| Friday, 17th April 2026, 11:44 pm

ആളിക്കത്തി ഗില്‍! കൊല്‍ക്കത്തക്ക് അഞ്ചാം തോല്‍വി; ടോപ് ഫോറിലേക്ക് കുതിച്ച് ഗുജറാത്ത്

Sudev A

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വീണ്ടും തോല്‍വി. ഗുജറാത്ത് ടൈറ്റന്‍സ് അഞ്ച് വിക്കറ്റുകള്‍ക്കാണ് കെ.കെ.ആറിനെ തകര്‍ത്തത്. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ 180 റണ്‍സിന് പുറത്തായി. വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് അഞ്ച് വിക്കറ്റുകളും രണ്ട് പന്തുകളും ബാക്കിനില്‍ക്കെ ലക്ഷ്യം മറികടന്നു.

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് ഗുജറാത്ത് വിജയിച്ചുകയറിയത്. 50 പന്തില്‍ 86 റണ്‍സ് നേടിയാണ് ഗില്‍ ഗുജറാത്തിന്റെ വിജയശില്പിയായത്. എട്ട് ഫോറുകളും നാല് സിക്‌സുകളും അടങ്ങുന്നതാണ് ഗുജറാത്ത് ക്യാപ്റ്റന്റെ ഇന്നിങ്സ്. ഈ സീസണിലെ ഗില്ലിന്റെ മൂന്നാം ഫിഫ്റ്റി ആയിരുന്നു ഇത്. 251 റണ്‍സുമായി ഓറഞ്ച് ക്യാപ്പും ഗില്‍ കൈപ്പിടിയിലാക്കി. ജോസ് ബട്‌ലര്‍ 25 റണ്‍സും സായ് സുദര്‍ശന്‍ 22 റണ്‍സും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത കാമറൂണ്‍ ഗ്രീനിന്റെ അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് മാന്യമായ ടോട്ടല്‍ നേടിയത്. 25.20 കോടിക്ക് ടീമിലെത്തിയിട്ടും കാര്യമായ പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഈ മത്സരത്തില്‍ ഗ്രീനിന്റെ വമ്പന്‍ തിരിച്ചുവരവാണ് കൊല്‍ക്കത്ത ആരാധകര്‍ കണ്ടത്. മത്സരത്തില്‍ 55 പന്തില്‍ 79 റണ്‍സ് നേടിയാണ് ഗ്രീന്‍ തിളങ്ങിയത്. ഏഴ് ഫോറുകളും നാല് കൂറ്റന്‍ സിക്സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഗുജറാത്ത് ബൗളിങ്ങില്‍ കഗിസോ റബാദ മൂന്ന് വിക്കറ്റുകളും മുഹമ്മദ് സിറാജ്, അശോക് ശര്‍മ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി. പ്രസിദ്ധ് കൃഷ്ണ, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ജയത്തോടെ അഞ്ച് മത്സരങ്ങളില്‍ നിന്നും മൂന്ന് വിജയവും രണ്ട് തോല്‍വിയുമടക്കം ആറ് പോയിന്റോടെ നാലാം സ്ഥാനത്തെത്താനും ഗില്ലിനും സംഘത്തിനും സാധിച്ചു. ഒരു പോയിന്റുമായി കൊല്‍ക്കത്ത അവസാന സ്ഥാനത്തുമാണ്.

ഏപ്രില്‍ 19നാണ് അജിന്‍ക്യ രഹാനെയും സംഘവും തങ്ങളുടെ അടുത്ത പോരാട്ടത്തിനിറങ്ങുന്നത്. രാജസ്ഥാന്‍ റോയല്‍സാണ് കൊല്‍ക്കത്തയുടെ എതിരാളികള്‍. കെ.കെ.ആറിന്റെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി. ഏപ്രില്‍ 20ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ഗുജറാത്തിന്റെ അടുത്ത മത്സരം. അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: Gujarat Titans Beat Kolkata Knight Riders in IPL 2026

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more