| Sunday, 3rd May 2026, 11:42 pm

വിറപ്പിച്ച് കീഴടങ്ങി; പഞ്ചാബിനെതിരെ ഗുജറാത്തിന് ആവേശ ജയം

Sudev A

ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിന് സീസണിലെ രണ്ടാം തോല്‍വി. ഗുജറാത്ത് ടൈറ്റന്‍സ് നാല് വിക്കറ്റിനാണ് പഞ്ചാബിനെ വീഴ്ത്തിയത്. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 19.5 ഓവറില്‍ ലക്ഷ്യം മറികടന്നു.

ഗുജറാത്ത് നിരയില്‍ തിളങ്ങിയത് സായ് സുദര്‍ശനാണ്. അര്‍ധ സെഞ്ച്വറി നേടിയാണ് താരം വിജയത്തില്‍ നിര്‍ണായകമായത്. 47 പന്തില്‍ നിന്നും അഞ്ച് ഫോറുകളും ഒരു സിക്സും അടക്കം 57 റണ്‍സാണ് താരം നേടിയത്. വാഷിങ്ങ്ടണ്‍ സുന്ദര്‍ 40 റണ്‍സും ജോസ് ബട്‌ലര്‍ 26 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായകമായി.

ഗുജറാത്ത് ബൗളിങ്ങില്‍ ജേസണ്‍ ഹോള്‍ഡര്‍ നാല് വിക്കറ്റുകള്‍ നേടി തിളങ്ങിയപ്പോള്‍ പഞ്ചാബ് ബാറ്റിങ് നിര തകരുകയായിരുന്നു. നാല് ഓവറില്‍ 24 റണ്‍സ് വിട്ടുനല്‍കിയാണ് താരം നാല് വിക്കറ്റുകള്‍ കൈപ്പിടിയിലാക്കിയത്. മുഹമ്മദ് സിറാജ്, കാഗിസോ റബാദ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടിയപ്പോള്‍ റാഷിദ് ഖാന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

മത്സരത്തില്‍ തുടക്കത്തില്‍ തന്നെ പഞ്ചാബ് ബാറ്റിങ് നിര സമ്മര്‍ദ്ദത്തിലാവുകയായിരുന്നു. പവര്‍പ്ലേയില്‍ തന്നെ മൂന്ന് വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായിരുന്നത്. ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യയും പ്രഭ്സിമ്രാന്‍ സിങ്ങും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും നിരാശപ്പെടുത്തിയപ്പോള്‍ സൂര്യന്‍ഷ് ഷെഡ്ജയുടെയും മാര്‍ക്കസ് സ്റ്റോയ്ണിസിന്റെയും കൂട്ടുകെട്ടാണ് പഞ്ചാബിനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.

ഷെഡ്ജ അര്‍ധ സെഞ്ച്വറി നേടിയാണ് തിളങ്ങിയത്. 29 പന്തില്‍ 57 റണ്‍സാണ് താരം അടിച്ചെടുത്തത്. മൂന്ന് ഫോറുകളും അഞ്ച് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. സ്റ്റോയ്ണിസ് 31 പന്തില്‍ 40 റണ്‍സും നേടി തിളങ്ങി. അഞ്ച് ഫോറുകളും ഒരു സിക്സുമാണ് താരം സ്വന്തമാക്കിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചു മാര്‍ക്കോ യാന്‍സണും നിര്‍ണായകമായി. 11 പന്തില്‍ 20 റണ്‍സാണ് മാര്‍ക്കോ നേടിയത്.

പഞ്ചാബ് ബൗളിങ്ങില്‍ വൈശാഖ് വിജയകുമാര്‍, അര്‍ഷദീപ് സിങ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും സ്റ്റോയ്ണിസ്, മാര്‍ക്കോ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

മെയ് ആറിനാണ് പഞ്ചാബ് കിങ്സ് അടുത്ത മത്സരത്തിനിറങ്ങുന്നത്. സണ്‍റൈസേഴ്സ് ഹൈദരാബാദാണ് എതിരാളികള്‍. ഓറഞ്ച് ആര്‍മിയുടെ തട്ടകമായ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം. മെയ് ഒമ്പതിന് രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് ഗില്ലിന്റെയും സംഘത്തിന്റെയും അടുത്ത മത്സരം. രാജസ്ഥാന്റെ തട്ടകമായ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലാണ് മത്സരം.

Content Highlight: Gujarat Titans Beat Punjab Kings in IPL 2026

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more