ഗിന്നസ് പക്രുവിനെ അറിയാത്ത മലയാളികളില്ല. അത്ഭുതദ്വീപിലെ വേഷം തന്നെ മതി മലയാളികള്‍ അദ്ദേഹത്തെ ഓര്‍ത്തെടുക്കാന്‍. നടനായി തിളങ്ങിയ അദ്ദേഹം കുട്ടീം കോലും എന്ന സിനിമയിലൂടെ സംവിധായക വേഷവും അണിഞ്ഞു.
ഇപ്പോള്‍ കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിനെപ്പറ്റി സംസാരിക്കുകയാണ് ഗിന്നസ് പക്രു. തുടര്‍ച്ചയായി കഥാപാത്രങ്ങള്‍ വരികയും അതില്‍നിന്ന് തെരഞ്ഞെടുക്കുന്ന രീതിയും തനിക്കില്ലെന്ന് അദ്ദേഹം പറയുന്നു. എങ്കിലും വരുന്ന കഥാപാത്രങ്ങളില്‍ തന്റെ പരിമിതിക്കകത്ത് നിന്നുകൊണ്ട് തനിക്ക് ചെയ്യാന്‍ കഴിയുന്നവയാണ് തെരഞ്ഞെടുക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പിന്നെ കഥാപാത്രം വന്നതുകൊണ്ട് മാത്രം കാര്യമില്ല, ആ സിനിമ നടക്കണം. എന്നെ സംബന്ധിച്ച് എല്ലാ മുന്നൊരുക്കങ്ങളോടെയും വരുന്ന സിനിമകള്‍ വിരളമാണ്. ചിലപ്പോള്‍ വര്‍ഷത്തില്‍ ഒന്ന് അല്ലെങ്കില്‍ രണ്ടു വര്‍ഷം കൂടുമ്പോഴായിരിക്കും ഞാന്‍ പ്രധാന കഥാപാത്രമായി വരുന്ന അത്തരം സിനിമകളുണ്ടാവുക എനിക്ക് വരുന്ന പല കഥാപാത്രങ്ങളും ചെയ്ത് ഫലിപ്പിക്കാന്‍ കഴിയുമോ എന്ന സംശയം എനിക്ക് ഉണ്ടായിട്ടുണ്ട്,’ പക്രു പറയുന്നു.
അവിടെയെല്ലാം തന്നില്‍ വിശ്വാസം അര്‍പ്പിച്ച് വരുന്നവരുടെ പ്രോത്സാഹനമാണ് ഗുണമായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൈ ബിഗ് ഫാദര്‍ സിനിമ അതിനൊരു ഉദാഹരണമാമെന്നും പക്രു പറഞ്ഞു.
‘മൈ ബിഗ് ഫാദര്‍ സിനിമയിലൊക്കെ ജയറാമേട്ടന്റെ അച്ഛനായി ആ കാലത്ത് എനിക്ക് അഭിനയിക്കാന്‍ പറ്റുമോയെന്ന് ഞാന്‍ ചിന്തിച്ചിരുന്നു. കഥാപാത്രം കണ്‍വിന്‍സിങ് ആവുമോ എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു. എന്നെ വിശ്വസിച്ച സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും പ്രോത്സാഹനമാണ് മൈ ബിഗ് ഫാദര്‍ എന്ന സിനിമ. സത്യത്തില്‍ വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രങ്ങള്‍ വരികയും ആ സിനിമ ശ്രദ്ധിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഒരു നടന്‍ എന്ന നിലയില്‍ എനിക്ക് ഒരുപാട് ആത്മസംതൃപ്തി തോന്നിയിട്ടുണ്ട്,’ പക്രു കൂട്ടിച്ചേര്‍ത്തു.
Content highlight: Guinness Pakru says that he wondered if he could play Jayaram’s father role