| Monday, 1st June 2026, 9:09 pm

റൊണാള്‍ഡോക്കും മെസിക്കും ശേഷം മൂന്നാമനാവാന്‍ ഒച്ചാവോ; ആറാം ലോകകപ്പിലേക്ക് മെക്‌സിക്കന്‍ വന്മതില്‍

Sudev A

2026 ഫിഫ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് മെക്‌സിക്കോ. ഇതിഹാസ ഗോള്‍കീപ്പര്‍ ഗില്ലര്‍മോ ഒച്ചാവോ ടീമില്‍ ഇടം നേടി. തന്റെ 40ാം വയസിലാണ് ഒച്ചാവോ അവസാന ലോകകപ്പ് കളിക്കാനൊരുങ്ങുന്നത്. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന സഹ രാജ്യങ്ങളില്‍ ഒന്നാണ് മെക്‌സിക്കോ. അതുകൊണ്ട് തന്നെ സ്വന്തം നാട്ടില്‍ അവസാന ലോകകപ്പ് കളിക്കാനുള്ള അവസരമാണ് ഒച്ചോവക്ക് ലഭിച്ചിരിക്കുന്നത്.

ഈ ലോകകപ്പില്‍ കളത്തിലിറങ്ങുന്നതോടെ ഏറ്റവുമധികം ലോകകപ്പുകളുടെ ഭാഗമാകുന്ന താരമെന്ന നേട്ടവും ഒച്ചാവോക്ക് സ്വന്തമാക്കാന്‍ സാധിക്കും. തന്റെ ആറാം ലോകകപ്പ് കളിക്കാനാണ് ഒച്ചാവോ ഒരുങ്ങുന്നത്. ഇതിഹാസ താരങ്ങളായ ലയണല്‍ മെസിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും ശേഷം ആറാം ലോകകപ്പ് കളിക്കാനാണ് താരം എത്തുന്നത്.

ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഗോള്‍ കീപ്പറാവാനും ഒച്ചാവോക്ക് സാധിക്കും. 2006ലാണ് ഒച്ചാവോ ആദ്യമായി ലോകകപ്പിന്റെ ഭാഗമായത്. ശേഷം 2010, 2014, 2018, 2022 ലോകകപ്പുകളിലും താരം മെക്സിക്കോക്കായി കളത്തിലിറങ്ങി. ഇതില്‍ 2014ലെ പ്രകടനം എന്നും ആരാധകരുടെ ഓര്‍മയിലുണ്ടാകും.

ഗില്ലർമോ ഒച്ചാവോ

ഏറ്റവുമധികം ലോകകപ്പുകളുടെ ഭാഗമായ താരങ്ങള്‍

(താരം – ടീം – ലോകകപ്പുകള്‍ എന്നീ ക്രമത്തില്‍)

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – പോര്‍ച്ചുഗല്‍ – 2006, 2010, 2014, 2018, 2022, 2026

ലയണല്‍ മെസി – അര്‍ജന്റീന – 2006, 2010, 2014, 2018, 2022, 2026

ഗില്ലര്‍മോ ഒച്ചാവോ – മെക്സിക്കോ – 2006, 2010, 2014, 2018, 2022, 2026

ആന്റോണിയോ കാര്‍ബഹാല്‍ – മെക്സിക്കോ – 1950, 1954, 1958, 1962, 1966

ലോഥര്‍ മത്തൗസ് – ജര്‍മനി – 1982, 1986, 1990, 1994, 1998

റാഫേല്‍ മാര്‍ക്വെസ് – മെക്സിക്കോ – 2002, 2006, 2010, 2014, 2018

ആന്‍ഡ്രീസ് ഗ്വാര്‍ഡാഡോ – മെക്സിക്കോ – 2006, 2010, 2014, 2018, 2022

ഒച്ചാവോ ആരാണെന്നും എന്താണെന്നും വ്യക്തമായി അറിയാവുന്നത് ഒരുപക്ഷേ ബ്രസീലിനും ബ്രസീലിന്റെ ആരാധകര്‍ക്കുമായിരിക്കും. സാംബ നൃത്തച്ചുവടുകളാല്‍ മൈതാനത്തെ കോരിത്തരിപ്പിച്ച പെലെയുടെ പിന്മുറക്കാരെ തളച്ചിടാന്‍ 2014ല്‍ മെക്‌സിക്കോക്ക് ഒച്ചാവോ മാത്രമായിരുന്നു ആശ്രയമായത്.

അന്ന് കാനറികളെ ഗോള്‍രഹിത സമനിലയില്‍ തളച്ചതോടെയാണ് ഒച്ചോവയുടെ പേര് ഫുട്ബോള്‍ ലോകത്ത് കൂടുതല്‍ ഉച്ചത്തില്‍ മുഴങ്ങിക്കേട്ടത്. ബ്രസീലിനെ തളച്ച ഗോള്‍മുഖത്തിലെ മാലാഖ ഇത്തവണയും ടീമിന് തുണയാകുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ഗില്ലർമോ ഒച്ചാവോ

ലോകകപ്പില്‍ ഗ്രൂപ്പ് എ-യിലാണ് മെക്സിക്കോയുടെ സ്ഥാനം. സൗത്ത് ആഫ്രിക്ക, സൗത്ത് കൊറിയ, ചെക്ക് റിപ്പബ്ലിക് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. 1970, 1986 മെക്‌സിക്കോ ആതിഥേയത്വം വഹിച്ച ലോകകപ്പുകളില്‍ ടീം ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ മുന്നേറിയിരുന്നു.

മറ്റൊരു ലോകകപ്പ് കൂടി സ്വന്തം മണ്ണിലേക്കെത്തുമ്പോള്‍ മെക്‌സിക്കോ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമോയെന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ജൂണ്‍ 11ന് സൗത്ത് ആഫ്രിക്കക്കെതിരെയാണ് മെക്‌സിക്കോയുടെ ആദ്യ മത്സരം.

2026 ലോകകപ്പിനുള്ള മെക്‌സിക്കോ സ്‌ക്വാഡ്

ഗോള്‍കീപ്പര്‍മാര്‍: ഗില്ലെര്‍മോ ഒച്ചോവ, റൗള്‍ റാഞ്ചല്‍, കാര്‍ലോസ് അസെവെഡോ.

ഡിഫന്‍ഡര്‍മാര്‍: ജോര്‍ജ് സാഞ്ചസ്, സീസര്‍ മോണ്ടസ്, ജോഹാന്‍ വാസ്‌ക്വസ്, ജീസസ് ഗല്ലാര്‍ഡോ, ഇസ്രായേല്‍ റെയ്സ്, മാറ്റിയോ ഷാവേസ്.

മിഡ്ഫീല്‍ഡര്‍മാര്‍: എറിക് ലിറ, ഓര്‍ബെലിന്‍ പിനേഡ, ലൂയിസ് ഷാവേസ്, അല്‍വാരോ ഫിഡാല്‍ഗോ, ബ്രയാന്‍ ഗുട്ടറസ്, ലൂയിസ് റോമോ, എഡ്‌സണ്‍ അല്‍വാരസ്, ഒബൈദ് വര്‍ഗാസ്, ഗില്‍ബെര്‍ട്ടോ മോറ.

ഫോര്‍വേഡുകള്‍: റോബര്‍ട്ടോ അല്‍വാറാഡോ, ഗില്ലെര്‍മോ മാര്‍ട്ടിനെസ്, അര്‍മാന്‍ഡോ ഗോണ്‍സാലസ്, സാന്റിയാഗോ ഗിമെനെസ്, റൗള്‍ ജിമെനെസ്, സീസര്‍ ഹ്യൂര്‍ട്ട, അലക്‌സിസ് വേഗ, ജൂലിയന്‍ ക്വിനോന്‍സ്.

Content Highlight: Guillermo Ochoa set to play in sixth World Cup after lionel Messi and Cristiano Ronaldo

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more