| Sunday, 5th October 2025, 4:35 pm

ഒന്നല്ല, രണ്ട് തവണ; രോഹിത്തിന് ചെക്ക് വെച്ച് ടൈറ്റന്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

രോഹിത് ശര്‍മയെയും വിരാട് കോഹ്‌ലിയെയും വീണ്ടും കളിക്കളത്തില്‍ കാണാമെന്ന ആഗ്രഹത്തോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടീമിനെ കാത്തിരുന്നത്. എന്നാല്‍, അവര്‍ക്ക് മുന്നില്‍ അപ്രതീക്ഷിതമായി എത്തിയത് ഏകദിന ടീമിന്റെ ക്യാപ്റ്റന്‍സി മാറ്റമായിരുന്നു. കഴിഞ്ഞ ദിവസം ബി.സി.സി.ഐ സ്‌ക്വാഡ് പുറത്ത് വിട്ടപ്പോള്‍ ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലാണ് എത്തിയത്.

ഇത് ഇന്ത്യന്‍ ടീമിലെ തലമുറ മാറ്റത്തിനെയാണ് ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ടെസ്റ്റ് ക്രിക്കറ്റിലും ഗില്‍ ക്യാപ്റ്റന്‍സി ഏറ്റെടുത്തിരുന്നു. എന്നാല്‍, അത് രോഹിത് ഈ ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷമായിരുന്നു. ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നയിച്ചതിന്റെ അനുഭവ സമ്പത്ത് വെച്ചാണ് താരം ഇരു ഫോര്‍മാറ്റിലും ക്യാപ്റ്റന്‍സി ഏറ്റെടുത്തത്.

ഇത് രണ്ടാം തവണയാണ് രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്ക് ഗുജറാത്ത് ടൈറ്റന്‍സ് ചെക്ക് വെക്കുന്നത്. മുമ്പ് ഐ.പി.എല്ലിലും ഇപ്പോളിതാ ഏകദിനത്തിലുമാണ് ടൈറ്റന്‍സ് താരത്തെ ക്യാപ്റ്റന്‍സി സ്ഥാനത്ത് നിന്ന് താഴെ ഇറക്കുന്നത്.

2024ലെ ഐ.പി.എല്ലിലാണ് ഹര്‍ദിക് പാണ്ഡ്യ രോഹിത്തില്‍ നിന്ന് മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനായിരിക്കെയായിരുന്നു അന്ന് ഹാര്‍ദിക്കിന്റെ അപ്രതീക്ഷിത കൂടുമാറ്റവും ക്യാപ്റ്റന്‍സി ഏറ്റെടുക്കലും.

2022 ഐ.പി.എല്ലിന് മുമ്പ് ഗുജറാത്തിലേക്ക് ചേക്കേറി രണ്ട് സീസണ്‍ ടീമിനെ നയിച്ചതിന് ശേഷമാണ് താരം വീണ്ടും ടീമിലേക്ക് തിരിച്ചെത്തിയത്. പിന്നാലെ രോഹിത്തിനെ മാറ്റി ക്യാപ്റ്റനാവുകയും ചെയ്തു.

ഹര്‍ദിക് ടൈറ്റന്‍സ് വിട്ടതോടെയാണ് ഗില്‍ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തത്. കഴിഞ്ഞ രണ്ട് സീസണുകളില്‍ ടീമിനെ മികച്ച രീതിയില്‍ നയിക്കുകയും ചെയ്തു. ഏറെ വൈകാതെ, ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനാവുകയും ചെയ്തു.

ഇപ്പോള്‍ ഏകദിന ടീമിന്റെ ബാറ്റണ്‍ കൂടി താരത്തിന്റെ കൈവശമെത്തിയിരിക്കുന്നു. അതോടെ രണ്ടിടത്ത് രോഹിത്തിന് ഗുജറാത്ത് താരങ്ങളാല്‍ നായക സ്ഥാനമൊഴിയേണ്ടി വന്നു.

ഈ രണ്ട് സന്ദര്‍ഭങ്ങളിലും ക്യാപ്റ്റനായി മികച്ച പ്രകടങ്ങള്‍ നടത്തികൊണ്ടിരിക്കെയാണ് രോഹിത്തിന് നായകസ്ഥാനം നഷ്ടമായത്. ഐ.പി.എല്‍ മുംബൈയുടെ അഞ്ച് കിരീടങ്ങളും നേടി കൊടുത്ത ക്യാപ്റ്റനാണ് രോഹിത്. ഇന്ന് ടീമിനുള്ള പേരും പെരുമയുമെല്ലാം താരത്തിന്റെ ക്യാപ്റ്റന്‍സിയിലാണ് ഉടലെടുത്തത്.

ഇന്ത്യന്‍ ടീമിലും സ്ഥിതി വ്യത്യസ്തമല്ല, ടീമിനായി ചാമ്പ്യന്‍സ് ട്രോഫി നേടികൊടുത്തതിന് ശേഷമാണ് രോഹിത് ഈ സ്ഥാനമൊഴിയുന്നത്. ക്യാപ്റ്റനായി മാത്രമല്ല, ബാറ്ററായും ഏകദിനത്തില്‍ താരം മികവ് തെളിച്ചിരിക്കെ തന്നെയാണ് ഈ ക്യാപ്റ്റന്‍സി മാറ്റവും നടക്കുന്നത്.

Content Highlight: Two Gujarat Titans players Shubhman Gill and Hardik Pandya replaced Rohit Sharma captaincy in ODI cricket and IPL respectively

We use cookies to give you the best possible experience. Learn more