ന്യൂദൽഹി: ദൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിലും പാകിസ്ഥാനിൽ ഇസ്‌ലാമാബാദിലെ കോടതിക്ക് സമീപമുണ്ടായ സ്ഫോടനത്തിലും അനുശോചനമറിയിച്ച് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.
ആക്രമണങ്ങൾക്ക് പിന്നിലുള്ളവർക്കെതിരെ സമഗ്രമായ അന്വേഷണം നടത്താനും ഉത്തരവാദിത്തം ഉറപ്പാക്കാനും ഇരു രാജ്യങ്ങളോടും യു.എൻ മേധാവി പറഞ്ഞു. ഹീനമായ കുറ്റകൃത്യങ്ങളാണ് ഇരുരാജ്യങ്ങളിലുമായി നടന്നതെന്നും ഗുട്ടെറസ് കൂട്ടിച്ചേർത്തു.
സ്ഫോടനത്തിനിരയായവരുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നെന്നും പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെയെന്നും ഗുട്ടെറസ് പറഞ്ഞു.
ദക്ഷിണേഷ്യൻ രാജ്യങ്ങൾ സമാധാനത്തിനും സിവിലിയൻ സുരക്ഷയ്ക്കും മുൻഗണന നൽകണമെന്ന് ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തു.
പ്രാദേശിക സ്ഥിരതയ്ക്കും ഭീകരതയ്‌ക്കെതിരായ ആഗോള പോരാട്ടത്തിനും പിന്തുണ അറിയിച്ച് തുർക്കി രംഗത്തെത്തിയിട്ടുണ്ട്.
ചെങ്കോട്ടയിലെ സ്ഫോടനത്തിൽ ചൈന, അമേരിക്ക, ശ്രീലങ്ക, മാലദ്വീപ്, ഇസ്രഈൽ, അയർലൻഡ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾ അനുശോചനമറിയിച്ചിരുന്നു.
അമേരിക്ക, ഫ്രാൻസ്, ഇറ്റലി, ഇറാൻ തുടങ്ങിയ രാജ്യങ്ങളുടെ എംബസികളും സിംഗപ്പുർ, യു.കെ ഹൈക്കമീഷനുകളും ചാവേർ ആക്രമണത്തെ അപലപിച്ചിരുന്നു. യു.കെയും അമേരിക്കയും ഫ്രാൻസും ഇന്ത്യയിലുള്ള തങ്ങളുടെ പൗരൻമാർക്ക് ജാഗ്രതാ നിർദേശവും നൽകിയിരുന്നു.
ഇന്നലെ പാകിസ്ഥാനിലെ ഇസ്‌ലാമാബാദിലെ കോടതിക്ക് പുറത്തുണ്ടായ ചാവേർ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായും 20 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട്.
അതേസമയം, തിങ്കളാഴ്ച വൈകുന്നേരമായിരുന്നു ദല്‍ഹിയിലെ കനത്ത സുരക്ഷാ പ്രദേശമായ ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 13 പേർ മരണപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഹ്യുണ്ടായ് ഐ20 കാര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
വൈകുന്നേരം 6.52ന് ചെങ്കോട്ട മെട്രോ സ്‌റ്റേഷന്റെ ഗേറ്റ് നമ്പര്‍ വണ്ണിന് സമീപത്തുവെച്ചായിരുന്നു പൊട്ടിത്തെറി. ചെങ്കോട്ടയില്‍ ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയ കാര്‍ പതിയെ നീങ്ങുമ്പോഴായിരുന്നു സ്‌ഫോടനം ഉണ്ടായത്.
Content Highlight: Guterres on India, Pakistan blasts: Heinous crimes committed in both countries