| Tuesday, 26th May 2026, 11:35 am

30 ദിവസം പരോള്‍; ഗുര്‍മീത് വീണ്ടും പുറത്ത്: 6 വര്‍ഷത്തിനിടെ 16-ാം തവണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

രോഹ്തക്: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് രോഹ്തക്കിലെ സുനാരിയ ജയിലില്‍ കഴിയുന്ന സ്വയം പ്രഖ്യാപിത ആള്‍ ദൈവവും ദേര സച്ചാ സൗദ തലവനുമായ ഗുര്‍മീത് റാം റഹീമിന് വീണ്ടും പരോള്‍. 30 ദിവസത്തേക്കാണ് ഇത്തവണ ഗുര്‍മീതിന് പരോള്‍ ലഭിച്ചത്.

ഈവര്‍ഷം രണ്ടാം തവണയാണ് ഗുര്‍മീതിന് പരോള്‍ അനുവദിക്കുന്നത്. നേരത്തെ ജനുവരി അഞ്ചിന് ഇയാള്‍ക്ക് 40 ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു.

2017 ഓഗസ്റ്റില്‍ റജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസിലാണ് ദേര സച്ച സൗദ തലവന്‍ തടവില്‍ കഴിയുന്നത്. ശിഷ്യകളായിരുന്ന രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്തു എന്നതാണ് ഇയാള്‍ക്കെതിരായ കുറ്റം. പഞ്ച്കുളയിലെ സി.ബി.ഐ കോടതിയായിരുന്നു ബലാത്സംഗക്കേസില്‍ ഗുര്‍മീതിന് 20 വര്‍ഷം തടവ് ശിഷ വിധിച്ചത്.

പരോളിലിറങ്ങിയ ഗുര്‍മീത് സിര്‍സയിലുള്ള ദേര ആസ്ഥാനത്ത് തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജയിലില്‍ നിന്ന് ഗുര്‍മീത് വാഹനത്തില്‍ പുറത്തുപോകുന്നതിന്റെ ദൃശ്യം പി.ടി.ഐ വാര്‍ത്താ ഏജന്‍സി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

2020 മുതല്‍ ഇതുവരെ 16 തവണയാണ് ഗുര്‍മീതിന് പരോളും ഫര്‍ളോയും ലഭിച്ചത്. 2025 ഓഗസ്റ്റ് അഞ്ചിന് ഗുര്‍മീതിന് 40 ദിവസത്തെ പരോള്‍ ലഭിച്ചിരുന്നു. ഓഗസ്റ്റ് 15ന് ജന്മദിനം ആഘോഷിക്കുന്നതിനായിരുന്നു പരോള്‍. 2025 ജനുവരിയില്‍ 30 ദിവസം പരോളും ഏപ്രിലില്‍ 21 ദിവസം ഫര്‍ളോയും ലഭിച്ചു.

2024 ജനുവരിയില്‍ 50 ദിവസവും ഓഗസ്റ്റില്‍ 21 ദിവസവും ഒക്ടോബറില്‍ 20 ദിവസവും പരോള്‍, ഫര്‍ളോ എന്നിവ ഗുര്‍മീതിന് ലഭിച്ചു. 2023 നവംബറില്‍ 21 ദിവസവും ജൂലൈയില്‍ 30 ദിവസവും ജനുവരിയില്‍ 40 ദിവസവും ഗുര്‍മീത് പുറത്തു കഴിഞ്ഞു.

2022 ഫെബ്രുവരിയില്‍ 21 ദിവസത്തെ ഫര്‍ളോ പ്രകാരം ഗുര്‍മീത് പുറത്തിറങ്ങി. അതേവര്‍ഷം ജൂണില്‍ 30 ദിവസവും ഒക്ടോബറില്‍ 40 ദിവസവും പരോളില്‍ പുറത്തിറങ്ങി. 2021ല്‍ 12 മണിക്കൂര്‍ മാത്രമാണ് ഗുര്‍മീതിന് ജയില്‍ വാസത്തില്‍ നിന്ന് ഇളവ് ലഭിച്ചത്. മാതാവിനെ സന്ദര്‍ശിക്കുന്നതിനായിരുന്നു ഇത്. 2020 ഒക്ടോബറില്‍ ഒരു ദിവസവും ഗുര്‍മീതിന് ജയില്‍ വാസത്തില്‍ ഇളവ് ലഭിച്ചിരുന്നു.

ഗുര്‍മീതിനെ ഒരു കൊലപാതകക്കേസില്‍ ഈ വര്‍ഷം മാര്‍ച്ചില്‍ പഞ്ചാബ് – ഹരിയാന ഹൈക്കോടതി വെറുടെ വിട്ടിരുന്നു. 2022ല്‍ മാധ്യമപ്രവര്‍ത്തകന്‍ ചന്ദേര്‍ ഛത്രപതിയെ കൊലപ്പെടുത്തിയെന്ന കേസിലായിരുന്നു ഇത്. 2024 മേയില്‍ മറ്റൊരു കൊലക്കേസിലും ഗുര്‍മീതിനെ വെറുതെ വിട്ടിരുന്നു. 2022ല്‍ ദേര സച്ച സൗദ മാനേജര്‍ രഞ്ജിത് സിങ് കൊല്ലപ്പെട്ട കേസിലായിരുന്നു ഇത്.

ഹരിയാന സര്‍ക്കാരിന്റെ 2022ലെ നല്ല നടപ്പ് തടവുകാര്‍ക്കുള്ള (ടെംപററി റിലീസ്) നിയമം പ്രകാരമാണ് ഗുര്‍മീതിന് വര്‍ഷം 70 ദിവസം പരോളും 21 ദിവസം ഫര്‍ളോയും ലഭിക്കുന്നത്. അര്‍ഹരായ തടവുകാര്‍ക്ക് ഒരു വര്‍ഷം 70 ദിവസം വരെ പരോളും 21 ദിവസം ഫര്‍ളോയും അനുവദിക്കാന്‍ ഈ നിയമത്തില്‍ വ്യവസ്ഥയുണ്ട്.

2025 ജനുവരിയില്‍ ഗുര്‍മീതിന് പരോള്‍ നല്‍കിയത് ദല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ആയിരുന്നു. 2025 ഫെബ്രുവരി അഞ്ചിനായിരുന്നു ദല്‍ഹി നിയമസഭയിലേക്കുള്ള വോട്ടടെടുപ്പ്.

2024 ഒക്ടോബറില്‍ ഹരിയാന തെരഞ്ഞെടുപ്പ് കാലത്തായിരുന്നു ഗുര്‍മീതിന് പരോള്‍ ലഭിച്ചത്. 2024 ഒക്ടോബര്‍ അഞ്ചിനായിരുന്നു വോട്ടെടുപ്പ്. വൊട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പായിരുന്നു ഗുര്‍മീതിന് 20 ദിവസം പരോള്‍ ലഭിച്ചത്.

Content Highlight: Gurmeet Ram Rahim Singh gets 30-day parole: 16th since 2020

Latest Stories

We use cookies to give you the best possible experience. Learn more