| Friday, 4th July 2025, 2:14 pm

അനുയായിയെ ബലാത്സംഗം ചെയ്ത കേസ്; ആശാറാമിന് ജാമ്യം നീട്ടി നല്‍കി ഗുജറാത്ത് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവില്‍ കഴിയുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യം നീട്ടി നല്‍കി ഗുജറാത്ത് ഹൈക്കോടതി. ഒരു മാസത്തേക്കാണ് ജാമ്യം നീട്ടി നല്‍കിയത്. ഇനി ഒരു തവണ കൂടി ജാമ്യത്തിന്റെ കാലാവധി നീട്ടി തരില്ലെന്നും ഹൈക്കോടതി പറഞ്ഞു.

ജാമ്യം മൂന്ന് മാസത്തേക്ക് കൂടി നീട്ടി നല്‍കണമെന്നാണ് ആശാറാമിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ജസ്റ്റിസുമാരായ ഇലേഷ് വോറ, പി.എം. റാവല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഈ ആവശ്യം തള്ളുകയായിരുന്നു.

ജൂണ്‍ 30ന് ഗുജറാത്ത് ഹൈക്കോടതി ആശാറാമിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജൂലൈ ഏഴ് വരെയായിരുന്നു ജാമ്യത്തിന്റെ കാലാവധി.

അനുയായിയായിരുന്ന സ്ത്രീയെ ആശ്രമത്തില്‍ വെച്ച് ബലാത്സംഗം ചെയ്ത കേസിലാണ് ആശാറാമിന് ജാമ്യമനുവദിച്ചത്. 2001നും 2006നും ഇടയില്‍ അഹമ്മദാബാദിലെ ആശ്രമത്തില്‍ വെച്ചാണ് യുവതിയെ ആശാറാം ആക്രമിച്ചത്.

തുടര്‍ന്ന് 2023ല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ബലാത്സംഗം, ലൈംഗികാതിക്രമം, മനഃപൂര്‍വമുള്ള അപമാനിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ആശാറാം ചെയ്തിട്ടുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു.

പ്രസ്തുത കേസിന് പുറമെ 2013 ഓഗസ്റ്റില്‍ ജോധ്പൂര്‍ ആശ്രമത്തില്‍ വെച്ച് പതിനാറുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലും ഇയാള്‍ പ്രതിയാണ്. കേസ് പരിഗണിച്ച ജോധ്പൂരിലെ പ്രത്യേക കോടതി സ്വയം പ്രഖ്യാപിത ആള്‍ദൈവം കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. 2013ല്‍ മധ്യപ്രദേശിലെ ഇന്‍ഡോറിലെ ആശ്രമത്തില്‍ നിന്നാണ് ജോധ്പൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

അഞ്ച് വര്‍ഷത്തെ വിചാരണക്ക് ശേഷം 2018 ഏപ്രിലില്‍ ആശാറാമിനെ സുപ്രീം കോടതി ജീവപര്യന്തം തടവിന് വിധിച്ചു. എന്നാല്‍ ഈ കേസില്‍ 2025 ജനുവരിയില്‍ രാജസ്ഥാന്‍ ഹൈക്കോടതി ആശാറാമിന് ഇടക്കാല ജാമ്യം അനുവദിച്ചു.

തന്റെ ശിക്ഷ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ആശാറാമിന്റെ ഹരജി പരിഗണിക്കവെയാണ് രാജസ്ഥാന്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതിനുമുമ്പ് ഗുജറാത്ത് കേസില്‍ സുപ്രീം കോടതിയും ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. ആരോഗ്യ അവശതകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യം.

Content Highlight: Gujarat HC grants Asaram one-month ‘final’ bail extension

We use cookies to give you the best possible experience. Learn more