| Thursday, 30th July 2026, 7:12 pm

ഉയരം കുറഞ്ഞ നൂറോളം പേരുടെ വിവാഹം അത്ഭുത ദ്വീപിന് ശേഷം നടന്നു: ഗിന്നസ് പക്രു

അശ്വിന്‍ രാജേന്ദ്രന്‍

മലയാള സിനിമയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ച അഭിനേതാവും സംവിധായകനുമാണ് ഗിന്നസ് പക്രു. തന്റെ പൊക്ക കുറവിനെ ഊര്‍ജമാക്കി കൊണ്ട് സിനിമയിലെത്തിയ താരം അത്ഭുത ദ്വീപിലെ പ്രകടനത്തിലൂടെ ഒരു സിനിമയില്‍ ലീഡ് റോളിലെത്തുന്ന ഏറ്റവും ഉയരം കുറഞ്ഞ താരമെന്ന ഗിന്നസ് റെക്കോഡിന് ഉടമയായിരുന്നു. 2013ല്‍ പുറത്തിറങ്ങിയ കുട്ടിം കോലും എന്ന ചിത്രം സംവിധാനം ചെയ്ത് കൊണ്ട് ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകന്‍ എന്ന നേട്ടവും താരം തന്റെ പേരിലാക്കിയിരുന്നു.

മലയാള സിനിമയിലെ മുന്‍നിര അഭിനേതാക്കളിലൊരാളായി സ്ഥാനം നേടിയെടുത്ത താരം തമിഴിലും തന്റെ കഴിവ് തെളിയിച്ചിരുന്നു. ജീവ നായകനായ ഡിഷ്യൂം എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച താരം സൂര്യയ്ക്കൊപ്പം ഏഴാം അറിവ് വിജയ്യുടെ കാവലന്‍ തുടങ്ങിയ ചിത്രങ്ങളിലും പ്രധാനവേഷങ്ങളിലെത്തിയിരുന്നു. വിജയിക്കൊപ്പവും സൂര്യക്കൊപ്പവും പ്രാധാന്യമുള്ള റോളിലായിരുന്നു ഗിന്നസ് പക്രു വേഷമിട്ടത്.

ഗിന്നസ് പക്രു. Photo: X.com

2005ല്‍ വിനയന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ അത്ഭുത ദ്വീപ് പൊക്കം കുറഞ്ഞവരുടെ നാടിനെ കുറിച്ചുള്ള കഥ പശ്ചാത്തലമാക്കിയായിരുന്നു ഒരുക്കിയത്. ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയ പക്രുവിന് പുറമെ മൂന്നൂറിലധികം പൊക്കം കുറഞ്ഞ അഭിനേതാക്കളും വേഷമിട്ടിരുന്നു. ചിത്രം പുറത്തിറങ്ങിയ ശേഷം ഇതില്‍ നൂറിലധികം പേരുടെ ജീവിതത്തില്‍ ഉണ്ടായ മാറ്റങ്ങളെ കുറിച്ചാണ് ഗിന്നസ് പക്രു സംസാരിച്ചത്. ആനീസ് കിച്ചനില്‍ സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം.

‘ആ സിനിമ കഴിഞ്ഞ ശേഷം ഒരു മുന്നൂറ് പേരുള്ളതില്‍ നൂറോളം പേരുടെ വിവാഹം കഴിഞ്ഞു. അതില്‍ തന്നെ ചിലര്‍ ഉയരം കൂടിയ പെണ്‍കുട്ടികളെയായിരുന്നു വിവാഹം കഴിച്ചത്. അത്ഭുതദ്വീപ് പുറത്തിറങ്ങിയ ശേഷം ഉയരം കുറഞ്ഞവരുടെ വിവാഹത്തിന്റെ ഒരു പരമ്പര തന്നെയായിരുന്നു. ഇതില്‍ പലരും എന്നെ കല്യാണത്തിന് വിളിക്കുന്നുണ്ട് അത് കൊണ്ടാണ് എനിക്ക് ഇത് അറിയാന്‍ പറ്റുന്നത്.

അത്ഭുത ദ്വീപിന്റെ ലൊക്കേഷനിലുള്ളപ്പോള്‍ സമയം കിട്ടുമ്പോഴെല്ലാം ഇതില്‍ പലരോടും ഞാന്‍ അവരുടെ ജീവിതത്തെ കുറിച്ചെല്ലാം ചോദിച്ചിരുന്നു. കൂടുതല്‍ പേര്‍ക്കും കല്യാണം കഴിക്കണമെന്ന് ആഗ്രഹമുണ്ട് പക്ഷേ പെണ്ണ് കിട്ടുന്നില്ലായിരുന്നു. ചിലര്‍ക്ക് തേപ്പ് കിട്ടിയിട്ടുണ്ട്. ആ കഥയെല്ലാം സങ്കടത്തോടെയാണ് എന്റെ അടുത്ത് പറഞ്ഞത്.

അത്ഭുത ദ്വീപ്. Photo: India Today Malayalam

അതെല്ലാം ഈ പടത്തിന്റെ റിലീസിന് ശേഷം മാറുകയും അവരെല്ലാം ഹാപ്പിയാകുകയും ചെയ്തു. അന്നെല്ലാം ചെറിയ ആള്‍ ഉയരം കൂടിയ പെണ്‍കുട്ടികളെയാണ് വിവാഹം കഴിക്കുന്നതെങ്കില്‍ ഇപ്പോള്‍ ഉയരം കുറഞ്ഞ പെണ്‍കുട്ടികള്‍ ഉയരം കൂടിയവരെ വിവാഹം കഴിക്കുന്നത് കാണാം,’ പക്രു പറഞ്ഞു.

Content Highlight: Guinnes Pakru talks about how Vinayan Directed Albutha Dweep Movie changed the life of many people

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more