| Friday, 13th June 2025, 9:17 am

ഗുജറാത്ത് ദുരന്തം; അഹമ്മദാബാദിലെത്തി പ്രധാനമന്ത്രി, വിദ്ഗധ സമിതി രൂപീകരിക്കുമെന്ന് വ്യോമയാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാന്ധിനഗര്‍: ഗുജറാത്തില്‍ വിമാനം തകര്‍ന്നുവീണ് 200ലധികം പേരുടെ മരണത്തിനിടയായ അഹമ്മദാബാദിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.വിമാനം തകര്‍ന്നുവീണ സ്ഥലത്ത് 15 മിനിറ്റോളം ചെലവഴിച്ച പ്രധാനമന്ത്രി ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്തു.

പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന സിവില്‍ ആശുപത്രിയിലും അദ്ദേഹമെത്തി. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഏക യാത്രികനായ വിശ്വാസ് കുമാര്‍ രമേശനെയും പ്രധാനമന്ത്രി കാണും. ഇതിനുശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ പങ്കെടുക്കുന്ന അവലോകന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തും.

എയര്‍ ഇന്ത്യ എം.ഡിയും സി.ഇ.ഒയുമായ കാംബെല്‍ വില്‍സണും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. വിദഗ്ധ സമിതി രൂപീകരിച്ച് അപകടത്തിന്റെ കാരണം പരിശോധിക്കുമെന്ന് വ്യോമയാന മന്ത്രി അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉടൻ അഹമ്മദാബാദിലെത്തും. അമിത് ഷാ ഇന്നലെ (വ്യാഴം) അപകടസ്ഥലം സന്ദർശിച്ചിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് 1.30 യോടെ ടേക്ക് ഓഫ് ചെയ്ത് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനമാണ് രണ്ട് മിനുറ്റിനുള്ളില്‍ തീഗോളമായി മാറിയത്. എയര്‍ ഇന്ത്യ ബോയിങ് ഡ്രീംലൈനര്‍ 787 വിമാനമാണ് തകര്‍ന്ന് വീണത്. തകര്‍ന്നുവീണ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിട്ടുണ്ട്. രണ്ടാമത്തെ ബ്ലാക്ക് ബോക്സിനായുള്ള തിരച്ചില്‍ തുടരുകയാണ്.

നിലവില്‍ വിമാനാപകടത്തിലെ മരണസംഖ്യ 290 കടന്നതായാണ് വിവരം. 265 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. വിമാനയാത്രക്കാരായ 241 പേരും പ്രദേശവാസികളായ 24 പേരുമാണ് മരിച്ചത്. മരിച്ചവരില്‍ വിമാനം ഇടിച്ചിറങ്ങിയ ബി.ജെ കോളേജ് ഹോസ്റ്റലിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു.

മരിച്ച യാത്രക്കാരെ തിരിച്ചറിയുന്നതിനുള്ള ഡി.എന്‍.എ സാമ്പിളുകളുടെ ശേഖരണം അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ തുടരുകയാണ്. അപകടത്തില്‍ മരണപ്പെട്ട മലയാളി രഞ്ജിതയുടെ സഹോദരന്‍ രതീഷും ഡി.എന്‍.എ പരിശോധനയ്ക്ക് വേണ്ടി അഹമ്മദാബാദിലെത്തും

അപകടത്തില്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോ പ്രാഥമിക അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ ഇന്ത്യക്കൊപ്പം സഹകരിക്കുമെന്ന് അമേരിക്കയും ബ്രിട്ടനും അറിയിച്ചു.

അപകടം വിലയിരുത്താന്‍ ഇരുരാജ്യങ്ങളും ഇന്ത്യയിലേക്ക് അന്വേഷണ സംഘങ്ങളെ അയക്കുമെന്ന് അറിയിച്ചു. നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അന്വേഷണ സംഘത്തെ അയക്കുമെന്നാണ് യു.എസ് അറിയിച്ചിരിക്കുന്നത്.

Content Highlight: Gujarat tragedy; PM arrives in Ahmedabad

We use cookies to give you the best possible experience. Learn more