| Tuesday, 29th July 2025, 8:22 am

വിരമിച്ച അധ്യാപകരെ പുനർനിയമിക്കുന്നതിൽ നിന്നും പിന്മാറി ഗുജറാത്ത് സർക്കാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: യുവജന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ സ്കൂളുകളിലെ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് വിരമിച്ച അധ്യാപകരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി ഗുജറാത്ത് സർക്കാർ.

TET (ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്), TAT (ടീച്ചർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്) പാസായ ഉദ്യോഗാർത്ഥികളിൽ നിന്നുള്ള ശക്തമായ എതിർപ്പിനെ തുടർന്നാണ് ഈ നീക്കം. സംസ്ഥാനത്ത് അധ്യാപക തസ്തികളിൽ ഒഴിവുകൾ നിലനിൽക്കുന്നുണ്ടെങ്കിലും അതിലേക്ക് വിരമിച്ചവരെ നിയമിക്കാനുള്ള സർക്കാറിന്റെ ശ്രമത്തിനെതിരെ വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു.

ജൂലൈ 25നാണ് വിദ്യാഭ്യാസ വകുപ്പ് പതിനൊന്ന് മാസത്തെ കരാർ അടിസ്ഥാനത്തിൽ വിരമിച്ച അധ്യാപകരെ നിയമിക്കാൻ അനുവദിക്കുന്ന സർക്കുലർ പുറപ്പെടുവിച്ചത്. സർക്കാരിന്റെ ഈ തീരുമാനം സ്ഥിരം ജോലികൾക്കായി കാത്തിരിക്കുന്ന ആയിരക്കണക്കിന് TET-TAT യോഗ്യതയുള്ള യുവാക്കളുടെ അവസരത്തിന് വിലങ്ങുതടിയാകുന്നതായിരുന്നു.

അക്കാദമിക് പ്രവർത്തനങ്ങളിൽ തടസം ഉണ്ടാകാതിരിക്കാനാണെന്ന് പറഞ്ഞ് ഗവണ്മെന്റ് ഈ നയത്തെ ന്യായീകരിച്ചെങ്കിലും തൊഴിൽരഹിതരായ അധ്യാപക സംഘടനകളിൽ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. അർഹരായ ഉദ്യോഗാർത്ഥികളെ സർക്കാർ മാറ്റിനിർത്തുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

പ്രതിഷേധത്തെ തുടർന്ന് കാരാർ അടിസ്ഥാനത്തിൽ വിരമിച്ച അധ്യാപകരെ നിയമിക്കുന്ന തീരുമാനത്തിൽ നിന്ന് പിൻവാങ്ങുന്നതായി സർക്കാർ സർക്കുലർ പുറപ്പെടുവിച്ചു.

‘സെക്കൻഡറി, ഹയർ സെക്കൻഡറി സ്കൂളുകളിൽ അധ്യാപക നിയമനത്തിനും നോളജ് അസിസ്റ്റന്റ് നിയമനത്തിനും ശേഷം ഒഴിവുള്ള തസ്തികകളിൽ ഇടക്കാല ക്രമീകരണമായി വിരമിച്ച അധ്യാപകരെ നിയമിക്കാനുള്ള നിർദേശങ്ങൾ ഇതിനാൽ റദ്ദാക്കുന്നു,’ പ്രസ്താവനയിൽ പറയുന്നു.

ഗുജറാത്ത് സ്കൂൾ മാനേജ്മെന്റ് ഫെഡറേഷൻ ഈ തീരുമാനത്തിനെതിരെ രംഗത്തെത്തുകയും സ്കൂൾ കമ്മീഷണർക്ക് പ്രതിഷേധ കത്ത് അയയ്ക്കുകയും ചെയ്തിരുന്നു. വിരമിച്ചവരെ വീണ്ടും നിയമിക്കുന്നതിനുപകരം സംസ്ഥാനം വിരമിക്കൽ നയങ്ങൾ പുനപരിശോധിക്കണമെന്നും പ്രായം കുറഞ്ഞവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ മുൻഗണന നൽകണമെന്നും നിർദേശിച്ചിരുന്നു.

Content Highlight: Gujarat government backs out of re-appointment of retired teachers

We use cookies to give you the best possible experience. Learn more