| Monday, 8th September 2025, 8:14 am

ഗ്യാന്‍വ്യാപി, മഥുര ഈദ്ഗാഹ്; ആര്‍.എസ്.എസുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ജംഇയ്യത്തുല്‍ ഉലാമയെ ഹിന്ദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗ്യാന്‍വാപി മസ്ജിദ്, മഥുര ഈദ് ഗാഹ് മസ്ജിദ് എന്നീ ആരാധനാലയങ്ങള്‍ക്ക് മേലുള്ള സംഘപരിവാറിന്റെ അവകാശവാദങ്ങള്‍ സംബന്ധിച്ച് ആര്‍.എസ്.എസുമായി ചര്‍ച്ചയാകാമെന്ന് ജംയഇയ്യത്തുല്‍ ഉലമായെ ഹിന്ദ് അധ്യക്ഷന്‍ മൗലാന മഹ്‌മൂദ് മദനിയുടെ പേരില്‍ പ്രചരിച്ച വാര്‍ത്ത നിഷേധിച്ച് സംഘടന. ആര്‍.എസ്.എസിനെ സംബന്ധിച്ച മൗലാന മഹ്‌മൂദ് മദനിയുടെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും സംഘടന അറിയിച്ചു. റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും തെറ്റാണെന്നും അടിസ്ഥാന രഹിതമാണെന്നും സംഘടന പ്രസ്താവനയിലൂടെ വ്യക്തമാക്കി.

മൗലാന മഹ്‌മൂദ് മദനി എന്‍.ഐ.എക്ക് നല്‍കിയ അഭിമുഖത്തെ ഉദ്ധരിച്ചായിരുന്നു ദേശീയ മാധ്യമങ്ങളിലടക്കം അദ്ദേഹം ആര്‍.എസ്.എസുമായി ചര്‍ച്ചക്ക് സന്നദ്ധതയറിച്ചു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഈ അഭിമുഖത്തിലൊരിടത്തും അദ്ദേഹം അത്തരമൊരു പരാമര്‍ശമോ പ്രസ്താവനയോ നടത്തിയിട്ടില്ലെന്ന് സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ഗ്യാന്‍വ്യാപിയും മഥുര ഈദ്ഗാഹുമായും ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ സംബന്ധിച്ച ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭഗവത് അടുത്ത കാലത്തായി ചില പ്രസ്താവനകള്‍ നടത്തിയിരുന്നു. ഇത് സ്വാഗതാര്‍ഹമാണെന്നും എല്ലാ തരം ചര്‍ച്ചകളെയും തങ്ങള്‍ സ്വാഗതം ചെയ്യുമെന്നുമായിരുന്നു മദനിയുടെ വാക്കുകള്‍.

അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അവ ലഘൂകരിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തണമെന്നുമാണ് സംഘടനയുടെ നിലപാടെന്നും ഇത് സംബന്ധിച്ച തങ്ങള്‍ ഒരു പ്രമേയം പാസാക്കിയിട്ടുണ്ടെന്നും അഭിമുഖത്തില്‍ മദനി പറഞ്ഞു. മുസ്‌ലിം സമുദായത്തിനകത്തേക്ക് കടന്നുവരാന്‍ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടുള്ള മോഹന്‍ ഭഗവതിന്റെ ശ്രമങ്ങള്‍ പ്രശംസിക്കപ്പെടേണ്ടതാണെന്നും അഭിമുഖത്തില്‍ മദനി പറഞ്ഞിരുന്നു.

ഈ അഭിമുഖത്തിലെ മദനിയുടെ വാക്കുകളെ തെറ്റിദ്ധരിക്കപ്പെട്ടു എന്നാണ് ഇപ്പോള്‍ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ആര്‍.എസ്.എസിന് മുസ്‌ലിങ്ങളോടുള്ള സമീപനത്തെ കുറിച്ചും അക്കാര്യത്തിലെ മദനിയുടെ കാഴ്ചപ്പാടുകളുമാണ് അഭിമുഖത്തില്‍ പറഞ്ഞതെന്നുമാണ് സംഘടനയുടെ വിശദീകരണം.

എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമായി പരസ്പരമുള്ള ചര്‍ച്ചകളെ വിശേഷിപ്പിക്കുകയും പരസ്പരം ആലിംഗനം ചെയ്യാനായി ആര്‍.എസ്.എസ് മേധാവിയെയും അനുയായികളെയും ക്ഷണിച്ചുകൊണ്ട് 2023 പ്രമേയം പാസാക്കിയ സംഘടനയാണ് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗ്യാന്‍വ്യാപി മസ്ജിദിന്റെയും മഥുര ഈദ്ഗാഹ് പള്ളിയുടെയും കാര്യത്തില്‍ നിയമപരമായ നടപടികളാണ് ഉണ്ടാകേണ്ടതെന്നും അത് കേസിലുള്‍പ്പെട്ട കക്ഷികളാണ് തീരുമാനിക്കേണ്ടത് എന്നുമാണ് സംഘടനയുടെ നിലപാടെന്നും ജംഇയത്തുല്‍ ഉലാമായെ ഹിന്ദ് പ്രസ്താവനയിലൂടെ പറയുന്നു.

content highlights: Gyanvyapi, MaDhura Eid gah; Jamiat-ul-Ulama Hind denies reports that is ready for talks with RSS

We use cookies to give you the best possible experience. Learn more