കായികലോകം ഒരു ഫുട്‌ബോളിലേക്ക് ചുരുങ്ങാന്‍ ഇനി കേവലം 70 ദിവസത്തിന്റെ മാത്രം കാത്തിരിപ്പ്. അമേരിക്കയും കാനഡയും മെക്‌സിക്കോയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിന്റെ കിക്ക് ഓഫ് ജൂണ്‍ 11നാണ്.
ആദ്യ മത്സരത്തില്‍ ലോകകപ്പിന്റെ സഹ ആതിഥേയരായ മെക്‌സിക്കോ സൗത്ത് ആഫ്രിക്കയെ നേരിടും. 2010 ലോകകപ്പിന്റെ ഓപ്പണിങ് മാച്ചിന്റെ അതേ ആവേശമാകും ഈ മത്സരവും ആരാധകര്‍ക്ക് സമ്മാനിക്കുക.
മെക്‌സിക്കോയുടെ ഗോള്‍ പോസ്റ്റിലേക്കാകും ഈ ലോകമൊന്നാകെ ഉറ്റുനോക്കുന്നത്. ‘ലോകകപ്പില്‍ മാത്രം പ്രത്യക്ഷപ്പെടുകയും, ടൂര്‍ണമെന്റ് അവസാനിക്കുമ്പോള്‍ അതുപോലെ അപ്രത്യക്ഷമാവുകയും ചെയ്യുന്ന പ്രതിഭാസമായ’ ടീമിന്റെ ഗോള്‍ കീപ്പര്‍ ഗില്ലര്‍മോ ഒച്ചാവോയിലേക്കാകും ആ നോട്ടമെത്തുന്നത്. ഒച്ചാവോ ഇത്തവണ ടീമിന്റെ ഭാഗമാകുമെന്ന് ഇതിനോടകം നിരവധി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.
ഈ റിപ്പോര്‍ട്ടുകള്‍ ശരി വെച്ച് താരം മെക്‌സിക്കന്‍ ജേഴ്‌സിയണിഞ്ഞ ഗോള്‍മുഖത്ത് നിലയുറപ്പിച്ചാല്‍ ഒരു ചരിത്ര നേട്ടത്തിന് കൂടിയാകും ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിക്കുക. ഏറ്റവുമധികം ലോകകപ്പുകളുടെ ഭാഗമാകുന്ന താരമെന്ന നേട്ടമാണ് ഒച്ചോവ സ്വന്തമാക്കുക. ഇതിഹാസ താരങ്ങളായ ലയണല്‍ മെസിക്കും ക്രിസ്റ്റിയാനോ റൊണാള്‍ഡോക്കുമൊപ്പമാകും ഈ റെക്കോഡിലേക്ക് ഒച്ചോവ എത്തുക.
ഗില്ലര്‍മോ ഒച്ചാവോ
നിലവില്‍ അഞ്ച് ലോകകപ്പുകളില്‍ ഓച്ചോവ ടീമിന്റെ ഭാഗമായിട്ടുണ്ട്. മെക്‌സിക്കന്‍ ഗോള്‍കീപ്പര്‍ അടക്കം ഏഴ് താരങ്ങളാണ് ഈ നേട്ടത്തിലുള്ളത്. ഇതില്‍ മെസിക്കും റോണോയ്ക്കുമൊപ്പം ആറാം ലോകകപ്പാണ് താരം ലക്ഷ്യമിടുന്നത്.
(താരം – ടീം – ലോകകപ്പുകള്‍ എന്നീ ക്രമത്തില്‍)
ആന്റോണിയോ കാര്‍ബഹാല്‍ – മെക്‌സിക്കോ – 1950, 1954, 1958, 1962, 1966
ലോഥര്‍ മത്തൗസ് – ജര്‍മനി – 1982, 1986, 1990, 1994, 1998
റാഫേല്‍ മാര്‍ക്വെസ് – മെക്‌സിക്കോ – 2002, 2006, 2010, 2014, 2018
ലയണല്‍ മെസി – അര്‍ജന്റീന – 2006, 2010, 2014, 2018, 2022
ക്രിസ്റ്റിയാനോ റൊണാള്‍ഡോ – പോര്‍ച്ചുഗല്‍ – 2006, 2010, 2014, 2018, 2022
ഗില്ലര്‍മോ ഒച്ചാവോ – മെക്‌സിക്കോ – 2006, 2010, 2014, 2018, 2022
ആന്‍ഡ്രീസ് ഗ്വാര്‍ഡാഡോ – മെക്‌സിക്കോ – 2006, 2010, 2014, 2018, 2022
2006ലാണ് ഒച്ചോവ ആദ്യമായി ലോകകപ്പിന്റെ ഭാഗമായത്. ശേഷം 2010, 2014, 2018, 2022 ലോകകപ്പുകളിലും താരം മെക്‌സിക്കോക്കായി കളത്തിലിറങ്ങി. ഇതില്‍ 2014ലെ പ്രകടനം എന്നും ആരാധകരുടെ ഓര്‍മയിലുണ്ടാകും.
ഒച്ചാവോ ആരാണെന്നും എന്താണെന്നും വ്യക്തമായി അറിയാവുന്നത് ഒരുപക്ഷേ ബ്രസീലിനും ബ്രസീലിന്റെ ആരാധകര്‍ക്കുമായിരിക്കും. സാംബ നൃത്തച്ചുവടുകളാല്‍ മൈതാനത്തെ കോരിത്തരിപ്പിച്ച പെലെയുടെ പിന്മുറക്കാരെ തളച്ചിടാന്‍ 2014ല്‍ മെക്സിക്കോക്ക് ഒച്ചാവോ മാത്രമായിരുന്നു ആശ്രയമായത്. അന്ന് കാനറികളെ ഗോള്‍രഹിത സമനിലയില്‍ തളച്ചതോടെയാണ് ഒച്ചോവയുടെ പേര് ഫുട്‌ബോള്‍ ലോകത്ത് കൂടുതല്‍ ഉച്ചത്തില്‍ മുഴങ്ങിക്കേട്ടത്.
ഗില്ലര്‍മോ ഒച്ചാവോ
ബ്രസീലിനെ തളച്ച ഗോള്‍മുഖത്തിലെ മാലാഖ ഇത്തവണയും ടീമിന് തുണയാകുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
ലോകകപ്പില്‍ ഗ്രൂപ്പ് എ-യിലാണ് മെക്‌സിക്കോയുടെ സ്ഥാനം. സൗത്ത് ആഫ്രിക്ക, സൗത്ത് കൊറിയ, ചെക്ക് റിപ്പബ്ലിക് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
Content Highlight: Guillermo Ochoa to play in sixth World Cup alongside Messi and Ronaldo