| Monday, 10th November 2025, 10:13 pm

ബജറ്റിന്റെ അറുപതിരട്ടി കളക്ഷന്‍, ഈ വര്‍ഷത്തെ ഞെട്ടിക്കുന്ന വിജയമായി ഗുജറാത്തി ചിത്രം ലാലോ കൃഷ്ണ സദാ സഹായതേ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബുക്ക്‌മൈഷോയിലും ബോക്‌സ് ഓഫീസിലും ഒരുപോലെ ഞെട്ടിച്ച് വിജയമായ ഗുജറാത്തി ചിത്രമാണ് സിനിമാപ്രേമികള്‍ക്കിടയിലെ ചര്‍ച്ചാവിഷയം. ലാലോ കൃഷ്ണ സദാ സഹായതേ എന്ന ചിത്രം റെക്കോഡ് കളക്ഷനാണ് നേടിയത്. ഒക്ടോബര്‍ 10ന് റിലീസ് ചെയ്ത ചിത്രം വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ബോക്‌സ് ഓഫീസില്‍ ഇതിനോടകം 30 കോടി സ്വന്തമാക്കി.

കളക്ഷനെക്കാളേറെ പലരെയും അത്ഭുതപ്പെടുത്തിയത് ചിത്രത്തിന്റെ ബജറ്റാണ്. വെറും 50 ലക്ഷത്തിനാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ബജറ്റിന്റെ അറുപതിരട്ടിയിലേറെ നേടിയ ചിത്രം ബോക്‌സ് ഓഫീസില്‍ ഇനിയും മുന്നേറുമെന്നാണ് കരുതുന്നത്. ഈ വര്‍ഷത്തെ ഏറ്റവും സര്‍പ്രൈസിങ്ങായിട്ടുള്ള വിജയങ്ങളിലൊന്നായാണ് ഈ ചിത്രത്തെ കണക്കാക്കുന്നത്.

അങ്കിത് സാഖിയ സംവിധാനം ചെയ്ത ചിത്രം ഫീല്‍ ഗുഡ് ഡിവോഷണല്‍ ഴോണറിലാണ് ഒരുങ്ങിയത്. സാധാരണക്കാരനായ ഓട്ടോ ഡ്രൈവര്‍ ഒരു വലിയ വീട്ടില്‍ ഒറ്റപ്പെടുകയും അയാള്‍ക്ക് ദൈവത്തിന്റെ ദര്‍ശനം ലഭിക്കുന്നതുമാണ് ചിത്രത്തിന്റെ കഥ. ഗുജറാത്തിന് പുറത്ത് കുറച്ച് സ്‌ക്രീനുകളില്‍ മാത്രം റിലീസ് ചെയ്ത ചിത്രം കൂടുതല്‍ തിയേറ്ററുകളിലേക്ക് വ്യാപിക്കുകയായിരുന്നു.

ബുക്ക്‌മൈഷോയില്‍ ഇതിനോടകം ഒരുലക്ഷത്തിലധികം ടിക്കറ്റുകള്‍ ചിത്രത്തിന്റേതായി വിറ്റഴിക്കപ്പെട്ടു. മുംബൈ, ദല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ ചിത്രത്തിന് വന്‍ ഡിമാന്‍ഡാണ്. ഗുജറാത്തി സിനിമയിലെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി ലാലോ കൃഷ്ണ സദാ സഹായതേ മാറുമെന്നാണ് പലരും വിലയിരുത്തുന്നത്.

ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഫീല്‍ ഗുഡ് സിനിമയാണിതെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ബോളിവുഡ് ചിത്രങ്ങളായ ഓ മൈ ഗോഡ്, ട്രാപ്പ്ഡ് എന്നിവയുടെ കഥകള്‍ മിക്‌സ് ചെയ്ത് ഒരുക്കിയ ചിത്രമാണ് ലാലോ കൃഷ്ണ സദാ സഹായതേ എന്ന് ചിലര്‍ ആരോപിക്കുന്നു. എന്തൊക്കായായാലും ഒരു കൊച്ചു സിനിമയുടെ വലിയ വിജയമാണ് സോഷ്യല്‍ മീഡിയയിലെ സംസാരവിഷയം.

Content Highlight: Gujarati movie Laalo Krishna Sada Sahayate made history in box office collection

We use cookies to give you the best possible experience. Learn more