| Thursday, 30th April 2026, 11:31 pm

ആദ്യം എറിഞ്ഞു വീഴ്ത്തി, പിന്നെ അടിച്ചു വീഴ്ത്തി; ബെംഗളൂരുവിനെ തരിപ്പണമാക്കി ഗുജറാത്ത്

സുദേവ് എ

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് മൂന്നാം തോല്‍വി. ഗുജറാത്ത് ടൈറ്റന്‍സ് നാല് വിക്കറ്റുകള്‍ക്കാണ് ആര്‍.സി.ബിയെ കീഴടക്കിയത്. ഗുജറാത്തിന്റെ സീസണിലെ അഞ്ചാം വിജയമാണിത്. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റെടുത്ത ആര്‍.സി.ബി 19.2 ഓവറില്‍ ഓള്‍ ഔട്ടാവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്ന ടൈറ്റന്‍സ് നാല് വിക്കറ്റുകളും 25 പന്തുകളും ബാക്കിനില്‍ക്കെ ലക്ഷ്യം മറികടന്നു.

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും ജോസ് ബട്‌ലറിന്റെയും തകര്‍പ്പന്‍ പ്രകടനമാണ് ഗുജറാത്തിനെ വിജയത്തിലെത്തിച്ചത്. ഗില്‍ 18 പന്തില്‍ നാല് ഫോറുകളും മൂന്ന് സിക്‌സുകളും അടക്കം 43 റണ്‍സ് നേടിയാണ് തിളങ്ങിയത്. ബട്‌ലര്‍ 19 പന്തില്‍ 39 റണ്‍സും അടിച്ചെടുത്തു. രണ്ട് ഫോറുകളും നാല് കൂറ്റന്‍ സിക്‌സുകളുമാണ് ഇംഗ്ലണ്ട് താരം നേടിയത്. അവസാന ഘട്ടത്തില്‍ രാഹുല്‍ തിവാട്ടിയയും തകര്‍ത്തടിച്ചതോടെ ഗുജറാത്ത് വിജയം അനായാസമാക്കി. 17 പന്തില്‍ പുറത്താവാതെ 27 റണ്‍സാണ് താരം നേടിയത്.

ഗുജറാത്തിന്റെ ബൗളിങ് നിരയില്‍ അര്‍ഷാദ് ഖാന്‍ മൂന്ന് വിക്കറ്റും റാഷിദ് ഖാന്‍, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും നേടിയപ്പോള്‍ ആര്‍.സി.ബി ബാറ്റിങ് നിര തകരുകയായിരുന്നു. കഗിസോ റബാദ, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും കൈപ്പിടിയിലാക്കി.

ദേവ്ദത്ത് പടിക്കലാണ് ബെംഗളൂരുവിന്റെ ടോപ് സ്‌കോറര്‍. 26 പന്തില്‍ 40 റണ്‍സാണ് പടിക്കല്‍ നേടിയത്. അഞ്ച് ഫോറുകളും രണ്ട് സിക്‌സുമാണ് താരം സ്വന്തമാക്കിയത്. വിരാട് കോഹ്ലി 13 പന്തില്‍ 28 റണ്‍സും നേടി. അഞ്ച് ഫോറുകളും ഒരു സിക്സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ക്യാപ്റ്റന്‍ രജത് പടിദാര്‍ 19 റണ്‍സും റൊമാരിയോ ഷെപ്പേര്‍ഡ് 17 റണ്‍സും നേടി പൊരുതി.

ആര്‍.സി.ബി ബൗളിങ്ങില്‍ ഭുവനേശ്വേര്‍ കുമാര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. നാല് ഓവറില്‍ 28 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ഭുവി മൂന്ന് വിക്കറ്റുകള്‍ നേടിയത്. ഷെപ്പേര്‍ഡ് രണ്ട് വിക്കറ്റും സുയാഷ് ശര്‍മ ഒരു വിക്കറ്റ് നേടി.

മെയ് ഏഴിന് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് ആര്‍.സി.ബിയുടെ അടുത്ത മത്സരം. എതിരാളികളുടെ തട്ടകമായ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. മറുഭാഗത്ത് മെയ് മൂന്നിന് പഞ്ചാബ് കിങ്‌സിനെയാണ് ഗില്ലും സംഘവും നേരിടുക. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദാണ് വേദി.

Content Highlight: Gujarat Titans Beat Royal Challenger’s Bangalore in IPL 2026

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more