നാടകത്തിലൂടെ സിനിമയിലേക്ക് കടന്നുവന്നവരില്‍ പ്രധാനിയാണ് ഗുരു സോമസുന്ദരം. തമിഴ്‌നാട്ടിലെ പ്രശസ്ത നാടക ഗ്രൂപ്പായ കൂത്തു പട്ടരൈയിലൂടെയാണ് ഗുരു സോമസുന്ദരം അഭിനയജീവിതം ആരംഭിച്ചത്. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്‌തെങ്കിലും കരിയറില്‍ ബ്രേക്ക്ത്രൂവായത് ബേസില്‍ സംവിധാനം ചെയ്ത മിന്നല്‍ മുരളിയാണ്. ചിത്രത്തിലെ വില്ലന്‍ കഥാപാത്രം ഒരുപാട് ശ്രദ്ധ നേടിയിരുന്നു.
മിന്നല്‍ മുരളിക്ക് ശേഷവും നിരവധി ഗംഭീര വേഷങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. മലയാളത്തിലും തമിഴിലും കൈനിറയെ പ്രൊജക്ടുകളാണ് ഗുരു സോമസുന്ദരത്തിനുള്ളത്. കോമഡിയും വില്ലനിസവും ഒരുപോലെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ചുരുക്കം നടന്മാരില്‍ ഒരാള്‍ കൂടിയാണ് ഇദ്ദേഹം. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ഡിമോണ്ടി കോളനി 3 ആണ് ഗുരുവിന്റെ പുതിയ ചിത്രം.
രണ്ടാം ഭാഗത്തില്‍ ഒരുപാട് മിസ്റ്ററി നിറച്ച് അവതരിപ്പിച്ച ലൈബ്രേറിയനായാണ് മൂന്നാം ഭാഗത്തില്‍ ഗുരു പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ മേക്കിങ് വീഡിയോയിലെ ഏറ്റവും വലിയ ഹൈപ്പ് ഫാക്ടറും ഈ കഥാപാത്രമാണ്. ഡിമോണ്ടി കോളനിയിലേക്കെത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലേക്ക് തന്നെ വിളിച്ചിരുന്നു എന്ന് ഗുരു സോമസുന്ദരം പറഞ്ഞു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഡിമോണ്ടി കോളനി 2ല്‍ മുത്തുകുമാര്‍ ചെയ്ത റോളിലേക്കായിരുന്നു എന്നെ വിളിച്ചത്. ആ സമയത്ത് ഞാന്‍ കുറച്ച് ബിസിയായതുകൊണ്ട് ആ വേഷം ചെയ്യാന്‍ പറ്റിയില്ല. തേര്‍ഡ് പാര്‍ട്ട് ചെയ്തപ്പോള്‍ ഏറ്റവും ഇംപോര്‍ട്ടന്റായ റോള്‍ എനിക്ക് തന്നു. അത് കണ്ടിട്ട് മുത്തുകുമാര്‍ എന്നോട് ‘ഡേയ്, അവിടെ ചെറിയ വേഷം മിസ് ചെയ്തിട്ട് ഇവിടെ ഹെവി റോള്‍ തന്നെ കിട്ടി അല്ലേ’ എന്ന് ചോദിച്ചു.
സത്യം പറഞ്ഞാല്‍ അത് ഒരു ലോട്ടറിയാണ്. കാരണം, സെക്കന്‍ഡ് പാര്‍ട്ടിലെ വേഷം വലിയ ചലഞ്ചിങ്ങല്ലായിരുന്നു. അത് ചെയ്താലും സാധാരണ ഒരു ക്യാരക്ടര്‍, അത്രയേ ഉള്ളൂ. ഇത് എല്ലാവരും കാത്തിരിക്കുന്ന ഒരു ക്യാരക്ടറാണ്. അത് ചെയ്യാന്‍ പറ്റിയത് വലിയ കാര്യം. പിന്നെ, തമാശക്ക് ഒരു കാര്യം പറയാറുണ്ട്. എന്നെ കണ്ടാല്‍ ആര്‍ക്കും പേടിയില്ല. കുറച്ച് പേടിപ്പിക്കാമെന്ന് വിചാരിച്ച് ചെയ്തതാണ് ആ ക്യാരക്ടര്‍. നല്ല ചലഞ്ചിങ്ങായുള്ള റോളുകളിലൊന്നാണ് ലൈബ്രേറിയന്‍,’ ഗുരു സോമസുന്ദരം പറയുന്നു.
തമിഴില്‍ വലിയ ഫാന്‍ബേസുള്ള ചിത്രമാണ് ഡിമോണ്ടി കോളനി. 2017ല്‍ പുറത്തിറങ്ങിയ ആദ്യഭാഗവും ഏഴ് വര്‍ഷത്തിന് ശേഷം വന്ന രണ്ടാം ഭാഗവും മികച്ച എക്‌സ്പീരിയന്‍സായിരുന്നു സമ്മാനിച്ചത്. സെപ്റ്റംബര്‍ 10ന് ഡിമോണ്ടി കോളനി 3 തിയേറ്ററുകളിലെത്തുമെന്ന് അറിയിച്ചെങ്കിലും അവസാന നിമിഷം റിലീസ് മാറ്റുകയായിരുന്നു. ഈ വര്‍ഷം തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.
Content Highlight: Guru Somasundaram about his character in Demonte Colony 3 movie