| Wednesday, 17th April 2013, 2:00 am

ഗുജറാത്ത് കലാപം: കോട്‌നാനിക്ക് വധശിക്ഷ നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാറിന്റെ അംഗീകാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തില്‍ കുറ്റവാളിയായ മുന്‍ മന്ത്രി മായ കോട്‌നാനിക്ക് വധശിക്ഷ നല്‍കണമെന്ന പ്രത്യേക അന്വേഷണ കമ്മീഷന്റെ ആവശ്യം ഗുജറാത്ത് സര്‍ക്കാര്‍ അംഗീകരിച്ചു.[]

കോട്‌നാനിക്ക് പുറമേ ബജ്‌റങ്ക് ദള്‍ നേതാവ് ബാബു ബജ്‌റങ്കിക്കും മറ്റ് എട്ട് പേര്‍ക്കും വധശിക്ഷ നല്‍കണമെന്ന അന്വേഷണ കമ്മീഷന്റെ ആവശ്യമാണ് അംഗീകരിച്ചിരിക്കുന്നത്.

2002ല്‍ ഗുജറാത്ത് കൂട്ടക്കൊലയ്ക്കിടെ നരോദാ പാട്യ കൂട്ടക്കൊല കേസിലാണ് മായ കോട്‌നാനിയും ബാബു ബജ്‌രംഗിയും ഉള്‍പ്പെടെ പത്ത് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് എസ്‌ഐടി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്.

ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട നരോദ പാട്യ കൂട്ടക്കൊലയില്‍ ബി.ജെ.പി. എം.എല്‍.എയും മുന്‍ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയുമായ മായാ കോട്‌നാനിക്ക് 21 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. അഹമ്മദാബാദ് പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ബജ്‌രംഗ് ദള്‍ നേതാവ് ബാബു ബജ്‌രംഗിക്ക് മരണം വരെ തടവ് ശിക്ഷയും കോടതി വിധിച്ചിരുന്നു.

പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി) അന്വേഷിച്ച ഒമ്പതു കലാപക്കേസുകളില്‍ കുറ്റക്കാരിയാകുന്ന ആദ്യ വനിതയാണ് കോട്‌നാനി.
മൂന്നു തവണ നരോദ മേഖലയിലെ എം.എല്‍.എ ആയിരുന്നു കോട്‌നാനി.

2002 ഫെബ്രുവരി 27 ന് ഗോധ്ര സംഭവത്തിന്റെ തൊട്ടടുത്ത ദിവസം വിശ്വ ഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത ബന്ദിലാണു നരോദ പാട്യയില്‍ കൂട്ടക്കൊല നടന്നത്. കലാപത്തില്‍ 97 പേര്‍ മരിക്കുകയും 33 പേര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

നരോദയിലെ എം.എല്‍.എയും നരേന്ദ്ര മോഡി മന്ത്രിസഭയിലെ മുന്‍ മന്ത്രിയുമായ കോട്‌നാനി, വി.എച്ച്.പി മുന്‍ നേതാവ് ബാബു ബജ്‌രംഗി, പ്രാദേശിക ബി.ജെ.പി നേതാക്കളായ ബിപിന്‍ പഞ്ചല്‍, കിഷന്‍ കോറാനി, അശോക് സിന്ധി തുടങ്ങിയവരാണ് കേസിലെ മുഖ്യപ്രതികള്‍. 62 പേരെ പ്രതിചേര്‍ത്ത് 2009 ഓഗസ്റ്റിലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

46 പേരെയാണ് കൂട്ടക്കൊലയെത്തുടര്‍ന്ന് ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തത്. 2008ല്‍ സുപ്രീംകോടതി കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. 24 പേരെ എ.സ്.ഐ.ടിയും അറസ്റ്റ് ചെയ്തു. മൊത്തം 70 പേരാണു കേസില്‍ അറസ്റ്റിലായത്.

കലാപകാരികള്‍ക്ക് മണ്ണെണ്ണയും വാളുകളും എത്തിച്ചുനല്‍കിയതു കോട്‌നാനിയും ബംജ്‌രംഗിയും ചേര്‍ന്നാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

അവരെ കൊന്നപ്പോള്‍ മഹാറാണാ പ്രതാപ് ആണെന്ന് തോന്നി: ബാബു ബജ്‌റംഗി

(ബാബു ബജ്‌റംഗിയുമായി തെഹല്‍ക നടത്തിയ അഭിമുഖം..)

Latest Stories

We use cookies to give you the best possible experience. Learn more