| Thursday, 26th October 2017, 10:15 am

ഇതുകൊണ്ടൊന്നും നിങ്ങള്‍ രക്ഷപ്പെടാന്‍ പോകുന്നില്ല; ഗുജറാത്ത് തെരഞ്ഞെടുപ്പിലെ ബി.ജെ.പി അനുകൂല അഭിപ്രായ സര്‍വേ വോട്ടര്‍മാരെ സ്വാധീനിക്കാന്‍: കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പിലെ ബി.ജെ.പി അനുകൂല സര്‍വേയ്‌ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും ഇതുകൊണ്ടൊന്നും ബി.ജെ.പി രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.

സംസ്ഥാനത്ത് കോണ്‍ഗ്രസുമായി യോജിച്ചുപോകാന്‍ താത്പര്യമുള്ളവരെയെല്ലാം ഒപ്പം ചേര്‍ത്ത് മുന്നോട്ടുപോകുമെന്നും അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.

ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ചൂടേറുന്നതിനിടെയാണ് ചാനലുകള്‍ ബി.ജെ.പിയെ വിജയിയായി പ്രഖ്യാപിച്ച് വാര്‍ത്തകള്‍ പുറത്തുവിടുന്നത്. അഭിപ്രായസര്‍വേയെന്ന പേരുപറഞ്ഞ് ബി.ജെ.പി വിജയിച്ചതായി അവര്‍ പ്രഖ്യാപിക്കുകയാണ്. ഇത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടിയാണെന്നതില്‍ ഒരു സംശയവുമില്ല. – അശോക് ഗെഹ്‌ലോട്ട് പറയുന്നു.


Dont Miss ആനയെ മയക്കുന്ന അരിങ്ങോടരാണ് നരേന്ദ്രമോദി; രാഹുല്‍ ആരോമല്‍ ചേകവരും; അഡ്വ. എ ജയശങ്കര്‍


പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അശോക് ഗെഹ് ലോട്ട് രൂക്ഷവിമര്‍ശനം ഉന്നയിച്ചു. മോദി ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. അല്ലാതെ ഗുജറാത്ത് മുഖ്യമന്ത്രിയല്ല. പ്രധാനമന്ത്രി അടിക്കടി ഗുജറാത്തില്‍ എത്തുന്നു. അദ്ദേഹമാണ് വികസമെന്നും അദ്ദേഹമാണ് ഗുജറാത്ത് എന്നുമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്.

മോദിയെ പ്രധാനമന്ത്രിയാകാന്‍ സഹായിച്ച അതേ സോഷ്യല്‍മീഡിയ തന്നെയാണ് ഗുജറാത്തില്‍ ഒരുവികസനവും ഇതുവരെ നടന്നിട്ടില്ലെന്ന് പറയുന്നത്. ഞങ്ങളല്ല ഇങ്ങനെ പറയുന്നത്. പ്രധാനമന്ത്രി തന്നെ പറയുകയാണ് അദ്ദേഹമാണ് വികസനമെന്നും അദ്ദേഹമാണ് ഗുജറാത്തെന്നും. എനിക്കറിയില്ല അദ്ദേഹത്തിന്റെ മനസില്‍ എന്താണെന്ന്. രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്ന കാര്യം അദ്ദേഹം മറക്കരുത്. – അശോക് ഗെഹ് ലോട്ട്പറഞ്ഞു.

അതേസമയം ഗുജറാത്തിലെ ജെ.ഡി.യു റിബല്‍ ചോട്ടു ബായിയുമായി പാര്‍ട്ടി ചര്‍ച്ച നടത്തിയെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഭാരത് സിങ് സോളങ്കി പറഞ്ഞു. എന്‍.സി.പിയുമായും കോണ്‍ഗ്രസ് ഇതിനകം തന്നെ ചര്‍ച്ച നടത്തിയിട്ടുണ്ട്. സൗത്ത് ഗുജറാത്തില്‍ നവംബര്‍ 1 മുതല്‍ 3 വരെയാണ് രാഹുല്‍ഗാന്ധിയുടെ പര്യടനം.

Latest Stories

We use cookies to give you the best possible experience. Learn more