഷേ, എന്നെ ഞെട്ടിച്ചുകൊണ്ട് അടുത്തദിവസം രണ്ടാളും ഒന്നും നടക്കാത്തതുപോലെ പെരുമാറി. പരസ്പരം ‘ചെല്ലോം’ എന്നായിരുന്നു രണ്ട് പേരും വിളിച്ചത്,’ വിനോദ് പറയുന്നു.

എന്നാല്‍ വിനോദിന്റെ വാക്കുകളെ കമന്റ് ബോക്‌സില്‍ പൊളിച്ചടുക്കുകയാണ് ചിലര്‍. ചിത്രത്തില്‍ വിജയ്‌യുടെ കഥാപാത്രത്തിന്റെ പേര് ദളപതി വെട്രി കൊണ്ടാന്‍ (ടി.വി.കെ) എന്നാണെന്നും ട്രെയ്‌ലറില്‍ ടി.വി.കെയുടെ കൊടിയെ ഓര്‍മിപ്പിക്കുന്ന ഷോട്ട് ഉണ്ടെന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇങ്ങനെ നുണ പറയുന്നത് എന്തിനാണെന്നും ചോദ്യങ്ങളുണ്ട്.

Content Highlight: H Vinoth shares an Incident with Prakash Raj and Vijay during Jana Nayagan shoot

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more