ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത് ഇപ്പോഴും പലര്‍ക്കും വിശ്വസിക്കാനാകുന്നില്ല. താരം വളരെ അപ്രതീക്ഷിതമായിരുന്നു റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് പടിയിറക്കം പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ വിരമിക്കല്‍ അറിയിച്ചതിന് പിന്നാലെയായിരുന്നു വിരാടിന്റെയും പ്രഖ്യാപനം.
ഇപ്പോള്‍ ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനും ഓസ്ട്രേലിയന്‍ ഇതിഹാസവുമായ ഗ്രെഗ് ചാപ്പല്‍. കഴിവ് കുറഞ്ഞുവെന്ന കാരണത്താല്‍ അല്ല മറിച്ച് മെന്റല്‍ ക്ലാരിറ്റി തിരിച്ച് പിടിക്കാനാവില്ലെന്ന ബോധ്യത്തില്‍ നിന്നാണ് വിരാടിന്റെ വിരമിക്കല്‍ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
മെക്കാനിക്‌സിനെക്കാള്‍ ഫോം മനസിന്റെ പ്രവര്‍ത്തനമാണെന്ന് കോഹ്ലിയുടെ വിരമിക്കല്‍ തെളിയിക്കുന്നുവെന്നും ഓസ്ട്രേലിയന്‍ ഇതിഹാസം കൂട്ടിച്ചേര്‍ത്തു. ഇ.എസ്.പി.എന്‍ ക്രിക് ഇന്‌ഫോയിലെ കോളത്തിലാണ് ഗ്രെഗ് ചാപ്പല്‍ ഇക്കാര്യം സംസാരിക്കുന്നത്.
‘കഴിവ് കുറഞ്ഞുവെന്ന കാരണത്താല്‍ അല്ല വിരാട് വിരമിക്കാന്‍ തീരുമാനിച്ചത്. മറിച്ച് ഒരിക്കല്‍ അവനെ ശക്തനാക്കി നിര്‍ത്തിയ മെന്റല്‍ ക്ലാരിറ്റി തിരിച്ച് പിടിക്കാനാവില്ലെന്ന ബോധ്യത്തില്‍ നിന്നാണ് ഇത്തരമൊരു തീരുമാനമുണ്ടായത്. വലിയ മത്സരങ്ങളില്‍ ഉറച്ചതും വ്യക്തവുമായ തീരുമാനങ്ങള്‍ എടുക്കാനായില്ലെങ്കില്‍ ശരീരം തളരുമെന്ന കാര്യം അവന്‍ അംഗീകരിച്ചു.
സ്വയം സംശയം ഉടലെടുക്കുമ്പോള്‍ സ്വാഭാവികത നഷ്ടപ്പെടുകയും അത് പ്രകടനങ്ങളില്‍ പ്രതിഫലിക്കുകയും ചെയ്യും. മെക്കാനിക്‌സിനെക്കാള്‍ ഫോം മനസിന്റെ പ്രവര്‍ത്തനമാണെന്ന് കോഹ്ലിയുടെ വിരമിക്കല്‍ തെളിയിക്കുന്നു,’ ചാപ്പല്‍ പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി 2011ല്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ വിരാട് 123 മത്സരങ്ങളിലെ 210 ഇന്നിങ്സില്‍ നിന്ന് 9230 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 46.9 ആവറേജിലും 55.6 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്. 30 സെഞ്ച്വറികളും 31 അര്‍ധ സെഞ്ച്വറികളുമാണ് ഫോര്‍മാറ്റില്‍ വിരാട് നേടിയത്. മാത്രമല്ല ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ കൂടിയായിരുന്നു വിരാട്.
Content Highlight: Greg Chappell talks about the retirement of Virat Kohli from test cricket