| Friday, 21st February 2020, 10:32 pm

മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട്, ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത്; ക്വാഡന് പിന്തുണയുമായി ഗിന്നസ് പക്രു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഉയരം കുറവായതിന്റെ പേരില്‍ കൂട്ടുകാര്‍ കളിയാക്കിയതോര്‍ത്ത് കരഞ്ഞ ഒന്‍പതുവയസുകാരന്‍ ക്വാഡന്‍ ബെയില്‍സിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് പങ്കുവെച്ചത്.

എന്നെയാന്ന് കൊന്നുതരു എന്ന് കരയുന്ന ക്വാഡന് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്. ഹോളിവുഡ് നടന്‍ ഹ്യൂ ജാക്ക്മാന്‍ അടക്കമുള്ളവര്‍ ക്വാഡന് പിന്തുണയുമായി എത്തിയിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ സ്വന്തം ഗിന്നസ് പക്രുവും ക്വഡന് പിന്തുണയുമായി എത്തിയിരിക്കുകയാണ്.

ക്വാഡനെ ആശ്വസിപ്പിച്ചുകൊണ്ട് ഒരു ഫേസ്ബുക്ക് കുറിപ്പും അദ്ദേഹം പങ്കുവെച്ചു.

‘മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട്.ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത്. നീ കരയുമ്പോള്‍ …നിന്റെ ‘അമ്മ തോല്‍ക്കും ഈ വരികള്‍ ഓര്‍മ്മ വച്ചോളു. ‘ഊതിയാല്‍ അണയില്ല..ഉലയിലെ തീ.. ഉള്ളാകെ ആളുന്നു ഉയിരിലെ തീ’ഇളയ രാജ. ഇത്തരത്തില്‍ വേദനിക്കുന്നവര്‍ക്കായി എന്റെ ഈ കുറിപ്പ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

ഉയരക്കുറവ് മൂലം കൂട്ടുകാരുടെ നിരന്തരമുള്ള പരിഹാസം സഹിക്കാനാവാതെ പൊട്ടിക്കരയുന്ന ക്വാഡന്റെ വീഡിയോ ആണ് അമ്മയായ യരക്ക ബെയില്‍സ് ആണ് പുറത്തുവിട്ടത്.

‘എനിക്ക് ഒരു കയറു തരൂ ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണ്’ എന്നാണ് ബെയില്‍സിന്റെ ഒന്‍പത് വയസ്സു പ്രായമുള്ള മകന്‍ ക്വാഡന്‍ പറയുന്നത്.

മകനെ സ്‌കൂളില്‍ നിന്ന് തിരിച്ച് കൊണ്ടുപോകാന്‍ ചെന്നപ്പോഴാണ് ക്വാഡനെ കുട്ടൂകാര്‍ കളിയാക്കുന്നത് അവര്‍ കണ്ടത്. മറ്റ് കുട്ടികള്‍ ക്വാഡന്റെ തലയിലടിച്ചുകൊണ്ട് ഉയരത്തെക്കുറിച്ച് പറഞ്ഞ് കളിയാക്കിയാതായും കുട്ടിയുടെ അമ്മ പറയുന്നുണ്ട്.

ക്വാഡന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. ഇതിനോടകം തന്നെ 15 മില്യണിലധികംആളുകള്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു.

DoolNews Video

We use cookies to give you the best possible experience. Learn more