2026 ഗ്ലോബല്‍ സൂപ്പര്‍ ലീഗ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ് ഗയാന ആമസോണ്‍ വാരിയേഴ്‌സ്. കലാശപ്പോരാട്ടത്തില്‍ സാന്‍ഫ്രാന്‍സിസ്‌കോ യൂണിക്കോണ്‍സിനെ ആറ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഗയാന ചാമ്പ്യന്മാരായത്. ടീമിന്റെ തുടര്‍ച്ചയായ രണ്ടാം കിരീട നേട്ടമാണിത്.
ഗയാന പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന ലോ സ്‌കോറിങ് ത്രില്ലര്‍ പോരാട്ടത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഗയാന 18.5 ഓവറില്‍ 85 റണ്‍സിന് പുറത്തായി. വിജലക്ഷ്യം പിന്തുടര്‍ന്ന സാന്‍ഫ്രാന്‍സിസ്‌കോ 79 റണ്‍സിനും ഓള്‍ ഔട്ടായി.
ഈ കിരീടനേട്ടത്തിന് പിന്നില്‍ മുന്‍ ഇന്ത്യന്‍ താരമായ പ്രസന്ന അഗോരമിന്റെ പങ്കും വലുതാണ്. ഗയാനയുടെ മുഖ്യ പരിശീലകനാണ് പ്രസന്ന. പരിശീലകനെന്ന നിലയില്‍ പ്രസന്നയുടെ രണ്ടാം ജി.എസ്.എല്‍ കിരീടമാണിത്.
ഏറ്റവും കൂടുതല്‍ ടി-20 ഫ്രാഞ്ചൈസി ലീഗ് കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ പരിശീലകനാവാനും പ്രസന്നക്ക് സാധിച്ചു. മലയാളി താരം ടിനു യോഹന്നാന്‍ അടക്കമുള്ള മുന്‍ താരങ്ങളെ മറികടന്നുകൊണ്ടാണ് പ്രേസന്നയുടെ മുന്നേറ്റം.
ആശിഷ് നെഹ്‌റ (ഐ.പി.എല്‍), ചന്ദ്രകാന്ത് പണ്ഡിറ്റ് (ഐ.പി.എല്‍), ഹെമിങ് ബദാനി (ഇന്റര്‍നാഷണല്‍ ലീഗ് ടി-20), ലാല്‍ചന്ദ് രജ്പുത് (ഗ്ലോബല്‍ ടി-20), ടിനു യോഹന്നാന്‍ (നേപ്പാള്‍ പ്രിമീയര്‍ ലീഗ്) എന്നിവരെയാണ് ഗയാന പരിശീലകന്‍ മറികടന്നത്.
ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ സിങാണ്. മൂന്ന് കിരീടങ്ങളാണ് റോബിന്‍ പരിശീലകനെന്ന നിലയില്‍ കൈപ്പിടിയിലാക്കിയത്. കരീബിയന്‍ പ്രിമീയര്‍ ലീഗ്, ഇന്റര്‍നാഷണല്‍ ലീഗ് ടി-20, ചാമ്പ്യന്‍സ് ലീഗ് ടി-20 എന്നീ ട്രോഫികളാണ് റോബിന്‍ വിജയിച്ചത്.
അതേസമയം മത്സരത്തില്‍ ഗയാനക്ക് വേണ്ടി മിന്നും പ്രകടനം പുറത്തെടുത്തത്
ഡ്വെയ്ന്‍ പ്രിട്ടോറിയസ്,മുഹമ്മദ് നബി എന്നിവരാണ്. ഇരുവരും മൂന്ന് വിക്കറ്റുകള്‍ വീതം നേടിയാണ് തിളങ്ങിയത്. ക്യാപ്റ്റന്‍ ഇമ്രാന്‍ താഹിര്‍ രണ്ട് വിക്കറ്റുംഗുഡാകേഷ് മോട്ടി ഒരു വിക്കറ്റും നേടി ടീമിന്റെ കിരീട നേട്ടത്തില്‍ നിര്‍ണായകമായി.
സാന്‍ഫ്രാന്സിസ്‌കോക്ക് വേണ്ടി ഒലിവര്‍ പീക്ക് മാത്രമാണ് പിടിച്ചുനിന്നത്. 28 പന്തില്‍ 31 റണ്‍സാണ് താരം നേടിയത്. മൂന്ന് ഫോറുകളും ഒരു സിക്സുമാണ് ഒലിവറിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
മറുഭാഗത്ത് സാന്‍ഫ്രാന്സിസ്‌കോയുടെ ബൗളിങ്ങില്‍ പീറ്റര്‍ സിഡില്‍, അനിരുദ്ധ് ഇമ്മാനുവല്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകളും ഫാബിയന്‍ അലന്‍, കരിമ ഗോര്‍, കല്ലം സ്റ്റൗ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
23 പന്തില്‍ 28 റണ്‍സ് നേടിയ മാത്യു ഫോര്‍ഡാണ് ഗയാന നിരയിലെ ടോപ് സ്‌കോറര്‍. ഡ്വെയ്ന്‍ പ്രിട്ടോറിയസ് 17 റണ്‍സും സ്വന്തമാക്കി.
Content Highlight: Guyana amazon warriors head coach Prasanna Agoram create a huge record