അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ നൊബേല്‍ പുരസ്‌കാര ജേതാവ് മലാലാ യൂസഫ് സായിയുടെ പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക് നേര്‍ക്ക് ഹിന്ദുത്വ സംഘടനകളുടെ അതിക്രമം. മലാലയുടെ ഓര്‍മക്കുറിപ്പായ ‘ഐ ആം മലാല’ വായിച്ച് ചര്‍ച്ച ചെയ്യുന്ന പരിപാടിക്ക് നേര്‍ക്കാണ് വി.എച്ച്.പി, ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം.
ഇന്നലെ (ഓഗസ്റ്റ് 27, വ്യാഴം) വൈകുന്നേരം സ്ത്രപൂര്‍ ഗാര്‍ഡനിലായിരുന്നു പുസ്തക ചര്‍ച്ചക്ക് നേര്‍ക്ക് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 20ഓളം പേരുടെ ഒരു സംഘമാണ് പുസ്തക ചര്‍ച്ചക്കായി പാര്‍ക്കില്‍ ഒത്തുകൂടിയത്. ഇവര്‍ക്ക് നേര്‍ക്ക് ആയുധങ്ങളുമായെത്തിയ വി.എച്ച്.പി, ബജ് രംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയായിരുന്നെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
18-20 പേര്‍ വരുന്ന സംഘമാണ് ആയുധങ്ങളുമായി ആക്രമിക്കാനെത്തിയത്. എന്തിനാണ് ‘ഞാന്‍ മലാല’ വായിച്ചതെന്ന് അക്രമികള്‍ ദേഷ്യത്തോടെ ചോദിച്ചെന്ന് പുസ്തക ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പ്രതികളില്‍ രണ്ടുപേരെ ആക്രമണം നേരിട്ടവര്‍ക്ക് അറിയാമായിരുന്നെന്നും പൊലീസ് പറയുന്നു. അവരെ കൂടാതെ ആറ് പേരെ കുടെ തിരിച്ചറിഞ്ഞിട്ടുണ്ട്. കേസില്‍ ഇതിനകം മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
നേരത്തെ മലാലയുടെ പുസ്തകം ഒരു സ്‌കൂളില്‍ വായനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെ ബജ്‌രംഗ്ദള്‍ എതിര്‍ത്തിരുന്നു. മലാല നോബല്‍ സമ്മാന ജേതാവാണെങ്കിലും അവര്‍ കശ്മീര്‍ വിഷയത്തില്‍ സ്വീകരിച്ച നിലപാട് അംഗീകരിക്കാനാവില്ലെന്ന് വാദിച്ചായിരുന്നു ബജ്‌രംഗ്ദൡന്റെ എതിര്‍പ്പ്.
ബജ്‌രംഗ്ദളിന്റെ ആവശ്യത്തെത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ മലാലയുടെ പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ച പിന്‍വലിച്ചിരുന്നതായി ബജ്‌രംഗ്ദള്‍ നേതാവ് ജ്വാലിത് മെഹ്ത സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. ഈ പരിപാടിയാണ് ഇപ്പോള്‍ പൊതു പൂന്തോട്ടത്തില്‍ നടത്തിയതെന്നും മെഹ്ത പറഞ്ഞു.
കോണ്‍ഗ്രസും സി.ജെ.പിയുമായി ബന്ധപ്പെട്ടവര്‍ അന്ന് ബജ്‌രംഗ്ദളിന്റെ ആവശ്യത്തെ എതിര്‍ത്തിരുന്നു. അവരാണ് പുസ്തകത്തിന്റെ പൊതു വായന സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ബജ്‌രംഗ്ദള്‍ നേതാവ് പറയുന്നു.
അതേസമയം, പുസ്തക ചര്‍ച്ചക്ക് നേര്‍ക്കുള്ള ആക്രമണത്തെ പ്രതിപക്ഷ കക്ഷികള്‍ അപലപിച്ചു. വിവരക്കേടും വര്‍ഗീയതയും ചേരുമ്പോള്‍ അത് ഭേദമാവാത്ത രോഗമാവുമെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ഈ സംഭവത്തെക്കുറിച്ച് എക്‌സ് പോസ്റ്റില്‍ പ്രതികരിച്ചു. വലതുപക്ഷക്കാര്‍ അവര്‍ക്ക് അറിയാത്ത വിഷയങ്ങളില്‍ പോയി തലയിടരുതെന്നും ഖേര പറഞ്ഞു.
സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിലകൊണ്ടതിനാലാണ് മലാല പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. ഒരു മുസ്‌ലിമായ മലാലയുടെ പുസ്തകം വായിക്കാന്‍ കഴിയില്ല എന്നതാണ് ബജ്റംഗ്ദളിന്റെ യുക്തിയെന്നും പവന്‍ ഖേര പറഞ്ഞു.
Content Highlight: Gujarat: Hindutva groups attack reading session on Malala’s book