സംവിധാനം ചെയ്ത ആദ്യത്തെ രണ്ട് സിനിമകള്‍ കൊണ്ട് ഇന്‍ഡസ്ട്രിയുടെ ശ്രദ്ധാകേന്ദ്രമായി മാറിയ ആളാണ് എച്ച്. വിനോദ്. വ്യത്യസ്തമായ രീതിയില്‍ ആളുകളെ പറ്റിക്കുന്നത് വരച്ചുകാട്ടിയ സതുരംഗ വേട്ടൈയും തമിഴിലെ എക്കാലത്തെയും മികച്ച പൊലീസ് ചിത്രങ്ങളിലൊന്നായ തീരന്‍ അധികാരം ഒന്‍ട്രും വിനോദ് എന്ന ക്രാഫ്റ്റ്‌സ്മാന്റെ കഴിവ് എടുത്തുകാട്ടിയതായിരുന്നു.
എന്നാല്‍ തീരന് ശേഷം വിനോദ് എന്ന സംവിധായകന്റെ പഴയ നിഴല്‍ കാണാന്‍ സാധിച്ചില്ല. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം കൈകോര്‍ത്ത നാല് സിനിമകളും പ്രതീക്ഷക്കൊത്ത് ഉയരാതെ പോയി. അജിത്തിനെ നായകനാക്കി മൂന്ന് സിനിമകള്‍ ചെയ്ത വിനോദ് വിജയ്‌യുടെ അവസാന ചിത്രവും അണിയിച്ചൊരുക്കി. ജന നായകന്‍ സമ്മിശ്ര പ്രതികരണമാണ് നേടിയത്.
വിനോദിന്റെ കരിയറില്‍ ഏറ്റവും ഹൈപ്പില്‍ ഒരുങ്ങിയ ചിത്രമായിരുന്നു വലിമൈ. അജിത്തിനെ നായകനാക്കി വിനോദ് ഒരുക്കിയ ചിത്രം ഹൈപ്പിന്റെ പരകോടിയിലായിരുന്നു റിലീസ് ചെയ്തത്. കൊവിഡ് കാരണം രണ്ട് വര്‍ഷത്തോളം സമയമെടുത്ത് ഒരുക്കിയ ചിത്രം പ്രതീക്ഷക്കൊത്ത് ഉയരാതെ പോയി. വലിമൈയെക്കുറിച്ച് സംസാരിക്കുകയാണ് വിനോദ് ഇപ്പോള്‍. താന്‍ ചെയ്തതില്‍ വെച്ച് ഏറ്റവും വിമര്‍ശനം നേരിട്ട ചിത്രമാണ് വലിമൈയെന്ന് വിനോദ് പറഞ്ഞു. സുധീര്‍ ശ്രീനിവാസനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇതുവരെ ആറ് സിനിമകള്‍ ചെയ്തിട്ടുണ്ട്. അതില്‍ ഏറ്റവും വിമര്‍ശനം കിട്ടിയത് വലിമൈയിലാണ്. കാരണം, ആ സിനിമക്ക് ഉണ്ടായിരുന്ന ഹൈപ്പ് ഞാന്‍ പ്രതീക്ഷിച്ചതിലും വലുതായിരുന്നു. വിശ്വാസത്തിന് ശേഷം അജിത് സാര്‍ നായകനായ ചിത്രമായിരുന്നു അത്. വിശ്വാസം പക്കാ ഫാമിലി സിനിമയായിരുന്നു. അജിത് സാറിന്റെ ഫാമിലി ഓഡിയന്‍സ് ആ സിനിമ ആഘോഷമാക്കി.
എനിക്കാണെങ്കില്‍ ഫാമിലി എലമെന്റുകള്‍ ഒരുക്കാന്‍ അറിയില്ല. പക്കാ ആക്ഷന്‍ ചിത്രമായിട്ടാണ് വലിമൈയുടെ സ്‌ക്രിപ്റ്റ് തയാറാക്കിയത്. അതിലേക്ക് ഫാമിലി എലമെന്റുകള്‍ ചേര്‍ക്കാന്‍ പ്രഷറായി. സിനിമയുടെ ബേസിക് പ്ലോട്ടും ഫാമിലി എലമെന്റും തമ്മില്‍ സിങ്കാകുന്നില്ലെന്ന് പലരും അഭിപ്രായപ്പെട്ടു. അത് തിരിച്ചടിയായി മാറി,’ എച്ച്. വിനോദ് പറയുന്നു.
അജിത്തിന്റെ കരിയറില്‍ ഏറ്റവും ഹൈപ്പിലൊരുങ്ങിയ ചിത്രമായിരുന്നു വലിമൈ. റിലീസിന് മുമ്പ് പല ഫാന്‍ തിയറികളും വലിമൈയുടേതായി വന്നിരുന്നെങ്കിലും അതില്‍ നിന്ന് വ്യത്യസ്തമായ കഥ ചിത്രത്തിന് തിരിച്ചടിയായി. റെക്കോഡ് ഫസ്റ്റ് ഡേ കളക്ഷന്‍ ലഭിച്ച വലിമൈ ബോക്‌സ് ഓഫീസില്‍ ശരാശരി വിജയമായിരുന്നു നേടിയത്.
Content Highlight: H Vinoth about the backlash he got from Valimai movie