ന്യൂദല്‍ഹി: അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് ഫയല്‍ ചെയ്ത ക്രിമിനല്‍ മാനനഷ്ട കേസില്‍ മാധ്യമ പ്രവര്‍ത്തകനായ രവി നായര്‍ക്ക് ഒരു വര്‍ഷം തടവും 50000 രൂപ പിഴയും ചുമത്തി ഗുജറാത്ത് കോടതി.
അദാനി ഗ്രൂപ്പിന്റെ പ്രശസ്തിക്ക് കോട്ടം വരുത്താന്‍ ഉദ്ദേശിച്ചുള്ള തെറ്റായതും അപകീര്‍ത്തികരവുമായ പ്രസ്താവനകള്‍ അടങ്ങിയ നിരവധി ട്വീറ്റുകള്‍ രവി നായര്‍ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് അദാനി കമ്പനി നല്‍കിയ പരാതിയെ തുടര്‍ന്നാണ് കോടതി ഉത്തരവ്.
ഗാന്ധി നഗര്‍ മജിസ്‌ട്രേറ്റ് കോടതി ചൊവ്വാഴ്ച്ചയാണ് ശിക്ഷ വിധിച്ചത്.
രവി നായരുടെ ട്വീറ്റുകള്‍ ന്യായമായ അഭിപ്രായമോ നിയമാനുസൃത വിമര്‍ശനമോ അല്ലെന്നും, പൊതുജനങ്ങളുടെയും നിക്ഷേപകരുടെയും കണ്ണില്‍ കമ്പനിയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള മനപൂര്‍വ്വമായ ശ്രമമായിരുന്നുവെന്നും അദാനി ഗ്രൂപ്പ് വാദിച്ചു.
അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിവാദം ഉള്‍പ്പെടെ കോര്‍പ്പറേറ്റ് കുത്തകകളെ കുറിച്ച് നിരന്തരം റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് രവി നായര്‍.
2020 ഒക്ടോബറില്‍ പ്രകൃതി വാതക വിപണന പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തനത്തെ വിമര്‍ശിച്ചതാണ് അദാനി ഗ്രൂപ്പ് നല്‍കിയ മാനനഷ്ട കേസുകളിലൊന്ന്.
മന്ത്രിസഭാ തീരുമാനത്തിന്റെ ലിങ്കുകള്‍ അടക്കം പങ്കുവെച്ച് കൊണ്ടായിരുന്നു പോസ്റ്റ്. ഇത് സുതാര്യമായ നീക്കമാണോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.
കൂടാതെ തുറമുഖ രംഗത്തെ സ്വകാര്യവത്ക്കരണത്തെക്കുറിച്ചും രവി ലേഖനം പോസ്റ്റ് ചെയ്തിരുന്നു.
2020 ഒക്ടോബര്‍ മുതല്‍ 2021 ജൂലൈ വരെയുള്ള കാലയളവില്‍ രവി നായര്‍ എക്‌സ് ഹാന്‍ഡിലിലൂടെ പങ്കുവെച്ച പോസ്റ്റുകളാണ് കേസിനാധാരം.
എന്നാല്‍ പൊതുമാധ്യത്തില്‍ ലഭ്യമായ ലേഖനങ്ങളില്‍ നിന്നുള്ള ഗവേഷണത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് പോസ്റ്റുകള്‍ എന്ന രവിയുടെ അഭിഭാഷകന്റെ വാദത്തെ കോടതി അംഗീകരിച്ചില്ല.
ഒരു കമ്പനി കുത്തക സൃഷ്ടിക്കുന്നതിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകന് ആശങ്കകള്‍ ഉന്നയിക്കാന്‍ കഴിയാത്തത് എന്ത് കൊണ്ടാണെന്നും അഭിഭാഷകന്‍ ചോദിച്ചു.
കേസില്‍ ജാമ്യം തേടി രവി നായര്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പെടെയുള്ളവര്‍ വിധി നീതിയുക്തമല്ലെന്നും രവി നായര്‍ സത്യസന്ധമായ റിപ്പോര്‍ട്ടിങ്ങാണ് നടത്തിയതെന്നും അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: Gujarat court sentences journalist Ravi Nair to one year in jail for post against Adani Group