കേരളത്തിലെ സര്‍ക്കാര്‍- എയ്ഡഡ് കോളേജുകളില്‍ മതിയായ യോഗ്യതയോടെ ജോലി ചെയ്യുന്ന താല്‍ക്കാലിക അധ്യാപകര്‍ സമരത്തിനൊരുങ്ങുകയാണ്. തുല്യ യോഗ്യതയോടെ ജോലി ചെയ്യുന്ന സ്ഥിരാധ്യാപകരുടെ നാലിലൊന്ന് പോലും ശമ്പളം ലഭിക്കുന്നില്ലെന്നതാണ് താല്‍ക്കാലിക അധ്യാപകരുടെ പ്രതിഷേധത്തിന് കാരണം. ചെയ്യുന്ന ജോലിയുടെ വേതനം കൃത്യമായി ലഭിക്കുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു. ഓള്‍ കേരള കോളേജ് ഗസ്റ്റ് ലക്ച്ചേഴ്സ് യൂണിയന്‍ സമരത്തിലാണ്.
ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റും യോഗ്യതയുള്ള താല്‍ക്കാലിക അധ്യാപകര്‍ക്ക് മണിക്കൂറിന് അഞ്ഞൂറ് രൂപയാണ് വേതനം ലഭിക്കുന്നത്. അമ്പത് മണിക്കൂറിന് 25000 രൂപയാണ് ഒരു മാസം പരമാവധി നിശ്ചയിച്ചിരിക്കുന്നത്. നെറ്റ് യോഗ്യത ഇല്ലാത്ത അധ്യാപകര്‍ക്ക് മണിക്കൂറിന് 300 രൂപ ലഭിക്കും. ഇതേ യോഗ്യതയുള്ള സ്ഥിരം അധ്യാപകര്‍ക്ക് ലഭിക്കുന്നത് ഇതിന്റെ നാല് ഇരട്ടിയാണ്.
സ്ഥിരം അധ്യാപകന്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ലഭിക്കുന്നത് 52000 രൂപയാണ്. യു.ജി.സിയുടെ ശമ്പള പരിഷ്‌കരണം നടപ്പാക്കുമ്പോള്‍ അത് 80000 രൂപയാകും. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ശമ്പള പരിഷ്‌കരണം നടപ്പാക്കാന്‍ വൈകുന്നത്. മണിക്കൂറിന് 500 രൂപ നിശ്ചയിച്ച താല്‍ക്കാലിക അധ്യാപകര്‍ക്ക് മാസം 25000 രൂപ പോലും ലഭിക്കുന്നില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്.
“സ്ഥിരാധ്യാപകരും നെറ്റുള്ളവരും നെറ്റില്ലാത്തവരും ഒരേ ജോലി തന്നെയാണ് ചെയ്യുന്നത്. പതിനാറ് മണിക്കൂറാണ് ആഴ്ചയില്‍ സ്ഥിരാധ്യാപകര്‍ ചെയ്യുന്നത്. ഞങ്ങളും അതേ സമയം എടുക്കണം. 44100 രൂപ പരമാവധി കൊടുക്കണം എന്നാണ് ഈ അടുത്ത് ഓര്‍ഡര്‍ വന്നത്. മുപ്പത് ദിവസം ക്ലാസ്സ് എടുത്താലാണ് ഈ തുക കിട്ടുക. ഈ ഉത്തരവ് നടപ്പാക്കിയിട്ടില്ല. മുപ്പത് ദിവസം ഏത് കോളേജാണ് പ്രവര്‍ത്തിക്കുന്നത്.” യൂണിയന്റെ സെക്രട്ടറി ദിലീപ് കുമാര്‍ ചോദിക്കുന്നു.
“24 ദിവസം പോലും ഒരു മാസം കിട്ടിയെന്ന് വരില്ല. തുല്യ ജോലിക്ക് തുല്യ വേതനം കിട്ടണം. 2012 ല്‍ നിശ്ചയിച്ച ശമ്പളമാണ് ലഭിക്കുന്നത്. 2016 ല്‍ വേതനം വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നെറ്റ് യോഗ്യതയില്ലാത്ത അധ്യാപകരുടെ വേതനം 200 ല്‍ നിന്ന് 300 ലേക്ക് ഉയര്‍ത്തിയത് ചൂണ്ടിക്കാട്ടി തെറ്റിദ്ധരിപ്പിക്കുകയാണ് ഇപ്പോള്‍.”
പത്ത് വര്‍ഷത്തോളമായി താല്‍ക്കാലിക അധ്യാപകരായി ജോലി ചെയ്യുന്നവരുണ്ട്. എംപ്ലോയിന്‍മെന്റില്‍ നിന്ന് നിയമനം ലഭിച്ചിരുന്ന അധ്യാപകര്‍ക്ക് സ്ഥിരം ജോലി ലഭിക്കുമ്പോള്‍ അവരുടെ സേവന കാലയളവായി പരിഗണിക്കാറുണ്ടായിരുന്നു. അത് ഇവിടെയും ബാധകമാക്കണം. ലിസ്റ്റിലുള്ള പലര്‍ക്കും പ്രായപരിധി കഴിയാറായി. ലിസ്റ്റ് കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ അവര്‍ക്ക് പിന്നെ പരീക്ഷ പോലും എഴുതാനാവില്ല”. ദിലീപ് കുമാര്‍ പറയുന്നു.
ഓള്‍ കേരള കോളേജ് ഗസ്റ്റ് ലക്ച്ചേഴ്സ് യൂണിയന്‍ ഉന്നയിക്കുന്ന പ്രധാന പ്രശ്നങ്ങള്‍ ഇവയാണ്:-
-ആര്‍ട് ആന്റ് സയന്‍സ് കോളേജുകളില്‍ ആഴ്ചയില്‍ ആറ് മുതല്‍ പതിനാറ് മണിക്കൂര്‍ വരെയാണ് ഗസ്റ്റ് അധ്യാപകര്‍ക്ക് ക്ലാസ്സ് ലഭിക്കുന്നത്. ആറ് മണിക്കൂര്‍ ജോലി ചെയ്യുന്ന അധ്യാപകനും പതിനാറ് മണിക്കൂര്‍ ജോലി ചെയ്യുന്ന അധ്യാപകനും ലഭിക്കുന്നത് ഒരേ കൂലി.
-2012 ലെ ഉത്തരവ് പ്രകാരം ദിവസം മൂന്ന് മണിക്കൂറിന് 1500 രൂപ ലഭിക്കണം. എന്നാല്‍ 1470 രൂപയാണ് കിട്ടുന്നത്.
-സമരവും പൊതു അവധികളും ഉള്ളപ്പോള്‍ 17 പ്രവര്‍ത്തി ദിവസമാണ് മാസത്തില്‍ പരമാവധി ലഭിക്കുന്നത്.
-നെറ്റും പി.എച്ച്.ഡി യും ഉള്ള കോളേജ് അധ്യാപകര്‍ക്ക് ഹയര്‍ സെക്കണ്ടറി അധ്യാപകരെക്കാള്‍ കുറഞ്ഞ കൂലി കിട്ടുന്നത് യുക്തിസഹമല്ല.
-ഹയര്‍ സെക്കണ്ടറിയിലെ ജൂനിയര്‍ അധ്യാപകരും സീനിയര്‍ അധ്യാപകരും തമ്മില്‍ ശമ്പളത്തില്‍ ഉള്ള വ്യത്യാസം 235 രൂപയുടെതാണ്. അവര്‍ക്ക് യഥാക്രമം 1365, 1130 രൂപ ലഭിക്കുന്നു. എന്നാല്‍ കോളേജ് അധ്യാപകര്‍ക്ക് 1470 രൂപയാണ്.
-ആര്‍ട് ആന്റ് സയന്‍സ് കോളേജുകളിലെ അധ്യാപകരുടെ അതേ തസ്തികയില്‍ ജോലി ചെയ്യുന്ന എഞ്ചിനിയറിംഗ് കോളേജുകളിലെ അധ്യാപകര്‍ക്ക് ലഭിക്കുന്നത് 42000 രൂപയാണ്.
-ശമ്പളം നിശ്ചിയിച്ചു കൊണ്ടുള്ള പുതിയ ഉത്തരവിലെ അപാകത കാരണം 2010 ലെ ശമ്പളം തന്നെയാണ് കോളേജ് അധ്യാപകര്‍ വാങ്ങുന്നത്.
-സെമസ്റ്റര്‍ പരീക്ഷകള്‍ നടക്കുമ്പോള്‍ തുച്ഛമായ വേതനമാണ് ലഭിക്കുന്നത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ കോളേജുകള്‍ക്ക് അവധിയുമാണ്.
-സമര ദിവസങ്ങളില്‍ വേതനം ഇല്ലെങ്കിലും ആ ദിവസങ്ങളിലെ പാഠഭാഗങ്ങള്‍ സ്പെഷ്യല്‍ ക്ലാസ്സകളിലൂടെ പഠിപ്പിച്ചു തീര്‍ക്കുന്നു.
-50 മണിക്കൂറിലെ വേതനം കൃത്യമായി ലഭിക്കാതിരിക്കുമ്പോള്‍ അതില്‍ കൂടുതല്‍ മണിക്കൂര്‍ ജോലി ചെയ്യുന്നു.
-ഗവേഷണത്തിന് സ്റ്റൈപന്റ് 28000 രൂപ ലഭിക്കുമ്പോഴും ഗസ്റ്റ് അധ്യാപകര്‍ക്ക് 20000 താഴെയാണ് ശമ്പളം.
-2016 ജൂണ്‍ മാസത്തില്‍ താല്ക്കാലിക ജീവനക്കാരുടെ വേതനം കൂട്ടിയിട്ടും ആ ആനുകൂല്യവും നിഷേധിക്കപ്പെട്ടു.
2016 ജൂണ്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പളം വര്‍ധിപ്പിക്കുക, തുല്യ ജോലിക്ക് തുല്യ വേതനം എന്ന വ്യവസ്ഥ പാലിച്ച് ഫെബ്രുവരി 28നകം കുടിശ്ശിക സഹിതം വിതരണം ചെയ്യുക, എയ്ഡഡ് കോളേജ് അധ്യാപകരുടെ വേതനം കൃത്യമായി വിതരണം ചെയ്യുക, താല്കാലിക അധ്യാപകരായി ജോലി ചെയ്യുന്ന കാലഘട്ടം സര്‍വ്വീസ് കാലാവധിയായി പരിഗണിക്കുക, സ്ഥിരാധ്യപകരുടെ എല്ലാ സേവന വ്യവസ്ഥകളും താല്‍ക്കാലിക അധ്യാപകര്‍ക്കും നല്‍കുക, വേതനത്തോടു കൂടിയ അവധികളും സെമിനാറുകള്‍ക്കും കോണ്‍ഫറന്‍സുകള്‍ക്കും പങ്കെടുക്കുന്നതിനുള്ള ഡ്യൂട്ടി ലീവുകളും നല്‍കുക, ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ആവശ്യമായ തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തുക, അധ്യായന വര്‍ഷത്തിന് ഇടയില്‍ സ്ഥലംമാറ്റവും നിയമനങ്ങളും നടത്തുന്നതിലൂടെ താല്‍ക്കാലിക അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ് താല്‍ക്കാലിക അധ്യാപകര്‍ സര്‍ക്കാറിന് മുന്നില്‍വെക്കുന്ന ആവശ്യങ്ങള്‍.
കൂലി കൃത്യമായി ലഭിക്കാത്ത ജോലി
മാസത്തില്‍ അമ്പത് മണിക്കൂര്‍ കണക്കിലുണ്ടെങ്കിലും ഇതിന് കൃത്യമായ ശമ്പളം ലഭിക്കുന്നില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്. സമരം, പെട്ടെന്നുള്ള അവധികള്‍, ക്രിസ്മസ് അവധി എന്നീ ദിവസങ്ങളിലെ ശമ്പളം കിട്ടില്ല. കൂടാതെ മൂല്യ നിര്‍ണ്ണയ ക്യാമ്പില്‍ പങ്കെടുക്കണമെങ്കിലും അതിന് പ്രത്യേക വേതനം ലഭിക്കില്ലെന്നും ഇവര്‍ പറയുന്നു. ആ സമയത്തെ ശമ്പളവും ലഭിക്കില്ല.
മണിക്കൂറുകള്‍ സഞ്ചരിച്ച് മറ്റ് ജില്ലകളിലെ മൂല്യനിര്‍ണ്ണയ ക്യാമ്പുകളില്‍ പങ്കെടുക്കേണ്ടി വരുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നു. സര്‍ക്കാര്‍ കോളേജുകളിലെ അധ്യാപകര്‍ക്ക് നേരിട്ട് ശമ്പളം ലഭിക്കുന്നുണ്ട്. എന്നാല്‍ എയ്ഡഡ് കോളേജുകളിലെ അധ്യാപകര്‍ക്ക് ജില്ല വിദ്യാഭ്യാസ ഓഫീസ് വഴിയാണ് ശമ്പളം ലഭിക്കുക. അതുകൊണ്ട് തന്നെ ശമ്പളം പത്ത് മാസത്തോളം വൈകുന്നുവെന്നതും ഇവരെ പ്രതിസന്ധിയിലാക്കുന്നു.
“2016 ല്‍ യു ഡി എഫ് സര്‍ക്കാര്‍ എല്ലാ ജീവനക്കാരുടെയും വേതനം വര്‍ധിപ്പിച്ചപ്പോള്‍ ഞങ്ങളുടെ ശമ്പളം കൂട്ടിയിട്ടില്ല. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം നിരവധി നിവേദനം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. എല്‍ പി സ്‌കൂള്‍ അധ്യാപകരെക്കാള്‍ കുറഞ്ഞ വേതനം ആണ് ഞങ്ങളില്‍ പലരും വാങ്ങുന്നത്. മന്ത്രിയുമായി പോലും സംസാരിച്ചു. എന്നിട്ടും മാറ്റമില്ല.“- യൂണിയന്റെ സംസ്ഥാന പ്രസിഡന്റ് പി.പി രജിത്ത് പറയുന്നു.1
ഈ സാഹചര്യത്തിലാണ് സമരം തുടങ്ങിയത്. ഹയര്‍സെക്കണ്ടറിയിലെ താല്ക്കാലിക അധ്യാപകര്‍ക്ക് 36000 രൂപ വരെയൊക്കെ ലഭിക്കുന്നു. പി.എച്ച്.ഡി ബിരുദമുള്ള കോളേജ് അധ്യാപകര്‍ക്ക് തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നത്. പുരുഷന്മാര്‍ ഈ മേഖലയില്‍ നിന്നും കൊഴിഞ്ഞു പോകുകയാണ്. മലബാറില്‍ ആണ് ഏറ്റവും കൂടുതല്‍ അധ്യാപകര്‍ കൊഴിഞ്ഞു പോകുന്നതെന്നും രജിത്ത് പറയുന്നു.
സംസ്ഥാനത്ത് പ്രത്യേകിച്ച് മലബാറില്‍ പല കോളേജുകളും താല്ക്കാലിക അധ്യാപകരാണ് കൂടുതല്‍. സംസ്ഥാനത്തെ വിവിധ കോളേജുകളിലായി 2500 ഗസ്റ്റ് ലക്ചര്‍മാരാണ് ജോലി ചെയ്യുന്നത്.മലപ്പുറത്ത് 365 ഉം കോഴിക്കോട് 169 ഉം കണ്ണൂരില്‍ 216 ഉം കാസര്‍കോട് ജില്ലയില്‍ 132 ഉം താലക്കാലിക അധ്യാപകരാണ് ജോലി ചെയ്യുന്നത്.
“താല്‍ക്കാലിക അധ്യാപകരെ കൊണ്ടാണ് മലബാറിലെ പല കോളേജുകളും പ്രവര്‍ത്തിക്കുന്നത്. തെക്കന്‍ ജില്ലകളിലാണ് താരതമ്യേന കുറവുള്ളത്. ഉദുമ, ചൊക്ലി, പെരിങ്ങോം, നാദാപുരം, ബാലുശ്ശേരി എന്നിവിടങ്ങളിലൊക്കെ രണ്ടോ മൂന്നോ സ്ഥിരാധ്യാപകരാണുള്ളത്. ഞങ്ങള്‍ സമരത്തിലേക്ക് പോയാല്‍ ഇവിടെയെല്ലാം അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ താളംതെറ്റും “ രജിത്ത് മുന്നറിയിപ്പ് നല്‍കുന്നു.
“ഇതിലെ പതിനഞ്ച് പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കൊണ്ട് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ തൃപ്തികരമായ മറുപടി ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ലഭിച്ചിട്ടില്ല. സ്ഥിരാധ്യാപകര്‍ക്കും താല്ക്കാലിക അധ്യാപകര്‍ക്കും യോഗ്യത ഒന്നാണെങ്കിലും നിയമനത്തില്‍ വ്യത്യാസമുണ്ടെന്നാണ് ശമ്പളത്തിലെ വ്യത്യാസത്തിന് കാരണമായി അവര്‍ പറയുന്നത്. പി.എസ്.സി യുടെ പരീക്ഷയും ഇന്റര്‍വ്യൂ കഴിഞ്ഞാണ് സ്ഥിരാധ്യാപകര്‍ നിയമിക്കപ്പെടുന്നതെന്നും ഗസ്റ്റ് അധ്യാപകര്‍ അങ്ങനെ അല്ലെന്നുമാണ് അവരുടെ ന്യായീകരണം.
“അപ്പോള്‍ എയ്ഡഡ് കോളേജുകളിലെ അധ്യാപകരെ ആരാണ് നിയമിക്കുന്നത്. അവര്‍ക്ക് ഇതേ സ്‌കെയിലിലുള്ള ശമ്പളം തന്നെ നല്‍കുന്നുണ്ടല്ലോ. പി.എസ്.സി പരീക്ഷയാണ് മാനദണ്ഡം എന്ന് പറയുന്നതിനോട് യോജിക്കാനാവില്ല. ഞങ്ങളെയും ഇന്റര്‍വ്യൂ നടത്തി തന്നെയല്ലേ തെരഞ്ഞെടുക്കുന്നത്. കോളേജുകളിലെ എല്ലാ ആക്ടിവിടികളിലും ഞങ്ങള്‍ സഹകരിക്കുന്നുണ്ട്. എന്നിട്ടും ഞങ്ങളോട് വിവേചനം കാണിക്കുന്നതെന്താണ്.?”– ദിലീപ് കുമാര്‍ ചോദിക്കുന്നു.