ഐ.പി.എല്ലില്‍ തനിക്ക് ആരോടും ഒന്നും തെളിയിക്കേണ്ടതില്ലെന്നും ഒരു ടീമെന്ന നിലയില്‍ ഗുജറാത്ത് ടൈറ്റന്‍സ് മികച്ച പ്രകടനം കാഴ്ചവെച്ചെന്നും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍. ഇനിയും തന്റെ കഴിവ് തെളിയിക്കേണ്ടതില്ലെന്നും ട്രോഫി നേടുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും ഗില്‍ പറഞ്ഞു.
‘എനിക്ക് ആരോടും ഒന്നും തെളിയിക്കേണ്ടതില്ല. കഴിഞ്ഞ മൂന്നോ നാലോ ഐ.പി.എല്‍ സീസണുകള്‍ എനിക്ക് കൂടുതല്‍ റണ്‍സ് നേടാന്‍ സാധിച്ചു. ഈ സീസണിലും എനിക്ക് തെളിയിക്കാന്‍ ഒന്നുമില്ല. ഒരു ടീം എന്ന നിലയില്‍ ഗുജറാത്ത് ടൈറ്റന്‍സ് മികച്ച പ്രകടനം കാഴ്ചവെച്ചു.
ഗുജറാത്ത് ടൈറ്റന്‍സ്
ഒരു ബാറ്റര്‍ എന്ന നിലയില്‍ ഞാന്‍ എന്റെ പരമാവധി നല്‍കിയിട്ടുണ്ട്. ഇനിയും എന്റെ കഴിവ് തെളിയിക്കേണ്ടതില്ല. വര്‍ഷങ്ങളായി ഞാന്‍ ചെയ്തുവരുന്ന കാര്യങ്ങള്‍ തുടര്‍ന്നും ചെയ്‌തേ മതിയാകൂ. ട്രോഫി നേടുമെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്,’ ഗില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഐ.പി.എല്ലില്‍ ഇതുവരെ 115 ഇന്നിങ്സില്‍ നിന്ന് 3866 റണ്‍സ് നേടാന്‍ ഗില്ലിന് സാധിച്ചിട്ടുണ്ട്. 129 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ ഉള്‍പ്പെടെ 39.5 എന്ന മികച്ച ആവറേജിലാണ് താരത്തിന്റെ റണ്‍ വേട്ട. 138.7 എന്ന സ്ട്രൈക്ക് റേറ്റാണ് ഐ.പി.എല്ലില്‍ താരത്തിനുള്ളത്. ടൂര്‍ണമെന്റില്‍ നാല് സെഞ്ച്വറികള്‍ താരം നേടിയിട്ടുണ്ട്. 26 അര്‍ധ സെഞ്ച്വറിയും ഗില്ലിന്റെ പോക്കറ്റിലുണ്ട്.
2024ല്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനായി ചുമതലയേറ്റ താരത്തെ 16.5 കോടിക്കാണ് ഫ്രാഞ്ചൈസി ഈ സീസണില്‍ നിലനിര്‍ത്തിയത്. കഴിഞ്ഞ സീസണില്‍ ഗുജറാത്തിനെ പ്ലേ ഓഫില്‍ എത്തിച്ച ഗില്‍ സീസണില്‍ 650 റണ്‍സ് നേടിയിരുന്നു.
അതേസമയം അന്താരാഷ്ട്ര ടി-20 മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് വേണ്ടി 36 ഇന്നിങ്സില്‍ നിന്ന് 869 റണ്‍സാണ് ഗില്‍ നേടിയത്. 126* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 28.0 എന്ന ആവറേജും 138.6 എന്ന സ്ട്രൈക്ക് റേറ്റുമാണ് ഫോര്‍മാറ്റില്‍ താരത്തിനുള്ളത്.