| Sunday, 31st May 2026, 6:24 pm

ജന നായകനെക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് ധൈര്യമില്ല, അത് ടെലികാസ്റ്റ് ചെയ്യാനുള്ള ധൈര്യം ഒരു ചാനലിനുമില്ല: എച്ച്. വിനോദ്

അമര്‍നാഥ് എം.

വെറും രണ്ട് സിനിമകള്‍ കൊണ്ട് തമിഴ് ഇന്‍ഡസ്ട്രിയുടെ ശ്രദ്ധ നേടിയ സംവിധായകനാണ് എച്ച്. വിനോദ്. സതുരംഗ വേട്ടൈ, തീരന്‍ അധികാരം ഒന്‍ട്ര് എന്നീ ചിത്രങ്ങളിലൂടെ മികച്ച സംവിധായകനെന്ന് പേരുകേട്ട വിനോദ് പിന്നീടുള്ള ചിത്രങ്ങളില്‍ നിരാശപ്പെടുത്തുകയായിരുന്നു. അജിത്തിനൊപ്പം ചെയ്ത മൂന്ന് സിനിമകളിലും വിനോദിന്റെ കയ്യൊപ്പുണ്ടായിരുന്നില്ലെന്ന് പലരും വിമര്‍ശിച്ചിരുന്നു.

എന്നാല്‍ തമിഴിലെ സൂപ്പര്‍താരമായ വിജയ്‌യുടെ അവസാന ചിത്രം സംവിധാനം ചെയ്യാനുള്ള അവസരം വിനോദിന് വന്നുചേരുകയായിരുന്നു. വന്‍ ഹൈപ്പിലും ബജറ്റിലുമൊരുങ്ങിയ ജന നായകന്‍ ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. സെന്‍സര്‍ ബോര്‍ഡിന്റെ നൂലാമാലകളില്‍ പെട്ട് കിടക്കുകയാണ് ജന നായകന്‍. ചിത്രത്തെക്കുറിച്ച് സംവിധായകന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

എച്ച്. വിനോദ് Photo: Screen grab/ SS Music

എസ്.എസ് മ്യൂസിക് സംഘടിപ്പിച്ച ചര്‍ച്ചയില്‍ തമിഴിലെ മുന്‍നിര സംവിധായകരായ പാ. രഞ്ജിത്, പാണ്ഡിരാജ് എന്നിവര്‍ക്കൊപ്പം വിനോദും പങ്കെടുത്തിരുന്നു. ജന നായകന്‍ റിലീസ് എപ്പോഴാണെന്ന ചോദ്യത്തിന് ആദ്യം വെറും ചിരി മാത്രമായിരുന്നു സംവിധായകന്‍ നല്‍കിയത്. പിന്നീട് അദ്ദേഹം പറഞ്ഞ വാക്കുകള്‍ കൈയടി നേടി.

ജന നായകനെക്കുറിച്ച് എന്തെങ്കിലും പറയാനുള്ള ധൈര്യം എനിക്ക് ഇപ്പോഴില്ല. ഇനി അതും കടന്ന് പറഞ്ഞാല്‍ അത് ടെലികാസ്റ്റ് ചെയ്യാനുള്ള ധൈര്യം നിങ്ങളുടെ ചാനലിനും ഉണ്ടാകില്ല. ഇതില്‍ കൂടുതലൊന്നും ജന നായകനെക്കുറിച്ച് എനിക്ക് പറയാനില്ല. കൂടുതല്‍ ചോദ്യങ്ങളും ഇനി ചോദിക്കരുത്. ആ സിനിമ റിലീസാകുമ്പോള്‍ കാണുക. അത്രയേ ഉള്ളൂ,’ വിനോദ് പറയുന്നു.

ഈ വീഡിയോ ഇപ്പോള്‍ സിനിമാപേജുകളില്‍ വൈറലായിരിക്കുകയാണ്. പലരും വിനോദിന്റെ അവസ്ഥയെക്കുറിച്ചും ജന നായകന് നേരെയുള്ള രാഷ്ട്രീയ പകപോക്കലിനെക്കുറിച്ചും അഭിപ്രായം പങ്കുവെക്കുന്നുണ്ട്. സെന്‍സര്‍ ബോര്‍ഡിനെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ചാല്‍ അത് ചാനലിന് ദോഷം ചെയ്യുമെന്നാണ് വിനോദ് തന്റെ വാക്കുകളിലൂടെ പറയാതെ പറഞ്ഞതെന്നാണ് കമന്റുകള്‍.

വിജയ്‌യോടുള്ള രാഷ്ട്രീയ പകപോക്കല്‍ കാരണം ജന നായകന്റെ റിലീസ് തടഞ്ഞതും ചിത്രം ലീക്ക് ചെയ്തതുമെല്ലാം ബാധിക്കുന്നത് വിനോദ് എന്ന സംവിധായകനെയും കൂടിയാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. തന്റെ വിഷനും അധ്വാനവും ഇത്തരമൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത് ഏതൊരു ആര്‍ട്ടിസ്റ്റിനും വെല്ലുവിളിയാണെന്നും കമന്റുകളുണ്ട്.

Content Highlight: H Vinoth saying he don’t want to talk about Jana Nayagan movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more