ഡബ്ല്യു.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഗുജറാത്ത് ജെയ്ന്റ്‌സ്. നവി മുംബൈയില്‍ നടന്ന മത്സരത്തില്‍ വെറും നാല് റണ്‍സിനാണ് ഗുജറാത്ത് വിജയം നേടിയത്. മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി ഗുജറാത്തിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്ന് 209 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ഗുജറാത്ത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹിക്ക് 205 റണ്‍സാണ് നേടാന്‍ സാധിച്ചത്. ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ ദല്‍ഹിക്ക് ഏഴ് റണ്‍സായിരുന്നു വിജയിക്കാന്‍ വേണ്ടത്. എന്നാല്‍ സോഫി ഡിവൈന്റെ മിന്നും ബൗളിങ് കരുത്തില്‍ ഗുജറാത്ത് വിജയം കീഴടക്കുകയായിരുന്നു. ഒരു വിക്കറ്റ് നേട്ടത്തിന് പുറമെ വെറും രണ്ട് റണ്‍സാണ് താരം നിര്‍ണായക ഓവറില്‍ വിട്ടുനല്‍കിയത്.
ഇന്നിങ്‌സിലുടനീളം ഗുജറാത്തിന് വേണ്ടി മിന്നും ബൗളിങ് പ്രകടനമാണ് സോഫി ഡിവൈന്‍ കാഴ്ചവെച്ചത്. മൂന്ന് ഓവറില്‍ രണ്ട് വിക്കറ്റുകളാണ് താരം നേടിയത്. മാത്രമല്ല ബാറ്റിങ്ങിലും ഗുജറാത്തിന്റെ തുറുപ്പ് ചീട്ട് സോഫിയായിരുന്നു.
ഓപ്പണറായ സോഫി 42 പന്തില്‍ നിന്ന് എട്ട് കൂറ്റന്‍ സിക്‌സറും ഏഴ് ഫോറും ഉള്‍പ്പെടെ 95 റണ്‍സ് നേടിയായിരുന്നു സോഫിയുടെ മടക്കം. 226.19 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലായിരുന്നു സോഫി ബാറ്റ് വീശിയിരുന്നത്.
മത്സരത്തില്‍ സോഫിക്ക് പുറമെ മിന്നും പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ആഷ്‌ളി ഗാര്‍ഡ്ണറാണ്. 26 പന്തില്‍ 49 റണ്‍സാണ് താരം അടിച്ചെടുത്തത്. മൂന്ന് സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
അതേസമയം ദല്‍ഹിക്ക് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് ഓപ്പണര്‍ ലിസെല്ലി ലീയാണ് 54 പന്തിവല്‍ നിന്ന് മൂന്ന് സിക്‌സും 12 ഫോറും ഉള്‍പ്പെടെ 86 റണ്‍സാണ് താരം അടിച്ചെടുത്തത്. താരത്തിന് പുറമെ 38 പന്തില്‍ 77 റണ്‍സ് നേടിയ ലോറ വോള്‍വാട്ടും മികച്ച പ്രകടനം നടത്തി. മറ്റാര്‍ക്കും തന്നംെ ടീമിന് വേണ്ടി മികവ് പുലര്‍ത്താന്‍ സാധിച്ചില്ല.
ദല്‍ഹിക്ക് വേണ്ടി മിന്നും ബൗളിങ് പ്രകടനം നടത്തിയത് നന്ദനി ശര്‍മയാണ്. ഇന്നിങ്‌സിലെ അവസാന പന്തിലും വിക്കറ്റ് നേടി ഫൈഫറും അക്കൗണ്ടിലാക്കിയാണ് താരം കളം വിട്ടത്. ഹാട്രിക്ക് ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ വിക്കറ്റ് വേട്ട.
സോഫി, കേശവീ ഗൗതം (14), കനിക അഹൂജ (4), രാജേശ്വരി ഗെയ്ക്വാദ് (0), രേണുക സിങ് (0) എന്നിവരെയാണ് താരം പുറത്താക്കിയത്. നന്ദനിക്ക് പുറമെ ചിനെല്ലി ഹെന്റി, ശ്രീ ചരണി എന്നിവര്‍ രണ്ട് വിക്കറ്റും ഷഫാലി വര്‍മ ഒരു വിക്കറ്റും നേടി.
Content Highlight: Gujarat Gaints Won Against Delhi In WPL