| Tuesday, 21st July 2026, 8:15 pm

ഈ പടം റിലീസാകില്ല, ഇനിയൊരിക്കലും വെളിച്ചം കാണില്ല എന്ന് തോന്നിയപ്പോള്‍ സങ്കടമായി, വിജയ് സാര്‍ വിളിച്ച് സമാധാനിപ്പിച്ചു: എച്ച്. വിനോദ്

അമര്‍നാഥ് എം.

സമീപകാലത്ത് ഒരു സൂപ്പര്‍സ്റ്റാര്‍ സിനിമ നേരിടേണ്ടി വന്നതില്‍ വെച്ച് സമാനതകളില്ലാത്ത പ്രതിസന്ധികളാണ് വിജയ് ചിത്രം ജന നായകന് നേരിടേണ്ടി വന്നത്. തിരിച്ചടികളെയെല്ലാം തരണം ചെയ്ത് ജന നായകന്‍ തിയേറ്റുകളിലെത്തുമ്പോള്‍ എല്ലാവരും സംസാരിക്കുന്നത് സംവിധായകന്‍ എച്ച്. വിനോദിനെക്കുറിച്ചാണ്. ആദ്യസിനിമ മുതല്‍ തമിഴ് ഇന്‍ഡസ്ട്രിയില്‍ സംസാരവിഷയമായ സംവിധായകനാണ് വിനോദ്.

സൂപ്പര്‍താരത്തെ നായകനാക്കി ഒരുക്കിയ സിനിമക്ക് പ്രദര്‍ശനാനുമതി ലഭിക്കാതെ പോയതും പിന്നീട് ഇന്റര്‍നെറ്റില്‍ ചിത്രം ലീക്കായതും ഏതൊരു സംവിധായകനും നിരാശ നല്‍കുന്ന കാര്യമാണ്. അത്തരം പ്രതിസന്ധിഘട്ടങ്ങളെ എങ്ങനെ തരണം ചെയ്‌തെന്ന് പറയുകയാണ് സംവിധായകന്‍ എച്ച്. വിനോദ്. ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമായ കാലമായിരുന്നു കടന്നുപോയതെന്ന് വിനോദ് പറഞ്ഞു.

എച്ച്. വിനോദ് Photo: Screen grab/ Galatta Plus

ഇത്രയും വലിയൊരു തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഒരിക്കലും കരുതിയില്ലെന്നും വിനോദ് പറയുന്നു. ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം ജന നായകന്റെ പേരില്‍ താന്‍ രണ്ടുതവണ കരഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്താണ് ചെയ്യേണ്ടതെന്ന ഐഡിയ പോലും തനിക്ക് ഇല്ലായിരുന്നെന്നും വിനോദ് പറയുന്നു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പടം ലീക്കായതോടെ കൂടുതല്‍ വിഷമമായി. എല്ലാവരും അത് കണ്ടു. എന്ത് ചെയ്യണമെന്ന് പോലും അറിയാത്ത അവസ്ഥയായിരുന്നു. ഒട്ടും സഹിക്കാന്‍ പറ്റാത്തത് ആശ്വസിപ്പിക്കാന്‍ വേണ്ടി ചിലര്‍ വിളിക്കുന്നതാണ്. അത് കേള്‍ക്കുമ്പോള്‍ കൂടുതല്‍ സങ്കടമാകും. ഒരു തെറ്റും ചെയ്യാത്ത അവസ്ഥയിലും നമുക്ക് അത് തടയാന്‍ പറ്റാതെ, ഒന്നും ചെയ്യാനാകാതെ ഇരിക്കേണ്ടി വന്നത് വലിയ കഷ്ടമായിരുന്നു.

നമുക്ക് മാത്രമല്ല, ഇത് അന്വേഷിക്കേണ്ട സര്‍ക്കാരിനും ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയില്‍ തകര്‍ന്നുപോയി. സെന്‍സര്‍ ബോര്‍ഡിന്റെ പ്രശ്‌നമെല്ലാം തീര്‍ന്ന് പറഞ്ഞ ദിവസത്തില്‍ പടം റിലീസ് ചെയ്യാനാകുമെന്ന് കരുതി. എന്നാല്‍, ഈ പടം ഇന്ന് റിലീസാകില്ല, ഇനിയൊരിക്കലും റിലീസാകില്ല എന്ന് ഒരുഘട്ടത്തില്‍ മനസിലായി. വിജയ് സാര്‍ എന്നെ വിളിച്ച് സമാധാനപ്പെടുത്തിയിരുന്നു. ‘ഒന്നുകൊണ്ടും പേടിക്കണ്ട, നമ്മുടെ ഭാഗത്താണ് ന്യായം. എല്ലാം ശരിയാകും’ എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു,’ എച്ച്. വിനോദ് പറയുന്നു.

സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിക്കാത്തതിനാല്‍ ഏഴ് മാസത്തോളമാണ് ജന നായകന് പെട്ടിയില്‍ കിടക്കേണ്ടി വന്നത്. അടുത്തിടെ ചിത്രത്തിന് ‘A’ സര്‍ട്ടിഫിക്കറ്റോടെ സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിച്ചു. വിജയ്‌യുടെ അവസാന ചിത്രമായി ഒരുങ്ങുന്ന ജന നായകന്‍ ജൂലൈ 23ന് തിയേറ്ററുകളിലെത്തും. ദളപതിയെ വരവേല്ക്കാന്‍ ആരാധകര്‍ ഒരുങ്ങിക്കഴിഞ്ഞു.

Content Highlight: H Vinoth about the bad phase during Jana Nayagan censoring issue

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more