| Wednesday, 9th September 2026, 3:24 pm

ഗുല്‍സാറിന്റെ മരണം: ചോദ്യം ചോദിക്കുന്നവരെ അടിച്ചമര്‍ത്തുന്നു; പഞ്ചാബ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

അഞ്ജു ചന്ദ്രന്‍

ചണ്ഡീഗഢ്: പഞ്ചാബില്‍ ലഹരി വ്യാപനത്തിനെതിരെ ചോദ്യം ചെയ്ത ഗുല്‍സാര്‍ സിങ്ങിന്റെ മരണത്തില്‍ സംസ്ഥാന ധനമന്ത്രി ഹര്‍പാല്‍ സിങ് ചീമയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ധനമന്ത്രി രാജിവെക്കണമെന്നും സംഭവത്തില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്. സര്‍ക്കാറിന്റെ പരാജയങ്ങളെ ചോദ്യം ചെയ്യുന്നവരെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്ന അപകടകരമായ പ്രവണത പഞ്ചാബില്‍ രൂപപ്പെടുകയാണെന്ന് അദ്ദേഹം എക്‌സ് പോസ്റ്റില്‍ കുറിച്ചു.

സംഗ്രൂരിലെ ഗുല്‍സാര്‍ സിംഗ് സെപ്റ്റംബര്‍ ആറിന് ഒരു പരിപാടിക്കിടെ ധനമന്ത്രി ഹര്‍പാല്‍ സിങ് ചീമയോട് പ്രദേശത്തെ ലഹരി വ്യാപനത്തെക്കുറിച്ച് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് മാപ്പുപറയാന്‍ സമ്മര്‍ദം ചെലുത്തുകയും അപമാനിക്കുകയും ചെയ്തതിനെ തുടര്‍ന്ന് വിഷം കഴിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

പിന്നീട് ചികിത്സയ്ക്കിടെ അദ്ദേഹം മരിക്കുകയായിരുന്നു. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.

‘ ദളിത് സമുദായത്തില്‍ നിന്നുള്ള ഗുല്‍സാര്‍ സിങ് തന്റെ മകന്‍ മയക്കുമരുന്നിന് ഇരയാകുന്നത് കാണേണ്ടി വന്നപ്പോള്‍ ധനമന്ത്രിയോട് ചോദിച്ചത് ഇത്രമാത്രം, മയക്കുമരുന്ന് തടയുന്നതില്‍ സര്‍ക്കാര്‍ ഇത്ര ദയനീയമായി പരാജയപ്പെടുന്നത് എന്തുകൊണ്ട്… ഇതിനായി അദ്ദേഹത്തെ വളരെയധികം പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തു.

ക്ഷമ ചോദിക്കാന്‍ തീവ്രമായ സമ്മര്‍ദം ചെലുത്തി. തുടര്‍ന്ന് അദ്ദേഹം വിഷം കഴിച്ചു. ചികിത്സ ലഭിക്കാതെ ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊന്നിലേക്ക് അലഞ്ഞ് നടന്ന് അവസാനം ജീവിതത്തിനായുള്ള പോരാട്ടത്തില്‍ അദ്ദേഹം പരാജയപ്പെട്ടു,’ രാഹുല്‍ പോസ്റ്റില്‍ പറഞ്ഞു.

സംഭവത്തില്‍ പഞ്ചാബ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ദേശീയ പട്ടികജാതി കമ്മീഷനും ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ച് ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും കമ്മീഷന്‍ നിര്‍ദേശിച്ചു. കമ്മീഷന്‍ അധ്യക്ഷന്‍ സെപ്റ്റംബര്‍ 10ന് സംഗ്‌റൂര്‍ സന്ദര്‍ശിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlights:  Gulzar’s death: Those who ask questions are being suppressed; Rahul Gandhi demands Punjab Minister’s resignation.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more