അഹമ്മദബാദ്: 2022ലെ ബില്‍ക്കീസ് ബാനു കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതിക്ക് പരോള്‍ നല്‍കി ഗുജറാത്ത് ഹൈക്കോടതി. രാധേശ്യാം ഷായ്ക്കാണ് ഒരാഴ്ചത്തെ ജാമ്യമനുവദിച്ചിരിക്കുന്നത്. കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ച് നല്‍കിയ ഹരജിയിലാണ് പരോള്‍. ജസ്റ്റിസ് സജ്ഞീവ് താക്കറുടെ ബെഞ്ചാണ് ഏഴ് ദിവസത്തെ പരോളിന് ഉത്തരവിട്ടത്.
കര്‍ശന വ്യവസ്ഥകളോടെയാണ് പരോള്‍ നല്‍കിയത്. 10,000രൂപയുടെ വ്യക്തിഗത ബോര്‍ഡ് ഹാജരാക്കണം, കാലവാധി പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ജയില്‍ അധികൃതര്‍ക്ക് മുന്നില്‍ ഹാജരാവണം തുടങ്ങിയവയാണ് വ്യവസ്ഥകള്‍. കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധികളുണ്ടെന്നും 2025ലാണ് ഇയാള്‍ക്ക് അവസാനമായി പരോള്‍ ലഭിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചിരുന്നത്.
2002ലെ ഗുജറാത്ത് വംശഹത്യക്കിടെ ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് രാധേശ്യാം ഷാ ഉള്‍പ്പെടെ 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2022 ആഗസ്റ്റില്‍ ഗുജറാത്ത് സര്‍ക്കാര്‍ ഇവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കി ജയിലില്‍ നിന്ന് വിട്ടയച്ചിരുന്നു. തുടര്‍ന്ന് ബില്‍ക്കീസ് ബാനു നല്‍കിയ ഹരജിയില്‍ 2024 ജനുവരിയില്‍ സുപ്രിംകോടതി ഈ ശിക്ഷാ ഇളവ് റദ്ദാക്കുകയും എല്ലാ പ്രതികളോടും തിരികെ ജയിലില്‍ കീഴടങ്ങാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.
Content Highlight: Gujarat High Court grants parole to convict in Bilkis Bano gang-rape case, citing family’s financial crisis.