| Friday, 2nd October 2026, 6:20 pm

അത്ഭുത ദ്വീപിന് ഫസ്റ്റ് ഡേ തിയേറ്ററിൽ ഫുൾ കൂവലായിരുന്നു, ആ നടനെതിരെയുള്ള രോഷമായിരുന്നോ അതെന്ന് അറിയില്ലായിരുന്നു: ഗിന്നസ് പക്രു

അജ്മല്‍ കെ

വിനയൻ സംവിധാനം ചെയ്ത് പൃഥ്വിരാജും ഗിന്നസ് പക്രുവും പ്രധാന വേഷങ്ങളിലെത്തിയ ‘അത്ഭുതദ്വീപ്’ മലയാളത്തിലെ വ്യത്യസ്തമായ സിനിമകളിലൊന്നായിരുന്നു. ചിത്രം തിയേറ്ററുകളിലെത്തിയ ആദ്യദിവസം കോട്ടയത്തെ ഒരു തിയേറ്ററിൽ സിനിമ കാണാനെത്തിയപ്പോഴുണ്ടായ അനുഭവം ഓർത്തെടുക്കുകയാണ് ഗിന്നസ് പക്രു. സിനിമയുടെ ഒരു ഭാഗം പിന്നിട്ടതോടെ തിയേറ്ററിൽ വലിയ രീതിയിലുള്ള കൂവൽ ആരംഭിച്ചെന്നും സിനിമ അവസാനിക്കുന്നതുവരെ അത് തുടർന്നെന്നും പക്രു പറഞ്ഞു.

‘അത്ഭുതദ്വീപ്’ സിനിമയെക്കുറിച്ച് ഒരു സങ്കടകരമായ വിഷയം എന്തെന്നാൽ, ഈ സിനിമ കാണാനായി ഞാൻ കോട്ടയത്ത് ഒരു തിയേറ്ററിൽ ഇരിക്കുകയാണ്. സിനിമ ഇറങ്ങിയ ആദ്യ ദിവസമായിരുന്നു. സിനിമയുടെ ഒരു ഏരിയ അങ്ങ് കഴിഞ്ഞപ്പോൾ സിനിമയ്ക്ക് ഭയങ്കര കൂവൽ. കൂവൽ എന്ന് പറഞ്ഞാൽ സിനിമ കഴിയുന്നതുവരെ കൂവൽ. സിനിമയിൽ ഒരു വാക്കുപോലും കേൾക്കുന്നില്ലായിരുന്നു,’ നടൻ പറഞ്ഞു.

ഗിന്നസ് പക്രു. Photo. Screen Grab/ Youtube

എന്നാൽ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്ത് തനിക്ക് വലിയൊരു മാറ്റം അനുഭവപ്പെട്ടെന്നും പക്രു പറയുന്നു. സിനിമയിൽ താൻ കൈ കാണിക്കുന്ന രംഗത്ത് തിയേറ്ററിൽ നിന്ന് കൈയടി ലഭിച്ചതാണ് അന്ന് മനസിൽ തങ്ങിനിന്ന അനുഭവമെന്നും അദ്ദേഹം ഓർത്തെടുത്തു.

‘അവസാനം ക്ലൈമാക്സ് സീക്വൻസിൽ ഞാൻ കൈ ഇങ്ങനെ കാണിക്കുന്ന സീൻ ഉണ്ടല്ലോ. അവിടെ ക്ലാപ്പ് വന്നു. അത് കഴിഞ്ഞ് തിയേറ്ററിൽ നിന്ന് ഇറങ്ങിയപ്പോൾ ഞാൻ അത്ര സംതൃപ്തനായിരുന്നില്ല. ഇതെന്താണ് ഇങ്ങനെ കൂവൽ എന്ത് പറ്റി എന്ന് എനിക്ക് തോന്നിപ്പോയി,’ പക്രു പറഞ്ഞു.

തുടർന്ന് സംവിധായകൻ വിനയനെ വിളിച്ചപ്പോഴാണ് പല തിയേറ്ററുകളിലും സമാനമായ സാഹചര്യമുണ്ടെന്ന് അറിയുന്നതെന്നും പക്രു പറഞ്ഞു. എന്നാൽ പിന്നീട് ചിത്രം തിയേറ്ററുകളിൽ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടത് തനിക്ക് സന്തോഷം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.

‘സാറിനെ വിളിച്ചപ്പോൾ സാർ പറഞ്ഞു, പലയിടത്തും അങ്ങനെയാണെന്ന്. മനപ്പൂർവം അങ്ങനെ ചെയ്യുന്നുണ്ട് എന്ന്. ‘അതിനിപ്പോൾ നമ്മൾ എന്ത് ചെയ്യാനാ’ എന്ന് ചോദിച്ചു. അത് ഞാൻ ഫസ്റ്റ് ഡേ ആ തിയേറ്ററിൽ ഇരുന്ന് അനുഭവിച്ച ഒരാളാണ്. അതൊക്കെ വലിയൊരു വിഷമമായിരുന്നു. സിനിമ കാണാൻ വരുന്നവർക്ക് ഒരു വാക്കുപോലും കേൾക്കാൻ പറ്റാത്ത തരത്തിലുള്ള ശബ്ദവും കൂവലുമായിരുന്നു തിയേറ്ററിൽ അന്നുണ്ടായിരുന്നത്,’ താരം പറഞ്ഞു.

പിന്നീട് ചിത്രത്തിന് വേണ്ടി താനും സിനിമയിൽ അഭിനയിച്ചിരുന്ന മറ്റ് ചെറിയ കഥാപാത്രങ്ങളിലെത്തിയവരും ചേർന്ന് തിയേറ്ററുകൾ സന്ദർശിച്ച് പ്രചാരണത്തിന്റെ ഭാഗമായെന്നും പക്രു ഓർക്കുന്നു. തന്റെ ഓർമ ശരിയാണെങ്കിൽ കോട്ടയത്തെ അതേ തിയേറ്ററിൽ ചിത്രം 84 ദിവസം വരെ പ്രദർശിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

‘പിന്നെ നമ്മൾ തന്നെ ആ സിനിമയ്ക്ക് വേണ്ടി ഇറങ്ങി. സിനിമയിൽ അഭിനയിച്ചിട്ടുള്ള ചെറിയ ആളുകളും ഒക്കെ ആയിട്ട് ഒരു വണ്ടിയിൽ യാത്ര ചെയ്തിട്ട് തിയേറ്ററുകൾ സന്ദർശിച്ചു. അതുകഴിഞ്ഞ്, എന്റെ ഓർമ ശരിയാണെങ്കിൽ, 84 ദിവസം വരെ ഞാൻ പോയ ആ കോട്ടയം തിയേറ്ററിൽ ചിത്രം ഓടി. അതൊക്കെ ആലോചിക്കുമ്പോൾ സന്തോഷമാണ്,’ പക്രു പറഞ്ഞു.

അന്ന് തിയേറ്ററിൽ ഉണ്ടായ കൂവലിന് പിന്നിലെ കാരണമെന്താണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും പക്രു പറയുന്നു. പൃഥ്വിരാജിനെതിരായ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന്റെ ഭാഗമായിരുന്നോ അതെന്ന് അന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

‘പൃഥ്വിരാജിനെതിരെ ഉണ്ടായ ആക്രമണത്തിന്റെ പുറത്താണ് അങ്ങനെ ഒരു കൂവൽ ഉണ്ടായതെന്ന് എനിക്ക് അറിയില്ല. അന്ന് എനിക്ക് അതൊന്നും അറിയില്ലായിരുന്നു. നമ്മളെ സംബന്ധിച്ചിടത്തോളം സിനിമയിലെ പൊളിറ്റിക്സ് ഒന്നും അന്ന് അറിയുന്ന കാലമല്ലായിരുന്നു. ഇന്ന് സോഷ്യൽ മീഡിയയും കാര്യങ്ങളൊക്കെ കയ്യിലുള്ളതുകൊണ്ട് എല്ലാം നമുക്ക് അറിയാൻ പറ്റും,’ നടൻ വ്യക്തമാക്കി.

ഗിന്നസ് പക്രു. Photo. Screen Grab/ Youtube

‘അത്ഭുതദ്വീപി’ന്റെ ആദ്യഭാഗത്ത് തിയേറ്ററിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും വിമാനം തകർന്നവർ പ്രവേശിക്കുന്ന രംഗം മുതലാണ് കൂവൽ ആരംഭിച്ചതെന്നും പക്രു ഓർക്കുന്നു. അതേസമയം, ആ പ്രതികരണങ്ങൾക്കിടയിലും ക്ലൈമാക്സിൽ പ്രേക്ഷകർ കൈയടിച്ച നിമിഷം ഇന്നും മറക്കാനാകാത്ത അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘സിനിമയുടെ ഫസ്റ്റ് ഒന്നും കുഴപ്പമുണ്ടായിരുന്നില്ല. വിമാനം തകർന്നവർ അകത്ത് കയറിത്തുടങ്ങുന്നത് മുതലായിരുന്നു തിയേറ്ററിൽ പ്രശ്നം. പക്ഷേ എനിക്ക് അന്നൊരു സന്തോഷമെന്ന് പറയുന്നത്, കലഹിച്ചുകൊണ്ടിരിക്കുന്ന ആ ഒരു സ്ഥലത്ത് നിന്ന് ക്ലൈമാക്സ് സീനിൽ ഇവരെല്ലാവരും കൈയടിച്ചത് ഇപ്പോഴും എന്റെ മനസിലുണ്ട്,’ താരം ഓർത്തെടുത്തു.

Content Highlight: Guinness Pakru opens up about ‘Athbhutha Dweepu’

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more