| Thursday, 11th June 2026, 4:45 pm

റൊണാള്‍ഡോക്കും മെസിക്കും മുമ്പേ ലോക റെക്കോഡ് റാഞ്ചാം; പുതിയ ചരിത്രത്തിനരികെ ഒച്ചാവോ

Sudev A

ലോകം മുഴുവന്‍ ഒരു കാല്‍പന്തിലേക്ക് ചുരുങ്ങാന്‍ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. മെക്‌സിക്കോ, കാനഡ, യു.എസ്.എ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ 48 രാജ്യങ്ങളാണ് കിരീടം ലക്ഷ്യം വെച്ചിറങ്ങുന്നത്.

ചരിത്രത്തിലെ തന്നെ ഏറ്റവുമധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ലോകകപ്പ് എന്ന ഖ്യാതിയോടെത്തുന്ന ടൂര്‍ണമെന്റ് ആരാധകര്‍ക്ക് ഓര്‍ത്തുവെക്കാന്‍ ഒരുപാട് മികച്ച നിമിഷങ്ങള്‍ സമ്മാനിക്കുമെന്ന് ഉറപ്പാണ്.

ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ സഹ ആതിഥേയരായ മെക്‌സിക്കോ സൗത്ത് ആഫ്രിക്കയെയാണ് നേരിടുന്നത്. 2010 ലോകകപ്പിലെ ആദ്യ മത്സരത്തിന്റെ തനിയാവര്‍ത്തനമാണ് ഈ ലോകകപ്പിലും.

2010ല്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ സമനിലയായിരുന്നു ഫലം. ഇപ്പോള്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പിന്റെ ഓപ്പണിങ് മാച്ചില്‍ വീണ്ടും ഇരുടീമുകളും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ മത്സരം തീപാറുമെന്ന് ഉറപ്പാണ്.

മെക്‌സിക്കോയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ഒരു ചരിത്ര നിമിഷത്തിന് കൂടി ഫുട്‌ബോള്‍ ലോകം സാക്ഷിയാവും. മെക്‌സിക്കോക്ക് വേണ്ടി കളത്തിലിറങ്ങിയാല്‍ ഗില്ലര്‍മോ ഒച്ചാവോ ഏറ്റവുമധികം ലോകകപ്പുകളുടെ ഭാഗമാകുന്ന താരമെന്ന നേട്ടം സ്വന്തമാക്കും.

ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഗോള്‍ കീപ്പറാവാനും ഒച്ചാവോക്ക് സാധിക്കും. 2006ലാണ് ഒച്ചാവോ ആദ്യമായി ലോകകപ്പിന്റെ ഭാഗമായത്. ശേഷം 2010, 2014, 2018, 2022 ലോകകപ്പുകളിലും താരം മെക്‌സിക്കോക്കായി കളത്തിലിറങ്ങി.

ഇതിഹാസ താരങ്ങളായ ലയണല്‍ മെസിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും മുമ്പായി ഈ ചരിത്ര നേട്ടം കൈവരിക്കുന്ന താരമാവാന്‍ ഒച്ചാവോക്ക് സാധിക്കും.

ഏറ്റവുമധികം ലോകകപ്പുകളുടെ ഭാഗമായ താരങ്ങള്‍
(താരം – ടീം – ലോകകപ്പുകള്‍ എന്നീ ക്രമത്തില്‍)

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – പോര്‍ച്ചുഗല്‍ – 2006, 2010, 2014, 2018, 2022, 2026

ലയണല്‍ മെസി – അര്‍ജന്റീന – 2006, 2010, 2014, 2018, 2022, 2026

ഗില്ലര്‍മോ ഒച്ചാവോ – മെക്‌സിക്കോ – 2006, 2010, 2014, 2018, 2022, 2026

ആന്റോണിയോ കാര്‍ബഹാല്‍ – മെക്‌സിക്കോ – 1950, 1954, 1958, 1962, 1966

ലോഥര്‍ മത്തൗസ് – ജര്‍മനി – 1982, 1986, 1990, 1994, 1998

റാഫേല്‍ മാര്‍ക്വെസ് – മെക്‌സിക്കോ – 2002, 2006, 2010, 2014, 2018

ആന്‍ഡ്രീസ് ഗ്വാര്‍ഡാഡോ – മെക്‌സിക്കോ – 2006, 2010, 2014, 2018, 2022

അതേസമയം സൗത്ത് ആഫ്രിക്കക്ക് പുറമെ സൗത്ത് കൊറിയ, ചെക്ക് റിപ്പബ്ലിക് എന്നിവരാണ് മെക്‌സിക്കോയുടെ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. 1970, 1986 മെക്സിക്കോ ആതിഥേയത്വം വഹിച്ച ലോകകപ്പുകളില്‍ ടീം ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ മുന്നേറിയിരുന്നു. മറ്റൊരു ലോകകപ്പ് കൂടി സ്വന്തം മണ്ണിലേക്കെത്തുമ്പോള്‍ മെക്സിക്കോ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമോയെന്നാണ് ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത്.

Content Highlight: Guillermo ochoa set to create a new history in fifa world cup

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more