| Wednesday, 5th February 2025, 1:27 pm

ഇന്ത്യക്കെതിരായ മത്സരങ്ങളേക്കാള്‍ വാശിയേറിയത് അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്‍ മത്സരങ്ങള്‍; വ്യക്തമാക്കി ഗുല്‍ബദീന്‍ നായിബ്

സ്പോര്‍ട്സ് ഡെസ്‌ക്

മികച്ച പ്രകടനങ്ങളിലൂടെ ക്രിക്കറ്റ് ലോകത്തെ ശക്തരായ ടീമുകളിലൊന്നായി സ്വയം അടയാളപ്പെടുത്തുകയാണ് അഫ്ഗാനിസ്ഥാന്‍. 2023 ഏകദിന ലോകകപ്പിലും 2024 ടി-20 ലോകകപ്പിലുമായി മികച്ച പ്രകടനം പുറത്തെടുത്ത അഫ്ഗാന്‍ സിംഹങ്ങള്‍ ഇപ്പോള്‍ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കൊരുങ്ങുകയാണ്.

ചാമ്പ്യന്‍സ് ലീഗിന് മുന്നോടിയായി തങ്ങളും പാകിസ്ഥാനും തമ്മിലുള്ള റൈവല്‍റിയെ കുറിച്ച് സംസാരിക്കുകയാണ് അഫ്ഗാന്‍ സൂപ്പര്‍ താരം ഗുല്‍ബദീന്‍ നായിബ്. ക്രിക്ട്രാക്കറിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മത്സരങ്ങളാണോ അതോ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മത്സരങ്ങളാണോ ഏറ്റവും വാശിയേറിയത് എന്ന ചോദ്യവും അഭിമുഖത്തിലുണ്ടായിരുന്നു. ഈ ചോദ്യത്തിന് അഫ്ഗാന്‍ താരം പറഞ്ഞ മറുപടിയാണ് ചര്‍ച്ചയാകുന്നത്.

‘ഇത് അല്‍പം ബുദ്ധിമുട്ടേറിയ ചോദ്യമാണ്. കാരണം ഞങ്ങള്‍ പാകിസ്ഥാനെതിരെ കളിക്കുന്നത് കാണാന്‍ ആളുകള്‍ ഇഷ്ടപ്പെടുന്നു. അവര്‍ക്കെതിരെ കളിക്കുന്നത് ഞങ്ങള്‍ എല്ലായ്‌പ്പോഴും ആസ്വദിക്കുന്നു. അവര്‍ ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെടുന്ന രാജ്യമാണ്.

ഇന്ത്യക്കെതിരെ കളിക്കുന്നതും ഞങ്ങള്‍ ഇഷ്ടപ്പെടുന്നു. കാരണം പാകിസ്ഥാനും ഇന്ത്യയും ക്രിക്കറ്റ് നേഷനുകളാണ്, ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെടുന്നവരാണ് അവിടെയുള്ളത്.

ഇന്ത്യയില്‍ കഴിഞ്ഞ ടി-20 പരമ്പര കളിക്കാന്‍ പോയപ്പോള്‍ അവിടെയെത്തിയ കാണികളെ കണ്ട് ഞങ്ങള്‍ അവരുടെ ഹോം ഗ്രൗണ്ടിലാണ് കളിക്കുന്നത് എന്ന് വിശ്വസിക്കാന്‍ പോലും സാധിച്ചിരുന്നില്ല.

ഞങ്ങള്‍ പാകിസ്ഥാനില്‍ കളിക്കുമ്പോഴും അതല്ല പാകിസ്ഥാനെതിരെ ദുബായില്‍ കളിക്കുമ്പോഴും അവര്‍ ഏറെ ആസ്വദിക്കുന്നു. ആരാധകര്‍ ആവേശത്തിലാകുന്നു. അവര്‍ക്ക് ഇതുപോലുള്ള കൂടുതല്‍ മത്സരങ്ങള്‍ കാണാന്‍ സാധിക്കുന്നു. കൂടാതെ അവര്‍ ക്രിക്കറ്റിനെ ഒരുപാട് സ്‌നേഹിക്കുന്നവരുമാണ്,

വലിയ ടീമുകള്‍ക്കെതിരെ കളിക്കാനാണ് ഞങ്ങള്‍ താത്പര്യപ്പെടുന്നത്. കാരണം ഞങ്ങള്‍ എത്രത്തോളം കൂടുതല്‍ കളിക്കുന്നുവോ അത് താരങ്ങളെ സംബന്ധിച്ച് ഏറെ മികച്ചതാണ്. ഇതുകൊണ്ടുതന്നെ പാകിസ്ഥാനെതിരെ കളിക്കാനാണ് ഞങ്ങള്‍ക്കിഷ്ടമെന്നാണ് ഞാന്‍ കരുതുന്നത്,’ നായിബ് പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് ബി-യിലാണ് അഫ്ഗാനിസ്ഥാന്‍ ഇടം നേടിയിരിക്കുന്നത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരെ കളിക്കണമെങ്കില്‍ ഗ്രൂപ്പ് ബി-യില്‍ നിന്ന് അഫ്ഗാനിസ്ഥാനും ഗ്രൂപ്പ് എ-യില്‍ നിന്ന് പാകിസ്ഥാനും മുമ്പോട്ട് കുതിക്കണം. എന്നാല്‍ ഓസീസും പ്രോട്ടിയാസും ഇംഗ്ലണ്ടുമുള്ള ഗ്രൂപ്പില്‍ നിന്ന് അഫ്ഗാന്‍ സെമിയിലെത്തണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.

ഫെബ്രുവരി 21നാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ അഫ്ഗാനിസ്ഥാന്റെ ആദ്യ മത്സരം. കറാച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയാണ് എതിരാളികള്‍.

Content Highlight: Gulbadin Naib about Afghanistan vs Pakistan rivalry

We use cookies to give you the best possible experience. Learn more