| Wednesday, 25th March 2026, 7:44 am

പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയിലും ഏകീകൃത സിവില്‍ കോഡ് ബില്ല് പാസാക്കി ഗുജ്‌റാത്ത് നിയമസഭ

നിഷാന. വി.വി

ഗാന്ധിനഗര്‍: ഏകീകൃത സിവില്‍ കോഡ് ബില്ല് പാസാക്കി ഗുജ്‌റാത്ത് നിയമസഭ.

വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കല്‍ എന്നിവയില്‍ എല്ലാ മതസ്ഥര്‍ക്കും ഏകീകൃത നിയമം നടപ്പിലാക്കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യം.

പട്ടിക വര്‍ഗ വിഭാഗത്തെ ബില്ലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ബലപ്രയോഗത്തിലൂടെയോ വഞ്ചനയിലൂടെയോ നിര്‍ബന്ധത്തിലൂടെയോ വിവാഹം നടത്തിയാല്‍ ഏഴ് വര്‍ഷം വരെയുള്ള തടവ് ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

വിവാഹങ്ങളുടെയും ലിവിങ് ടുഗേതര്‍ ബന്ധങ്ങളുടേയും രജിസ്‌ട്രേഷന്‍ ബില്ല് പ്രകാരം നിര്‍ബന്ധമാണ്. കൂടാതെ ബഹുഭാര്യത്യം നിരോധിക്കുകയും ചെയ്തിട്ടുണ്ട്.

ലിവ് ഇന്‍ ടുഗേതര്‍ പങ്കാളികള്‍ ഒരു മാസത്തിനുള്ളില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം അല്ലാത്ത പക്ഷം മൂന്ന് മാസം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ ലഭിക്കാം.

ബലപ്രയോഗത്തിലൂടെയോ വഞ്ചനയിലൂടെയോ നിര്‍ബന്ധത്തിലൂടെയോ വിവാഹം നടത്തിയാല്‍ ഏഴ് വര്‍ഷം വരെയുള്ള തടവാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.

ഇത് ആരുടെയും സ്വാതന്ത്ര്യം കവര്‍ന്നെടുക്കാനല്ല മറിച്ച് നമ്മുടെ പെണ്‍മണ്‍മക്കളുടെ നിയമപരമായ സംരക്ഷണത്തിന് വേണ്ടിയാണെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു.
ഭരണഘടനാ തത്വങ്ങളില്‍ വേരൂന്നിയ ഏകീകൃത നിയമ ചട്ടക്കൂടിലേക്കുള്ള ഒരു ചുവടുവയ്പ്പായിട്ടാണ് ബില്‍ അവതരിപ്പിക്കുമ്പോള്‍ മുഖ്യമന്ത്രി പട്ടേല്‍ ഇതിനെ വിശേഷിപ്പിച്ചത്.

‘ഒരു ഏകീകൃതവും അവിഭക്തവുമായ രാഷ്ട്രത്തിന് ഒരു പൊതു നിയമ ചട്ടക്കൂട് ആവശ്യമാണ്, അത് നമ്മുടെ വേദ പരിജ്ഞാനത്തെ പ്രതിഫലിപ്പിക്കുന്നു. വ്യത്യസ്ത രീതികളില്‍ പ്രകടിപ്പിച്ചാലും സത്യം ഒന്നാണ് എന്ന് നമ്മുടെ പുരാതന വാക്യങ്ങളും പറയുന്നു; സത്യം ഒന്നാണെങ്കില്‍, മതങ്ങള്‍ പലതാണെങ്കിലും, നീതി ഒന്നായിരിക്കണം,’ പട്ടേല്‍ പറഞ്ഞു.

ഈ നിയമം ഏതെങ്കിലും മതത്തിന് എതിരല്ലെന്നും മറിച്ച് ലിംഗ ഭേദമന്യേ എല്ലാവര്‍ക്കും പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് തുല്യ അവകാശം നല്‍കാനാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ക്കിടയിലും ഭരണഘടനയുടെ 44ാം അനുഛേദം നടപ്പിലാക്കുകയാണ് തങ്ങള്‍ ചെയ്തതെന്ന് പട്ടേല്‍ പറഞ്ഞു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കൊണ്ടുള്ളതാണ് ബില്ലെന്നും യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും പ്രതിപക്ഷം ആരോപിച്ചു.

പുതിയ ബില്ല് ഭരണഘടന ഉറപ്പ് നല്‍കുന്ന മത സ്വാതന്ത്രത്തിന് എതിരാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

പ്രത്യേക സമുദായങ്ങളുടെ വ്യക്തിനിയമങ്ങളെയും ആചാരങ്ങളെയും തകര്‍ക്കാനാണ് ബില്ല് കൊണ്ടുവന്നിരിക്കുന്നതെന്നും പാര്‍ട്ടി കൂട്ടിച്ചേര്‍ത്തു.

‘2027ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് നിങ്ങള്‍ ഈ ബില്‍ കൊണ്ടുവന്നത്. ഇത് നിയമസഭയുടെ സെലക്ട് കമ്മിറ്റിക്ക് അയയ്ക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു,’ മുതിര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എ ശൈലേഷ് പര്‍മാര്‍ പറഞ്ഞു.

കോണ്‍ഗ്രസ് എം.എല്‍.എ ഇമ്രാന്‍ ഖേദവാല ബില്ലിനെ ശക്തമായി എതിര്‍ത്തു, ‘ഞാന്‍ എന്റെ സമുദായത്തിന് വേണ്ടിയാണ് സംസാരിക്കുന്നത്. ഈ ബില്ലിനെ ഞാന്‍ എതിര്‍ക്കുന്നു, കാരണം അത് നമ്മുടെ ശരിഅത്തിനെയും ഖുര്‍ആനെയും അസ്വസ്ഥമാക്കാന്‍ ശ്രമിക്കുന്നതാണ്. മുസ്‌ലിങ്ങള്‍ക്ക്, നികാഹ്, അനന്തരാവകാശം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെറും നിയമങ്ങളല്ല, മറിച്ച് അല്ലാഹുവിന്റെ കല്‍പ്പനയാണ്, അത് പാലിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. ഈ ബില്ലിനെതിരെ ഞങ്ങള്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും കോടതിയെ സമീപിക്കുകയും ചെയ്യും,’ അദ്ദേഹം പറഞ്ഞു.

നിയമനിര്‍മാണത്തെ ‘മുസ്‌ലിം വിരുദ്ധം’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം സമൂഹത്തില്‍ നിന്ന് വലിയ രീതിയിലുള്ള എതിര്‍പ്പുണ്ടായിട്ടും ബില്ല് പാസാക്കിയെന്ന് പറഞ്ഞു.

ഗുജ്‌റാത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിനുള്ള നീക്കങ്ങള്‍ തുടങ്ങിയത് മുതല്‍ തന്നെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ആരംഭിച്ചിരുന്നു.

ബില്‍ പാസായതോടെ, ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത് രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി മാറി.

ഉത്തരാഖണ്ഡായിരുന്നു ഇത് ആദ്യം പാസാക്കിയത്. 2024 ഫെബ്രുവരിയിലായിരുന്നു ഉത്തരാഖണ്ഡ് ഏകീകൃത സിവില്‍ കോഡ് പാസാക്കിയത്.

Content Highlight: Gujarat Assembly passes Uniform Civil Code Bill despite opposition protests

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more