ചരക്കുസേവന നികുതി നടപ്പാക്കിയതിന് പിന്നാലെ വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ് സംസ്ഥാനത്തെ ഇന്ത്യന്‍ കോഫി ഹൗസുകള്‍. ജി.എസ്.ടിക്ക് പിന്നാലെ 55 ഇന്ത്യന്‍ കോഫീ ഹൗസ് ബ്രാഞ്ചുകളിലായി കോടിക്കണ്ണക്കിന് രൂപയുടെ വ്യാപാര നഷ്ടം സംഭവിച്ചതായി അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു.
ജി.എസ്.ടി നടപ്പാക്കിയതിന് ശേഷം കോഫീ ഹൗസുകള്‍ നൂറ് ശതമാനം പ്രതിസന്ധി നേരിടുകയാണെന്ന് ഇന്ത്യന്‍ കോഫി വര്‍ക്കേഴ്‌സ് കോപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതി തലവന്‍ ബാലകൃഷ്ണന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
““12 ശതമാനവും 18 ശതമാനവും ജി.എസ്.ടി ഈടാക്കിയപ്പോള്‍ 30 ശതമാനം വരെയാണ് വരുമാനത്തില്‍ കുറവുണ്ടായത്. ജി.എസ്.ടി അഞ്ച് ശതമാനമാക്കി കുറച്ചപ്പോള്‍ ചെറിയൊരു ഇളവ് അതിനകത്ത് വന്നിട്ടുണ്ട്. എന്നാലും അത് വളരെ നേരിയതാണ്. 15 മുതല്‍ 20 ശതമാനം വ്യാപാരത്തില്‍ കുറവുവന്നിട്ടുണ്ട്. മുന്‍പ് അത് 30 ന് മുകളിലുമായിരുന്നു”” അദ്ദേഹം വിശദീകരിക്കുന്നു.
ജി.എസ്.ടി 12 ശതമാനം നടപ്പിലാക്കിയപ്പോള്‍ വലിയ പ്രതിസന്ധിയിലേക്ക് സ്ഥാപനം പോയെന്നും ഏതാണ്ട് 20 ശതമാനം (അഞ്ചിലൊന്ന് വ്യാപാരം) നഷ്ടമായെന്നും ഇന്ത്യന്‍ കോഫി വര്‍ക്കേഴ്‌സ് കോപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതി വൈസ് പ്രസിഡന്റ് മധുസൂദനന്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.
“”ജി.എസ്.ടി അഞ്ച് ശതമാനമാക്കിയപ്പോള്‍ പഴയ വ്യാപാരം തിരിച്ചുകൊണ്ടുവരിക എന്ന നിലയില്‍ ജനങ്ങളില്‍ നിന്നും നികുതി ഈടാക്കാതെ സ്ഥാപനം തന്നെ നേരിട്ട് ജി.എസ്.ടി അടയ്ക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. ഇതോടെ പോയ വ്യാപാരത്തിന്റെ 50 ശതമാനം തിരിച്ചുവന്നു. എന്നാലും പഴയ നിലയിലേക്ക് ഇതുവരെ എത്തിയിട്ടില്ല. ജൂലൈയില്‍ ജി.എസ്.ടി നടപ്പിലാക്കിയപ്പോള്‍ ജൂണ്‍മാസത്തില്‍ അവസാനിച്ച വ്യാപാരത്തിലേക്ക് ഇപ്പോഴും തിരിച്ചെത്തിയിട്ടില്ല. വളരെ ബുദ്ധിമുട്ടില്‍ തന്നെയാണ് സഹകരണ സംഘം പ്രവര്‍ത്തിച്ചുപോകുന്നത്. വ്യാപാര നഷ്ടത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. “”– അദ്ദേഹം പറയുന്നു.
അതേസമയം സാമ്പത്തിക വര്‍ഷം ഒരു കോടിയില്‍ കുറവ് വരുമാനമുള്ള ഹോട്ടലുകള്‍ക്ക് ജി.എസ്.ടി ഏര്‍പ്പെടുത്തേണ്ടതില്ല എന്നതിനാല്‍ ചില ഹോട്ടലുകള്‍ കണക്കില്‍ കൃത്രിമം കാണിച്ച് ജി.എസ്.ടി ഒഴിവാക്കുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതുകൊണ്ട് തന്നെ ചെറുകിട ഹോട്ടലുകളുടെ ഭക്ഷണ വില താരതമ്യേന കോഫീ ഹൗസുകളിലെ വിലയെക്കാള്‍ കുറവായിരിക്കും. ഇക്കാരണത്താല്‍ ഉപയോക്താക്കളില്‍ നല്ലൊരു ശതമാനം ചെറുകിട ഹോട്ടലുകളെ ആശ്രയിക്കുകയാണെന്നും ഇതും ഇന്ത്യന്‍ കോഫീ ഹൗസുകളുടെ വരുമാന നഷ്ടത്തിന് കാരണമായിട്ടുണ്ടെന്നുമാണ് വിലയിരുത്തല്‍.
കോഫി ഹൗസില്‍ ജി.എസ്.ടി ഉള്‍പ്പെടുത്തിയതോടെ ഭക്ഷണം കഴിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നതും വ്യാപാര നഷ്ടത്തിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇക്കാര്യം ശരിവെക്കുന്നതാണ് ഭരണസമിതി തലവന്റേയും പ്രതികരണം.
“”ജി.എസ്.ടിക്ക് മുന്‍പ് 40 രൂപയാണ് ഒരു ഊണിന് വാങ്ങിയിരുന്നത്. 12 ശതമാനം ജി.എസ്.ടി വന്നപ്പോള്‍ അഞ്ച് രൂപ കൂടി ചേര്‍ത്ത് അവരോട് 45 രൂപ വാങ്ങി. ഈ വര്‍ധനയോടെ ഉപഭോക്താക്കളുടെ കുറവുണ്ടായി. അവര്‍ക്ക് ചിലപ്പോള്‍ 40 രൂപയ്ക്ക് വേറെ സ്ഥലത്തു നിന്ന് അല്‍പ്പം മോശമായാല്‍പ്പോലും ഭക്ഷണം കിട്ടും. അതോടെ അവര്‍ മറ്റ് ഹോട്ടലുകളെ ആശ്രയിക്കാന്‍ തുടങ്ങി. “”- അദ്ദേഹം പറയുന്നു.
ജി.എസ്.ടി മാത്രമല്ല നോട്ട് നിരോധനവും കോഫി ഹൗസിന്റെ പ്രവര്‍ത്തനത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
“”കറന്‍സി നിരോധനം എല്ലാ മേഖലകളേയും പോലെ തന്നെ കോഫി ഹൗസുകളേയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. അതിന് ശേഷം വീണ്ടും ഒരു ഇരുട്ടടി പോലെയാണ് ഈ ജി.എസ്.ടി വന്നത്. ഇപ്പോഴും അതില്‍ നിന്നും മുക്തരായിട്ടില്ല””.- ബാലകൃഷ്ണന്‍ വ്യക്തമാക്കുന്നു.
കണ്ണൂര്‍ ആസ്ഥാനമായി ആറ് ജില്ലകള്‍ പ്രവര്‍ത്തന പരിധിയുള്ള കോഫി ഹൗസ്, അഞ്ച് സാധനങ്ങള്‍ക്ക് വിലക്കയറ്റം വേണ്ടെന്ന് വെച്ചിട്ടുണ്ട്. ചായ, ഇഡ്ഡലി, വട, പൂരി, ചപ്പാത്തി തുടങ്ങിയ വിഭവങ്ങള്‍ക്ക് 2017 ജനുവരി 1 നുള്ള വില തന്നെയാണ് ഇപ്പോഴും ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നത്. ബാക്കിയുള്ള വിഭവങ്ങള്‍ക്ക് അഞ്ച് ശതമാനം വാങ്ങിക്കൊണ്ടാണ് ഇപ്പോഴത്തെ കാര്യങ്ങള്‍ മുന്‍പോട്ടു പോകുന്നതെന്നും നടത്തിപ്പുകാര്‍ വ്യക്തമാക്കുന്നു. നിലവില്‍ ബീഫ് വില്‍പ്പന ഉള്ളിടത്ത് അത് തുടരുകയും ഇല്ലാതിരുന്ന സ്ഥലത്ത് പുതുതായി ആവശ്യക്കാര്‍ വരികയാണെങ്കില്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
ജി.എസ്.ടി വരുന്നതിന് മുന്‍പ് കോഫീ ഹൗസുകളെ ജനങ്ങള്‍ നന്നായി സ്വീകരിച്ച അവസ്ഥയുണ്ടായിരുന്നു. നല്ല കച്ചവടമായിരുന്നു. കറന്‍സി നിരോധവും ജി.എസ്.ടിയും വന്നതിന് ശേഷമാണ് ഒരു വിഭാഗം ആളുകള്‍ കോഫി ഹൗസില്‍ നിന്നും അകലാന്‍ തുടങ്ങുന്നതെന്നാണ് ഇവര്‍ പറയുന്നത്. ഇക്കാര്യം ശരിവെച്ചുകൊണ്ടാണ് ഇന്ത്യന്‍ കോഫി വര്‍ക്കേഴ്‌സ് കോപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതി വൈസ് പ്രസിഡന്റ് മധുസൂദനന്റേയും വാക്കുകള്‍.
“”കോഫി ഹൗസിനെ സംബന്ധിച്ച് 70 ശതമാനം റെഗുലര്‍ കസ്റ്റമാര്‍മാരായിരിക്കും. 30 ശതമാനമാണ് അപൂര്‍വമായി വരുന്നവര്‍. ഈ 70 ശതമാനത്തില്‍ വലിയ പോറല്‍ പറ്റിയിട്ടില്ല. അത് അങ്ങനെ നില്‍ക്കുന്നുണ്ട്. കോഫീ ഹൗസിനെ മാത്രം ആശ്രയിക്കുന്ന നഗരങ്ങളിലെ ആളുകളാണ് അവര്‍. അതില്‍ എല്ലാ വിഭാഗക്കാരുമുണ്ട്. പക്ഷേ നഗരത്തിലേക്ക് പുതുതായി വരുന്ന 30 ശതമാനത്തിലാണ് വലിയ ചോര്‍ച്ചയുണ്ടായത്. ഈ 20 ശതമാനത്തിന്റെ വ്യാപാരകുറവ് എന്ന് പറഞ്ഞത് അവരില്‍ നിന്നാണ്. മാര്‍ക്കറ്റില്‍ പൊതുവെയുണ്ടായ മാന്ദ്യം നമുക്കും അനുഭവപ്പെട്ടു എന്നതാണ്. നമ്മളെ ഉപേക്ഷിച്ച് മറ്റൊരു ഹോട്ടലിലേക്ക് പോകേണ്ട സാഹചര്യം നിലവിലില്ല. ആളുകള്‍ക്ക് ആശ്രയിക്കാവുന്ന വിലയില്‍ തന്നെയാണ് നമ്മള്‍ കൊടുക്കുന്നത്. അതുകൊണ്ട് തന്നെ നമ്മളെ വിട്ട് മറ്റൊരിടത്തേക്ക് അവര്‍ക്ക് പോകേണ്ടി വരും എന്ന് തോന്നിയിട്ടില്ല.””- അദ്ദേഹം പറയുന്നു.
ജനങ്ങളുടെ പിറകോട്ട് പോക്ക് തങ്ങളെ സംബന്ധിച്ചിടത്തോളം വളരെ കാര്യമായി ബാധിച്ച ഒരു വിഷയമാണ്. ജി.എസ്.ടിയ്ക്ക് മുന്‍പുണ്ടായിരുന്ന വിലയില്‍ ഇപ്പോഴും വിഭവങ്ങള്‍ കൊടുക്കാന്‍ പറ്റുമായിരുന്നെങ്കില്‍ ജനവിശ്വാസം നേടിയ സ്ഥാപനമെന്ന നിലയില്‍ അനുകൂലമായ ഒരു വലിയ മാറ്റം തന്നെ ഉണ്ടാകുമായിരുന്നെന്നും അധികൃതര്‍ വിശദീകരിക്കുന്നു.
ജി.എസ്.ടിക്ക് പിന്നാലെ വില വര്‍ധിച്ചപ്പോള്‍ മറ്റ് ഹോട്ടലുകളെ ആശ്രയിക്കേണ്ടി വന്നിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തുകയാണ് സ്ഥിരം ഉപയോക്താക്കളും.
“”എവിടെച്ചെന്നാലും വളരെ വിശ്വസിച്ചുകഴിക്കാന്‍ പറ്റുന്ന സ്ഥലമാണ് ഇന്ത്യന്‍ കോഫി ഹൗസുകള്‍. മിതമായ നിരക്കില്‍ വൃത്തിയുള്ള ചുറ്റുപാടില്‍ ഭക്ഷണം കഴിക്കാമെന്നതാണ് വലിയ ഗുണമായി തോന്നിയത്. താരതമ്യേന നിരക്ക് കൂടുമ്പോള്‍ മറ്റ് ഹോട്ടലുകളിലേക്ക് പോകുന്നത് സ്വാഭാവികമാണ്. പ്രത്യേകിച്ചും കോഫി ഹൗസുകളെ ദിവസവും ആശ്രയിക്കുന്നവര്‍. എന്നാല്‍ വല്ലപ്പോഴും കഴിക്കുന്നവര്‍ കോഫി ഹൗസുകളെ തന്നെയാണ് ആശ്രയിക്കുന്നത്.- കോഫി ഹൗസുകളില്‍ നിന്നും ഭക്ഷണം കഴിക്കുന്ന കോഴിക്കോട് താമസിക്കുന്ന അമിത്ത് പറയുന്നു.
കഴിഞ്ഞ പത്ത് മുപ്പത് വര്‍ഷത്തെ അനുഭവത്തിനിടെയുണ്ടായ കനത്ത അടിയാണ് ജി.എസ്.ടിയെന്ന് ഭരണസമിതി വൈസ് പ്രസിഡന്റ് മധുസൂദനന്റെ പ്രതികരണം.
“”ഈ മേഖലയെ തന്നെ ആകെ ഉലച്ചുകളഞ്ഞ അടിയാണ് ഇത്. ആ അടി സര്‍ക്കാരിന്റെ വകയാണ്. കുക്ക്ഡ് ഫുഡിന് ഈടാക്കിക്കൊണ്ടിരുന്ന വാറ്റ് വില്‍പ്പന വിലയുടെ അര ശതമായിരുന്നു. അര ശതമാനം എന്നത് സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം സാരമായി ബാധിക്കുന്നതല്ല. നമ്മളെപ്പോലുള്ള സ്ഥാപനം ആദായമുണ്ടാക്കിയാല്‍ ആദായനികുതി അടയ്ക്കും. അത് കൃത്രിമം ഇല്ലാത്ത കണക്കാണ്. അത് അടക്കുന്നുമുണ്ട്. അപ്പോള്‍ സര്‍ക്കാരിന് ലഭിക്കേണ്ടത് എങ്ങനെയാണെങ്കിലും ലഭിക്കും. എന്നാല്‍ ഇത് ഇതിന്റെ ബേസിനെ തന്നെ തകര്‍ക്കുന്ന സമീപനമായി മാറി.””- അദ്ദേഹം വിശദീകരിക്കുന്നു.
മലബാറില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോഫി ഹൗസുകള്‍ എന്നുപറയുന്നത് സാധാരണ ജനങ്ങളുടെ, പ്രത്യേകിച്ച് തൊഴിലാളി വിഭാഗങ്ങളുടെ ഭക്ഷണശാലയാണ്. ഏഴ് രൂപയ്ക്ക് ചായകൊടുക്കുകയും 7 രൂപയ്ക്ക് പൂരിമസാലയും കൊടുത്തു നടത്തി വരുന്ന സ്ഥാപനം. സ്വകാര്യ മേഖലയിലെ ചെറിയ കടകളോടുപോലും മത്സരിക്കാവുന്ന രീതിയിലുള്ള വിലവിവരപ്പട്ടികയാണ് ഇത്. 27 ബ്രാഞ്ചിലൂടെ 70 കോടി രൂപയുടെ വ്യാപാരം ഒരു വര്‍ഷം നടത്തും.
ഈ ചെറുകിട ഹോട്ടലുകാരെ സംബന്ധിച്ച് അവര്‍ക്ക് ജി.എസ്.ടിയൊന്നും ഇല്ല. അതുകൊണ്ട് തന്നെ വളരെ സ്വതന്ത്രമായി അവര്‍ക്ക് വ്യാപാരം നടത്താം. വലിയ വിറ്റുവരവിന്റെ കീഴില്‍ ഒരുമിച്ച് ഒറ്റ firm ആയി പ്രവര്‍ത്തിക്കുന്നത് കൊണ്ടും വലിയ വിറ്റുവരവുള്ളതുകൊണ്ടും നമുക്ക് വലിയ ആനുകൂല്യമൊന്നും ലഭിക്കുകയുമില്ല. അതുകൊണ്ട് വലിയ പ്രതിസന്ധി ജി.എസ്.ടിയുമായി ബന്ധപ്പെട്ട് ഹോട്ടല്‍ രംഗത്തുണ്ട്. ഹോട്ടല്‍ രംഗത്തെ സംബന്ധിച്ച് ജി.എസ്.ടി കൗണ്‍സില്‍ വളരെ ആഴത്തിലുള്ള പഠനം നടത്തണമെന്ന അഭിപ്രായമാണ് ഞങ്ങള്‍ക്കുള്ളത്. കാരണം ആദ്യം ഇന്‍പുട് ടാക്‌സ് എന്ന നിലയില്‍ 12 ശതമാനം ആയപ്പോള്‍ വാങ്ങുന്ന സാധനങ്ങള്‍ക്ക് ഇന്‍പുട് ലഭിക്കുമായിരുന്നു. അഞ്ച് ശതമാനം ആയപ്പോള്‍ ആ ഇന്‍പുട് അവസാനിപ്പിച്ചു. ഇത്തരത്തില്‍ ഹോട്ടല്‍ മേഖലയോട് ജി.എസ്.ടി കൗണ്‍സില്‍ കടുത്ത നിലപാടെടുക്കുകയാണെന്നും അദ്ദേഹം പറയുന്നു.
അതേസമയം ലക്ഷ്വറി റസ്റ്റോറന്റുകള്‍ ജി.എസ്.ടിയില്‍ നിന്നും രക്ഷപ്പെടുകയാണ് ഉണ്ടായതെന്ന വിലയിരുത്തലുകളും ഉണ്ട്. ലക്ഷ്വറി റസ്റ്റോറന്റുകള്‍ക്ക് നിലവില്‍ 18 ശതമാനം സര്‍വീസ് ടാക്‌സ് ഉണ്ടായിരുന്നു. സംസ്ഥാനത്തിന്റെ വാറ്റും കൊമേഴ്‌സ്യല്‍ ടാക്‌സ് വേറെയും. എന്നാല്‍ ജി.എസ്.ടി വന്നതോടെ 28 ശതമാനം നികുതിയുണ്ടായിരുന്നത് നേരെ 12 ശതമാനത്തിലേക്ക് താഴ്ന്നു. നിലവില്‍ അര ശതമാനം നികുതിയുണ്ടായിരുന്ന കോഫി ഹൗസുകള്‍ 12 ശതമാനത്തിലേക്ക് പോകുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ സൂപ്പര്‍ക്ലാസ് റെസ്റ്റോറന്റുകളെ സഹായിക്കുകയും സാധാരണക്കാരന്റെ ഭക്ഷണശാലകളുടെ കഴുത്തിന് പിടിക്കുകയുമാണ് ജി.എസ്.ടിയിലൂടെ ഉണ്ടായതെന്നാണ് പൊതവിലുള്ള വിലയിരുത്തല്‍.
അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ സര്‍ക്കാര്‍ റിവൈസ് ചെയ്യുന്ന ശമ്പളപരിഷ്‌കരണമാണ് കോഫി ഹൗസുകളില്‍ നടപ്പാക്കുന്നതെന്നും അതുപോലെ സര്‍ക്കാര്‍ പറയുന്ന മറ്റെല്ലാ ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് കൊടുക്കണമെന്നും ഭരണസമിതി വ്യക്തമാക്കുന്നു.
“”സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ശമ്പളം, ബോണസ്, ഇ.എസ്.ഐ, പ്രൊവിഡന്റ് ഫണ്ട് തുടങ്ങി എല്ലാ കാര്യങ്ങളും തൊഴിലാളികള്‍ക്ക് കൊടുത്തിരിക്കണം. സാധാരണ പ്രൈവറ്റ് ഹോട്ടലുകള്‍ നടത്തുന്നതുപോലെ അഞ്ചും ആറും ആളുകളെ വെച്ച് ഇത്തരം സ്ഥാനപങ്ങള്‍ നടത്താന്‍ കഴിയില്ല. ആയിരത്തിനടുത്ത് തൊഴിലാളികള്‍ ഇവിടെയുണ്ട്. അപ്പോള്‍ സ്വാഭാവികമായി ഈ ആനുകൂല്യങ്ങള്‍ എല്ലാം കൂടി ആവുമ്പോഴേക്ക് ഇത് നഷ്ടത്തിലേക്ക് പോകാനുള്ള അവസ്ഥയാണ്. ഗൗരവതരമായ പ്രതിസന്ധികള്‍ വരാനിരിക്കുകാണ്. അടച്ചുപൂട്ടിയിട്ടില്ലെങ്കിലും ജീവക്കാരെ വളരെ ഗൗരവമായി ബാധിക്കുന്ന സ്ഥിതിയാണ് വരാനിരിക്കുന്നത്””- ഭരണ സമിതി വിശദീകരിക്കുന്നു.
നിലവില്‍ 20 ശതമാനം നല്‍കിയിരുന്ന ബോണസ് ലാഭമില്ലാതായതോടെ എട്ട് ശതമാനം നല്‍കേണ്ട അവസ്ഥയാണ്. അത്തരത്തില്‍ ജീവനക്കാര്‍ക്ക് നിലവില്‍ കിട്ടിക്കൊണ്ടിരിക്കുന്ന ഒരുപാട് ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമെന്നുള്ള ഭീഷണിയിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്.
താരതമ്യേന മറ്റു ഹോട്ടലുകളെ അപേക്ഷിച്ച് ഭക്ഷണ വിലയില്‍ വലിയ ഇളവ് നല്‍കി മുന്നോട്ടുപോകുന്ന ഈ സ്ഥാപനത്തെ ജി.എസ്.ടിയില്‍ നിന്നൊഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചെങ്കിലും കാര്യമുണ്ടായില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
“”കോഫി ഹൗസുകളെ ജി.എസ്.ടിയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് അപ്പീല്‍ നല്‍കിയിട്ടുണ്ടായിരുന്നു. കാര്യകാരണസഹിതം ജി.എസ്.ടി കൗണ്‍സില്‍ മുന്‍പാകെയായിരുന്നു അപ്പീല്‍ കൊടുത്തത്. എന്നാല്‍ അവര്‍ അത് കാര്യമായി പരിഗണിച്ചില്ല. എല്ലാവര്‍ക്കും കുറച്ചതുപോലെ ഞങ്ങള്‍ക്കും കുറച്ചു. അത്രമാത്രമേ ഉണ്ടായുള്ളൂ””- ഭരണസമിതി പ്രസിഡന്റ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ജി.എസ്.ടി നടപ്പാക്കിയതിന് പിന്നാലെ വ്യാപാരത്തില്‍ വലിയ കുറവുണ്ടെന്നും വിലകൂടിയതോടെ ആളുകള്‍ വരുന്നതില്‍ കുറവ് സംഭവിച്ചിട്ടുണ്ടെന്നും ഭരണസമിതി സെക്രട്ടറി ശശിധരന്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.
സര്‍ക്കാരില്‍ കൃത്യമായ കണക്ക് നല്‍കേണ്ടതുകൊണ്ട് തന്നെ ജി.എസ്.ടി അടക്കണം. മറ്റ് ഹോട്ടലുകാരെപ്പോലെ അതില്‍ വെട്ടിപ്പ് നടത്താന്‍ കഴിയില്ല. മുന്‍പ് പ്രതിസന്ധികളൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കോടികളുടെ വരുമാന നഷ്ടം ഉണ്ടായ സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടുകയാണ് സഹകരണ സംഘം. ജി.എസ്.ടി നടപ്പാക്കിയ ശേഷം ഈ സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള (ഏഴു മാസത്തെ) കണക്കുകള്‍ പറയുന്നത് അഞ്ച് കോടിയിലേറെ വ്യാപാര നഷ്ടം സംഭവിച്ചുവെന്നാണ്. ഇവ കൂടാതെ ഒന്നേകാല്‍കോടി രൂപയുടെ അധികചിലവും ഉണ്ടായെന്നാണ് കണക്കുകള്‍.
ജി.എസ്.ടി പ്രതിസന്ധിയില്‍ നിന്നും ഏതുവിധേയനയും മറികടക്കുമെന്നാണ് ഭരണസമിതി വൈസ് പ്രസിഡന്റ് മധുസൂദനന്റെ വാക്കുകള്‍. “” പ്രതിസന്ധിയെ മറികടന്നേ തീരൂ. അതിനുള്ള കാര്യങ്ങള്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ബിസിനസ് വിപുലപ്പെടുത്തി ഇതിനെ മറികടക്കാമെന്നാണ് വിചാരിക്കുന്നത്. – അദ്ദേഹം പറയുന്നു.
സംസ്ഥാനത്തെ വിവിധ ഇടങ്ങളിലായി ഇന്ത്യന്‍ കോഫീ ഹൗസില്‍ 2500 ജീവനക്കാരാണുള്ളത്. ജി.എസ്.ടി നടപ്പാക്കുന്നതിന് മുമ്പ് പത്തു കോടി രൂപ പ്രതിമാസ വരുമാനമുണ്ടായിരുന്നിടത്തു നിന്ന് ഇത് ഒമ്പതു കോടിയായി ചുരുങ്ങി. കൂടാതെ വിവിധയിടങ്ങളിലായി കൂടുതല്‍ ബ്രാഞ്ചുകള്‍ തുറക്കാനും നിലവിലുളളവ കൂടുതല്‍ ഉപഭോക്തൃ സൗഹൃദമാക്കാനുള്ള ആലോചനയിലാണ് സഹകരണസംഘത്തില്‍ വീണ്ടും ചുമതലയേറ്റ ഭരണസമിതി.