| Sunday, 4th October 2026, 4:36 pm

ഗ്യാനേഷ് തെളിവ് നശിപ്പിക്കാൻ ശ്രമിക്കുന്നു; മോദിക്കും അമിത് ഷായ്ക്കുമെതിരെ ക്രിമിനൽ കേസെടുക്കണം: പ്രകാശ് രാജ്

ശ്രീലക്ഷ്മി പി.പി

ഹൈദരാബാദ്: രാജ്യത്ത് തെരഞ്ഞെടുപ്പ് കമീഷൻ നടപ്പിലാക്കുന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ പ്രക്രിയയിലൂടെ കോടിക്കണക്കിന് വോട്ടർമാരെ ഏകപക്ഷീയമായി പട്ടികയിൽനിന്ന് വെട്ടിമാറ്റുകയാണെന്നും ഇതിനെതിരെ പൗരന്മാർ ശക്തമായി പ്രതിരോധം തീർക്കണമെന്നും പ്രമുഖ നടനും രാഷ്ട്രീയ പ്രവർത്തകനുമായ പ്രകാശ് രാജ്.

വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട എസ്.ഐ.ആർ പ്രക്രിയ ഉടനടി നിർത്തിവെച്ച് റദ്ദാക്കണമെന്നും ഒഴിവാക്കപ്പെട്ട പേരുകൾ പുനസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ധർണാ ചൗക്കിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്.ഐ.ആർ പ്രക്രിയയിൽ ഗുരുതരമായ ഭരണഘടനാ വിരുദ്ധ നീക്കങ്ങളാണ് നടക്കുന്നതെന്ന് ആരോപിച്ച പ്രകാശ് രാജ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ എന്നിവർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്ക് നിലവിൽ നൽകിയിട്ടുള്ള ജുഡീഷ്യൽ പരിരക്ഷ നീക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കുറ്റകൃത്യങ്ങൾ നടത്തുമ്പോൾ മാത്രമല്ല, തെളിവുകൾ നശിപ്പിക്കാൻ തുനിയുമ്പോഴാണ് പലപ്പോഴും കുറ്റവാളികൾ കുടുങ്ങാറുള്ളതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ തെളിവുകൾ നശിപ്പിക്കുന്ന ഘട്ടത്തിലാണെന്നും കയ്യോടെ പിടിക്കപ്പെട്ടിരിക്കുകയാണെന്നും വിമർശിച്ചു.

ഇത് വെറുമൊരു വോട്ടിനായുള്ള പോരാട്ടമല്ല, ജനാധിപത്യത്തിന്റെ തന്നെ കൊലപാതകത്തിനെതിരെയുള്ള ചെറുത്തുനിൽപ്പാണ്. തെളിവുകളെല്ലാം ഇല്ലാതാകുന്നതിന് മുൻപ് സ്വന്തം വോട്ടവകാശം സംരക്ഷിക്കാൻ പൗരന്മാർ മുന്നിട്ടിറങ്ങണം. കർണാടകയിലെ 23 ജില്ലകളിലെ 100 പോളിങ് ബൂത്തുകൾ കേന്ദ്രീകരിച്ച് താൻ നേരിട്ട് നടത്തിയ സർവേയിൽ വലിയ തോതിൽ വോട്ടർമാർ ഒഴിവാക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തീപിടിത്തത്തെ തുടർന്ന് വീടുകൾ നഷ്ടപ്പെട്ട കോളനി നിവാസികളും സ്ഥിരമായ മേൽവിലാസമോ പേരുകളോ ഇല്ലാത്ത ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവരുമാണ് ഇത്തരത്തിൽ വോട്ടർപട്ടികയിൽ നിന്ന് വ്യാപകമായി തഴയപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിൽ ശക്തമായ നിലപാടെടുക്കാത്ത പ്രതിപക്ഷ പാർട്ടികളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

2023-ലെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറും മറ്റ് തെരഞ്ഞെടുപ്പ് കമീഷണർമാരും സംബന്ധിച്ച നിയമഭേദഗതിക്ക് മുമ്പുണ്ടായിരുന്ന സ്വതന്ത്ര നിയമന രീതി പുനസ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

2023 മുതലുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ മുഴുവൻ ഫയലുകളും സുപ്രീം കോടതി വിളിച്ചുവരുത്തി സൂക്ഷ്മപരിശോധന നടത്തണം. വോട്ടർപട്ടികയിൽനിന്ന് 13 കോടിയോളം പേരുകൾ വെട്ടിമാറ്റിയതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ മറ്റ് തെരഞ്ഞെടുപ്പ് കമീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരിൽനിന്ന് മറച്ചുവെച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് വിവാദം കൂടുതൽ രൂക്ഷമായത്.

ഇതിന്റെ പശ്ചാത്തലത്തിൽ സി.ജെ.പിയുടെ നേതൃത്വത്തിൽ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്തുടനീളം പ്രക്ഷോഭം ശക്തമാകുകയാണ്. ധർണാ ചൗക്കിലെ പ്രതിഷേധത്തിൽ ഒട്ടനവധി പ്രവർത്തകർ അണിനിരന്നെങ്കിലും അനുവദിച്ച സമയം കഴിഞ്ഞുവെന്ന് കാണിച്ച് പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

നേരിട്ടുള്ള തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ തനിക്ക് താത്പര്യമില്ലെന്നും അനീതിക്കെതിരെ പ്രതികരിക്കുക എന്നത് ഓരോ പൗരന്റെയും കടമയാണെന്നും സ്വന്തം രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി പ്രകാശ് രാജ് വ്യക്തമാക്കി.

അതിനിടെ, ഹൈദരാബാദ് സോമാജിഗുഡ പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനം നടക്കവെ ബി.ജെ.പി നേതാവ് അമർനാഥ് സാരംഗുലയുടെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തകർ പരിപാടി തടസ്സപ്പെടുത്താൻ ശ്രമിച്ചു. പ്രകാശ് രാജ് നാല് വ്യത്യസ്ത സംസ്ഥാനങ്ങളിൽ വോട്ട് രേഖപ്പെടുത്തിയ ‘വോട്ട് കള്ളൻ’ ആണെന്നും ഇത് ക്രിമിനൽ കുറ്റമാണെന്നും ആരോപിച്ച ബി.ജെ.പി, അങ്ങനെയുള്ള ആളാണ് മോദി സർക്കാരിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും കുറ്റപ്പെടുത്തി.

Content Highlight:Gyanesh is trying to destroy evidence; criminal cases should be registered against Modi and Amit Shah: Prakash Raj.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more