| Tuesday, 31st July 2018, 10:15 pm

നിര്‍ബന്ധിത പാദപൂജ; നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നെന്ന് സി.എന്‍.എന്‍ ചേര്‍പ്പ് സ്‌കൂള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ചേര്‍പ്പ് സി.എന്‍.എന്‍ ഗേള്‍സ് സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് നിര്‍ബന്ധിച്ച് പാദപൂജ നടത്തിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് സ്‌കൂള്‍ അധികൃതര്‍.  സ്‌കൂള്‍ പി.ടി.എ, സ്റ്റാഫ് എന്നിവരുടെ പേരില്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് വിദ്യാലയം നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി പറയുന്നത്.

“വിദ്യാര്‍ത്ഥികളില്‍ മാതാപിതാക്കളോടും മുതിര്‍ന്നവരോടും ഗുരുക്കന്മാരോടും ബഹുമാനം ഭക്തി തുടങ്ങിയ മൂല്യങ്ങള്‍ സൃഷ്ടിക്കുകയെന്ന ഉദ്ദേശ്യത്തോടെ വിദ്യാലയത്തില്‍ സ്‌കൂള്‍ പി.ടി.എയുടെ നേതൃത്വത്തില്‍ നടന്ന് വരുന്ന ഒരു പരിപാടിയാണ് ഗുരുവന്ദനം. ഈ വര്‍ഷവും വിദ്യാലയത്തില്‍ വെള്ളിയാഴ്ച (27-07-2018) രാവിലെ അസംബ്ലിയോടനുബന്ധിച്ച് ക്ലാസുകളില്‍ ഗുരുവന്ദനം നടത്തുകയുണ്ടായി. യാതൊരു വിധ ജാതി മത സമുദായ വിഭാഗിയതകളുമില്ലാതെ തീര്‍ത്തും മൂല്യാധിഷ്ഠിത ഉദ്ദേശശുദ്ധിയോടെ നടത്തപ്പെട്ട ഈ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ ആരെയും നിര്‍ബന്ധിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ല, വിദ്യാലയത്തില്‍ നടന്ന ഈ പരിപാടികൊണ്ട് ആര്‍ക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള മനോവിഷമമോ ബുദ്ധിമുട്ടുകളോ ഉണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ വിദ്യാലയം നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു”. പത്രക്കുറിപ്പില്‍ പറയുന്നു.


Read Also : അനുഭവത്തിന്റെ ചൂടില്‍ അങ്ങയെ ഓര്‍മിപ്പിക്കുന്നു; അമേരിക്കയില്‍ പോകുന്ന മുഖ്യമന്ത്രിക്ക് ജി കാര്‍ത്തികേയന്റെ ഭാര്യയുടെ കുറിപ്പ്


സംഭവത്തില്‍ നേരത്തെ ഡി.പി.ഐ റിപ്പോര്‍ട്ട് തേടിയിരുന്നു. തൃശൂര്‍ ഡി.ഇ.ഒയോടാണ് ഡി.പി.ഐ വിശദീകരണം തേടിയത്. അതേസമയം ഗുരുപൂജയില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, കെ.എസ്.യു എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയിരുന്നത്. സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ മാര്‍ച്ച് പൊലീസ് തടയുകയായിരുന്നു. ആര്‍.എസ്. എസ് അജണ്ട നടപ്പാക്കാന്‍ സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന അധ്യാപകര്‍ കൂട്ടു നില്‍ക്കുന്നത് അംഗീകരിക്കില്ലെന്ന് വിദ്യാര്‍ത്ഥി സംഘടന നേതാക്കള്‍ പറഞ്ഞു.

നേരത്തെ സി.എന്‍.എന്‍ ഗേള്‍സ് സ്‌കൂളിലെ നിര്‍ബന്ധിത പാദപൂജ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലല്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചിരുന്നു. അനുമതി നല്‍കിയത് ഗുരുവന്ദനം എന്ന പരിപാടിക്കായിരുന്നെന്നും മാതാപിതാക്കളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്ന സന്ദേശം വിദ്യാര്‍ഥികളിലേക്കു പകര്‍ന്നു നല്‍കലായിരുന്നു പരിപാടിയുടെ ഉദ്ദേശമെന്നും പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു.


Read Also : പാദപൂജ മാത്രമല്ല, ആയുധ പരിശീലനവും രാമായണ പാരായണവും; ചേര്‍പ്പ് സ്‌കൂള്‍ ആര്‍.എസ്.എസിന്റെ വിഹാര കേന്ദ്രം


ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സഞ്ജീവനി എന്ന ട്രസ്റ്റിന്റെ കീഴിലുള്ള സ്‌കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്. 1262 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഓരോ ക്ലാസിലുമാണ് പാദപൂജ നടത്തിയത്. വേദവ്യാസ ജയന്തി -വ്യാസ പൗര്‍ണമിയുടെ ഭാഗമായണ് നിര്‍ബന്ധിത പാദ പൂജ നടത്തിയത്.

എന്നാല്‍ കഴിഞ്ഞ 13 വര്‍ഷമായി ഈ സ്‌കൂളില്‍ പരിപാടി നടത്താറുണ്ടെന്നും ഇതുവരെ ആരും ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നുമായിരുന്നു സ്‌കൂള്‍ അധികൃതരുടെ ആദ്യ പ്രതികരണം.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളുകളില്‍ ഇത്തരം പരിപാടികള്‍ നടത്തരുതെന്ന കര്‍ശന നിര്‍ദ്ദേശമിരിക്കെയാണ് ആര്‍.എസ്.എസ് പരിപാടി സംഘടിപ്പിച്ചത്. ചേര്‍പ്പ് സ്‌കൂള്‍ അധികൃതരുടെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയിലും പുറത്തും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more