| Friday, 20th November 2026, 12:06 pm

വാഹനങ്ങളില്‍ ജാതി അറിയിച്ചുള്ള ചിഹ്നങ്ങളും എഴുത്തുകളും നിരോധിച്ച് ഗുജറാത്ത് സര്‍ക്കാര്‍

ദേവിക ജയചന്ദ്രന്‍

അഹമ്മദാബാദ്: സ്വകാര്യ വാഹനങ്ങളില്‍ ജാതി തിരിച്ചറിയുന്ന വാക്കുകള്‍, ചിത്രങ്ങള്‍, ചിഹ്നങ്ങള്‍, എഴുത്തുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ച് ഗുജറാത്ത് സര്‍ക്കാര്‍. ഇതുസംബന്ധിച്ച് 1989ലെ ഗുജറാത്ത് മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്തി. സംസ്ഥാനത്തെ എല്ലാ തരം സ്വകാര്യ വാഹനങ്ങള്‍ക്കും നിരോധനം ബാധകമായിരിക്കും.

ഇരുചക്ര, മുച്ചക്ര, നാലുചക്ര വാഹനങ്ങള്‍, ബസുകള്‍ തുടങ്ങി എല്ലാത്തരം സ്വകാര്യ വാഹനങ്ങളിലും ജാതി തിരിച്ചറിയുന്ന വാക്കുകളോ ചിഹ്നങ്ങളോ ചിത്രങ്ങളോ പ്രദര്‍ശിപ്പിക്കാന്‍ ഇനി അനുവാദമുണ്ടാവില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.

മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന്റെ ഈ നടപടി ഏറെ പ്രാധാന്യമുള്ളതാണ്. ഗുജറാത്തില്‍ സ്വകാര്യ വാഹനങ്ങളില്‍ ജാതി സൂചിപ്പിക്കുന്ന ബോര്‍ഡുകളും എഴുത്തുകളും വ്യാപകമായി പ്രദര്‍ശിപ്പിക്കുന്ന പതിവുണ്ട്.

2026 നവംബര്‍ 17നാണ് തുറമുഖ-ഗതാഗത വകുപ്പ് ഗുജറാത്ത് വെഹിക്കിള്‍സ് (മൂന്നാം ഭേദഗതി) ചട്ടങ്ങള്‍, 2026 വിജ്ഞാപനം ചെയ്തത്. ഭേദഗതിയുടെ ഭാഗമായി ചട്ടം 125ലെ ഉപവകുപ്പ് (1)ല്‍ നേരത്തേയുണ്ടായിരുന്ന ‘പരസ്യ ഉപകരണങ്ങളോ ചിത്രങ്ങളോ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല’ എന്ന വ്യവസ്ഥയില്‍ ജാതി സൂചിപ്പിക്കുന്ന ചിഹ്നങ്ങള്‍ കൂടി ഉള്‍പ്പെടുത്തി.

കൂടാതെ ചട്ടം 138ലെ ഉപവകുപ്പ് (3) കൂട്ടിച്ചേര്‍ത്തു. ഇതുപ്രകാരം സംസ്ഥാന സര്‍ക്കാര്‍ പൊതുവായോ പ്രത്യേകമായോ ഉത്തരവിലൂടെ അനുമതി നല്‍കുന്ന സാഹചര്യങ്ങളിലൊഴികെ സ്വകാര്യ വാഹനങ്ങളില്‍ പരസ്യ ഉപകരണങ്ങള്‍, ജാതി തിരിച്ചറിയിക്കുന്ന ചിഹ്നങ്ങള്‍, ചിത്രങ്ങള്‍ മറ്റ് എഴുത്തുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല.

ഭേദഗതിയുടെ കരട് ചട്ടങ്ങള്‍ 2026 ജൂണ്‍ 11ന് അസാധാരണ ഗസറ്റില്‍ പ്രസിദ്ധീകരിച്ച് പൊതുജനങ്ങളുടെ അഭിപ്രായങ്ങളും എതിര്‍പ്പുകളും ക്ഷണിച്ചിരുന്നു. 30 ദിവസമായിരുന്നു ഇതിനായി അനുവദിച്ച സമയം. എന്നാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ പരാതികളോ നിര്‍ദേശങ്ങളോ ലഭിക്കാത്തതിനെ തുടര്‍ന്നാണ് അന്തിമ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തതെന്നും സര്‍ക്കാര്‍ അറിയിച്ചു.

Content Highlight: Gujarat bans caste-identifying stickers, signs and words on private vehicles.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more