| Thursday, 12th November 2026, 7:39 am

ഗുജറാത്ത്; ദീപാവലി ആഘോഷങ്ങള്‍ക്കിടെ പള്ളിക്ക് നേരെ പടക്കം പൊട്ടിച്ച് ഹിന്ദുത്വ പ്രവര്‍ത്തകന്‍: വ്യാപക പ്രതിഷേധം

നിഷാന. വി.വി

നവസാരി: ദീപാവലി ആഘോഷങ്ങള്‍ക്കിടെ പള്ളിയുടെ മിനാരങ്ങള്‍ക്ക് നേരെ പടക്കം പൊട്ടിച്ച് പ്രകോപനപരമായി വീഡിയോ ചിത്രീകരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. ഗുജറാത്തിലെ നവസാരിയിലാണ് സംഭവം.

തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകന്‍ നിലേഷ് കുണ്ടല്‍ എന്നയാളാണ് പള്ളിക്ക് നേരെ പടക്കം പൊട്ടിച്ചത്. 2026 നവംബര്‍ 11 ബുധനാഴ്ചയാണ് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാത്രിയിലായിരുന്നു സംഭവം നടന്നത്. നവസാരിയിലെ ഒരു പള്ളിക്ക് പുറത്ത് റോഡില്‍ നിന്നുകൊണ്ട്, പള്ളിയുടെ മുന്‍ഭാഗത്തേക്കും മിനാരങ്ങളിലേക്കും പൂക്കുറ്റി പോലുള്ള പടക്കങ്ങള്‍ കത്തിച്ചുവിടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

പ്രകോപനപരമായ പശ്ചാത്തല സംഗീതത്തോടെയായിരുന്നു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നത്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവൃത്തിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നു.

ആരാധനാലയങ്ങളുടെ സുരക്ഷയെക്കുറിച്ചും പള്ളിക്ക് തീപിടിക്കാനുള്ള സാധ്യതയെക്കുറിച്ചും നിരവധി പേര്‍ ആശങ്ക രേഖപ്പെടുത്തി. എന്നാല്‍, സംഭവത്തില്‍ പള്ളിക്ക് തീപിടിക്കുകയോ കെട്ടിടത്തിന് മറ്റ് നാശനഷ്ടങ്ങള്‍ സംഭവിക്കുകയോ ചെയ്തതായി റിപ്പോര്‍ട്ടുകളില്ല.

അതേസമയം, സംഭവത്തില്‍ ഔദ്യോഗികമായി പരാതി ലഭിച്ചതായോ, അന്വേഷണം ആരംഭിച്ചതായോ, അറസ്റ്റ് രേഖപ്പെടുത്തിയതായോ ഗുജറാത്ത് പൊലീസോ നവസാരിയിലെ പ്രാദേശിക ഭരണകൂടമോ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല.

Content Highlight: Gujarat: Hindutva activist sets off firecrackers towards a mosque during Diwali celebrations; widespread protest follows the circulation of footage.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more