| Wednesday, 10th September 2025, 3:40 pm

സംവിധാനം ചെയ്യുന്ന സിനിമയില്‍ മുഴുനീള വേഷം അഭിനയിക്കാന്‍ താത്പര്യമില്ല; നല്ലൊരു നായകനെ വെച്ച് വെയിലും മഴയും കൊണ്ട് പണിയെടുക്കണം: ഗിന്നസ് പക്രു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ഗിന്നസ് പക്രു. ഹാസ്യതാരം എന്ന നിലയിലാണ് ഇദ്ദേഹം കൂടുതല്‍ ശ്രദ്ധേയന്‍. ഇദ്ദേഹത്തിന്റെ കരിയര്‍ മാറ്റി മറിച്ച ചിത്രമായിരുന്നു അത്ഭുതദ്വീപ്. ചിത്രത്തിലെ വേഷത്തിന് ഏറ്റവും പൊക്കം കുറഞ്ഞ നടനെന്ന ഗിന്നസ് റെക്കോഡും പക്രു സ്വന്തമാക്കി.

കുട്ടീം കോലും എന്ന സിനിമയിലൂടെ സംവിധായകവേഷവും പക്രു അണിഞ്ഞു. സംവിധാനം ഏറ്റവും ഇഷ്ടമുള്ള കാര്യമാണെന്ന് പലയിടത്തും അദ്ദേഹം പറഞ്ഞിട്ടുമുണ്ട്. ഇപ്പോള്‍ സംവിധാനത്തെ കുറിച്ച് സംസാരിക്കുകയാണ് ഗിന്നസ് പക്രു. സിനിമയിലെ രീതികളൊക്കെ ഇപ്പോള്‍ ഒരുപാട് മാറിയെന്ന് പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്.

‘ഞാന്‍ 2013-ലാണ് ‘കുട്ടീം കോലും’ സംവിധാനം ചെയ്തത്. അന്ന് ആ സിനിമ സാമ്പത്തികമായി ഒരു വിജയമായിരുന്നു. അന്ന് മലയാളത്തിലിറങ്ങുന്ന സിനിമകളുടെ എണ്ണവും കുറവായിരുന്നു. ഇന്ന് ഒരു സിനിമ സംവിധാനം ചെയ്യണമെങ്കില്‍ വലിയ മുന്നൊരുക്കങ്ങള്‍ നടത്തണം. അതിന് ഞാനാദ്യം ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കണം. അതുകൊണ്ടാണ്, അടുത്ത സംവിധാനസംരംഭം ഇത്ര വൈകുന്നത്,’ ഗിന്നസ് പക്രു പറഞ്ഞു.

സംവിധാനമെന്നത് തനിക്കെന്നും ആവേശമുള്ള കാര്യമാണെന്നും നമ്മളൊരു സിനിമയുണ്ടാക്കി അത് തിയേറ്ററിലെത്തി, പ്രേക്ഷകര്‍ കണ്ട് അഭിപ്രായം പറയുന്നതുവരെയുള്ള പ്രക്രിയ സത്യത്തില്‍ ആവേശജനകമാണെന്നും പക്രു പറയുന്നു. അന്നും ഇന്നും റിസ്‌കെടുക്കുന്ന കാര്യത്തില്‍ ഒരു മടിയുമില്ലെന്നും എന്നാല്‍ ഇന്ന് എല്ലാ രീതിയിലും സിനിമ മാറിയിട്ടുണ്ടെന്നും പക്രു കൂട്ടിച്ചേര്‍ത്തു.

‘നല്ലൊരു കഥ എന്റെ മനസിലുണ്ട്. എല്ലാ ഘടകവും ഒത്തുവരുന്ന സമയത്ത് അത് ചെയ്യാനുള്ള താത്പര്യവുമുണ്ട്. ‘കഥയുണ്ട് ചേട്ടാ, സംവിധാനം ചെയ്യാമോ?” എന്ന് ചോദിച്ച് പലരും എന്നെ സമീപിച്ചിട്ടുണ്ട്. നിര്‍മാതാക്കളും ചോദിച്ചിട്ടുണ്ട്. ഇപ്പോഴത്തെ തിരക്കുകാരണം എല്ലാം ഒഴിവാക്കുന്നതാണ്.

എന്തായാലും ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മുഴുനീളവേഷം അഭിനയിക്കാന്‍ എനിക്കിനി താത്പര്യമില്ല. ‘കുട്ടീം കോലും’ ചെയ്ത സമയത്ത് എനിക്കത് വലിയ വെല്ലുവിളിയായിരുന്നു. കാരണം നടന്‍ വെയില്‍ കൊള്ളാന്‍ പാടില്ല, ക്ഷീണിതനാവാന്‍ പാടില്ല. പക്ഷേ, സംവിധായകനാണെങ്കില്‍ ഇതെല്ലാം ചെയ്യുകയും വേണം.

തന്റെ ശാരീരികക്ഷമത വെച്ച് ഇത് രണ്ടുംകൂടി വരുമ്പോള്‍ നായകന്‍ ചെറുതായി വാടിപ്പോകുന്നതായി തോന്നിയിട്ടുണ്ടെന്നും വെയില്‍ കൊള്ളാതെ ഒരു സംവിധായകനും പണിയെടുക്കാന്‍ പറ്റില്ലെന്നും അടുത്ത സിനിമയില്‍ നല്ലൊരു നായകനെ വെച്ച്, വെയിലും മഴയും കൊണ്ട്, പണിയെടുക്കണമെന്നാണ് ആഗ്രഹമെന്നും പക്രു പറഞ്ഞു.

Content highlight: Guinness Pakru is talking about the direction 

We use cookies to give you the best possible experience. Learn more