| Thursday, 4th September 2025, 7:09 am

ജി.എസ്.ടി പരിഷ്‌കാരം; ജീവന്‍രക്ഷാ മരുന്നുകളുടെ വില കുറയും, നാല് നികുതി സ്ലാബുകളില്‍ നിന്ന് രണ്ട് സ്ലാബുകളാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അഞ്ച്, 12, 18, 28 ശതമാനം എന്നിങ്ങനെയുള്ള നാല് ജി.എസ്.ടി നികുതി സ്ലാബുകള്‍ 5 ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടായി കുറയ്ക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ അംഗീകരിച്ചു. നാല് സ്ലാബുകളില്‍ നിന്ന് 5, 18 ശതമാനം സ്ലാബുകളിലേക്ക് കുറച്ചതോടെ 90 ശതമാനം ഉത്പങ്ങളുടെ വില കുറയും.

കൂടാതെ, വ്യക്തിഗത ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന് ബാധകമായ 18 ശതമാനം നികുതി ഒഴിവാക്കണമെന്ന ആവശ്യവും ജി.എസ്.ടി കൗണ്‍സില്‍ അംഗീകരിച്ചു. എന്നാല്‍ കേരളത്തിന് തിരിച്ചടിയായി ലോട്ടറിയുടെ നികുതി 28 ശതമാനത്തില്‍ നിന്നും 50 ശതമാനമായി കൂടി. 56ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിന് ശേഷം ഇന്നലെ (ബുധനാഴ്ച)യാണ് കേന്ദ്ര മന്ത്രി നിര്‍മലാ സീതാരാമന്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്.

പുതിയ മാറ്റം 2023-24ലെ ഉപഭോഗ രീതികളെ അടിസ്ഥാനമാക്കി 48,000 കോടി രൂപയുടെ അറ്റവരുമാനബാധ്യത ഉണ്ടാക്കും. യു.എസ് താരിഫുകള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലിനിടെയാണ് ഈ നടപടി.

ഗാര്‍ഗിക അവശ്യവസ്തുക്കള്‍, മരുന്നുകള്‍, ചെറിയ കാറുകള്‍, ടൂത്ത് പേസ്റ്റ്, സിമന്റ് എന്നിങ്ങനെയുള്ള വസ്തുക്കളുടെ നികുതി സെപ്റ്റംബര്‍ 22 മുതല്‍ കുറയും. നിലവില്‍ 12 ശതമാനം നികുതി ബാധകമാകുന്ന 99 ശതമാനം ഇനങ്ങള്‍ക്കും അഞ്ച് ശതമാനമോ അല്ലെങ്കില്‍ നികുതി ഇല്ലാതാകുകയോ ചെയ്യും. 28 ശതമാനം നികുതിയില്‍ നിന്ന് 18 ശതമാനം നികുതിയിലേക്ക് മാറും.

33 ജീവന്‍രക്ഷാ മരുന്നുകളുടെ 12 ശതമാനം നികുതി പൂര്‍ണമായും ഒഴിവാക്കുകയും 3 ജീവന്‍രക്ഷാ മരുന്നുകളുടെയും അര്‍ബുദ, അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെയും അഞ്ച് ശതമാനം നികുതി ഒഴിവാക്കി. ചെറുകാറുകള്‍, 350 സി.സി വരെയുള്ള ഇരുചക്രവാഹനങ്ങള്‍ എന്നിവയ്ക്കും വില കുറയും. എസി, ടി.വി എന്നിവയുടെയും വില കുറയും. പുകയില, സിഗരറ്റ്, ശീതള പാനീയങ്ങള്‍, പാന്‍ മസാല എന്നിങ്ങനെയുള്ള ഏഴിനങ്ങള്‍ക്ക് 40 ശതമാനം നികുതി ഈടാക്കും. മാര്‍ബിള്‍, ഗ്രാനൈറ്റ് എന്നിവയുടെയും വില കുറയും.

പുതിയ പരിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ പൗരന്‍മാരുടെ ജീവിതം മെച്ചപ്പെടുത്തുത്തുമെന്നും ചെറുകിട കച്ചവടക്കാര്‍ക്കും, ബിസിനസുകാര്‍ക്കും ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുമെന്നും ഇളവുകള്‍ അംഗീകരിച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, പുതിയ മാറ്റം നിലവില്‍ വരുമ്പോഴുണ്ടാകുന്ന വരുമാന ഇടിവ് പരിഹരിക്കാനുള്ള പകരം സംവിധാനം ഏര്‍പ്പെടുത്താത്തതിനെതിരെ കേരളമടക്കം എട്ട് ബി.ജെ.പി ഇതര സംസ്ഥാനങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി.

നിരക്ക് കുറയ്ക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്നും എന്നാല്‍ വരുമാനക്കുറവ് നികത്താന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

Content Highlight: GST reform; Prices of life-saving medicines will come down

We use cookies to give you the best possible experience. Learn more