| Thursday, 5th November 2026, 6:27 pm

ഗുജറാത്തിന് മുന്നില്‍ മുട്ടുമടക്കി കേരളം: ഇന്നിങ്‌സ് തോല്‍വി

ദേവിക ജയചന്ദ്രന്‍

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ഇന്നിങ്‌സ് തോല്‍വി. ഗുജറാത്തിനോട് ഫോളോ ഓണ്‍ വഴങ്ങിയ കേരളം ഇന്നിങ്‌സിനും 58 റണ്‍സിനും തോല്‍ക്കുകയായിരുന്നു.

ഫോളോ ഓണ്‍ വഴങ്ങി 41/1 എന്ന് നിലയില്‍ നാലാം ദിവസം കളി ആരംഭിച്ച കേരളത്തിന് ആദ്യ ഓവറില്‍ തന്നെ അഭിഷേക് പി. നായരുടെ വിക്കറ്റ് നഷ്ടമായി. പിന്നാലെ വരുണ്‍ നായനാരെയും നഷ്ടപ്പെട്ട കേരളത്തിന് വേണ്ടി നാലാം വിക്കറ്റില്‍ വിഷ്ണു വിനോദും മുഹമ്മദ് അസ്ഹറുദ്ദീനും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ലഞ്ചിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റിന് 121 റണ്‍സ് എന്ന നിലയിലായിരുന്നു കേരളം.

എന്നാല്‍ കളി പുനരാരംഭിച്ചതിന് പിന്നാലെ വിഷ്ണു വിനോദ് പുറത്തായി. അസ്ഹറുദ്ദീന്‍ നാല് റണ്‍സിന് റണ്ണൗട്ടായതോടെ 141/5എന്ന നിലയിലായി. സച്ചിന്‍ ബേബിയും ആദിത്യ സര്‍വാതെയും ചേര്‍ന്ന് പൊരുതാന്‍ ശ്രമിച്ചെങ്കിലും അമ്പത് റണ്‍സിനിടെ ശേഷിച്ച അഞ്ച് വിക്കറ്റും നഷ്ടപ്പെട്ട് കേരളം കീഴടങ്ങുകയായിരുന്നു.

52 റണ്‍സെടുത്ത സച്ചിന്‍ ബേബിയാണ് രണ്ടാമിന്നിങ്‌സില്‍ കേരളത്തിന്റെ ടോപ് സ്‌കോറര്‍. വിഷ്ണു വിനോദ് 39ഉം ആദിത്യ സര്‍വാതെ 24 റണ്‍സും നേടി.

രണ്ട് ഇന്നിങ്‌സിലുമായി എട്ട് വിക്കറ്റെടുത്ത അര്‍സാന്‍ നാഗ്വാസ്വല്ല ആണ് കേരളത്തെ തകര്‍ത്തത്.

ആദ്യ ഇന്നിങ്‌സില്‍ ഇരട്ടസെഞ്ച്വറി നേടിയ ഉര്‍വില്‍ പട്ടേലിന്റെ മികവില്‍ ഗുജറാത്ത് 534 റണ്‍സിന് റിട്ടയര്‍ ചെയ്തു. 210 നേടി പുറത്താവാതെ നിന്ന ഉര്‍വില്‍ പട്ടേലിന് പുറമെ ആര്യ ദേശായ് 95 റണ്‍സും വിശാല്‍ ജയ്‌സ്വാള്‍ 77 റണ്‍സും നേടി.

കേരളത്തിന് വേണ്ടി ബേസില്‍ എന്‍. മൂന്ന് വിക്കറ്റും ആദിത്യ സര്‍വാതെ രണ്ട് വിക്കറ്റും നേടി.

കേരളം ആദ്യ ഇന്നിങ്‌സില്‍ 279 റണ്‍സിന് ഓള്‍ ഔട്ടായി. 66 റണ്‍സെടുത്ത സച്ചിന്‍ ബേബി ആയിരുന്നു കേരളത്തിന്റെ ടോപ് സ്‌കോറര്‍. ആദിത്യ സര്‍വാതെ 58 റണ്‍സും മുഹമ്മദ് അസ്ഹറുദ്ദീന്‍ 57 റണ്‍സും സച്ചിന്‍ ബേബി 42 റണ്‍സും നേടി.

കഴിഞ്ഞ ഗ്രൂപ്പ് മത്സരത്തില്‍ കേരളം ബംഗാളിനോട് 287 റണ്‍സിന് പരാജയപ്പെട്ടിരുന്നു.

Content Highlight: Gujrat defeats Keralam for innings in Ranji trophy cricket group match.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more