| Friday, 6th June 2025, 5:07 pm

കഴിവ് നഷ്ടപ്പെട്ടതുകൊണ്ടല്ല, വിരാടിന്റെ വിരമിക്കലിന് കാരണം മറ്റൊന്ന്: ഗ്രെഗ് ചാപ്പല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ മാമാങ്കത്തിന് വിരാമമായിരിക്കുകയാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ കന്നി കിരീടം എന്ന മോഹം പൂവണിയിച്ചാണ് ഇത്തവണ കുട്ടിക്ക്രിക്കറ്റ് പൂരത്തിന് കൊടിയിറങ്ങുന്നത്. 18 വര്‍ഷത്തെ കാത്തിരിപ്പിനും കണ്ണീരിനും പരിഹാസങ്ങള്‍ക്കും വിരാമമിട്ടാണ് ആര്‍.സി.ബിയും നായകന്‍ രജത് പാടിദാറും, വിരാട് കോഹ്‌ലിയും കനക കിരീടത്തില്‍ ആദ്യ മുത്തം നല്‍കിയത്.

അതേസമയം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. മത്സരത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് അടുത്തിടെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. മാത്രമല്ല വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനേയാണ് തെരഞ്ഞെടുത്തത്.

രോഹിത് ശര്‍മയുടേയും വിരാട് കോഹ്‌ലിയുടേയും അപ്രതീക്ഷിത വിരമിക്കലിന് ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയാണിത്. ജൂണ്‍ 20ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയ്ക്ക് വേണ്ടി 18 അംഗ സ്‌ക്വാഡാണ് സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്.

സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയുടെ വിരമിക്കലിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഓസീസ് താരം ഗ്രെഗ് ചാപ്പല്‍. കഴിവ് നഷ്ടപ്പെട്ടതുകൊണ്ടല്ല, മറിച്ച് ഒരിക്കല്‍ താന്‍ ആധിപത്യം സ്ഥാപിച്ച മാനസിക വ്യക്തിത്വം ഇനി തനിക്ക് ലഭിക്കില്ലെന്ന അവബോധത്തിന്റെ തുടക്കമാണ് വിരാടിന്റെ വിരമിക്കലിന് കാരണമായതെന്ന് ചാപ്പല്‍ പറഞ്ഞു.

‘കഴിവ് നഷ്ടപ്പെട്ടതുകൊണ്ടല്ല, മറിച്ച് ഒരിക്കല്‍ താന്‍ ആധിപത്യം സ്ഥാപിച്ച മാനസിക വ്യക്തിത്വം ഇനി തനിക്ക് ലഭിക്കില്ലെന്ന അവബോധത്തിന്റെ തുടക്കമാണ് അദ്ദേഹത്തിന്റെ തീരുമാനത്തിന് കാരണമായത്. ഉയര്‍ന്ന തലത്തില്‍, മൂര്‍ച്ചയുള്ളതും നിര്‍ണായകവുമായ മനസില്ലാതെ, ശരീരം പരാജയപ്പെടാന്‍ തുടങ്ങുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. കോഹ്‌ലിയുടെ വിരമിക്കലിന് കാരണം ശാരീരിക സാങ്കേതികതയെക്കാള്‍ ഫോം നഷ്ടപ്പെട്ടെന്ന മനസ്സിന്റെ ആശങ്കയാണെന്ന് എടുത്തുകാണിക്കുന്നു,’ ചാപ്പല്‍ തന്റെ ക്രിക്ക് ഇന്‍ഫോയില്‍ എഴുതി.

2014ല്‍ എം.എസ്. ധോണിയില്‍ നിന്ന് ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുത്ത വിരാട് എട്ട് വര്‍ഷക്കാലം ഇന്ത്യയെ വിജയകരമായി നയിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിത്തന്ന നായകന്‍ കൂടിയാണ് വിരാട്.

ഇന്ത്യയ്ക്ക് വേണ്ടി 2011ല്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ വിരാട് 123 മത്സരങ്ങളിലെ 210 ഇന്നിങ്‌സില്‍ നിന്ന് 9230 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 46.9 ആവറേജിലും 55.6 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്. 30 സെഞ്ച്വറികളും 31 അര്‍ധ സെഞ്ച്വറികളുമാണ് ഫോര്‍മാറ്റില്‍ വിരാട് നേടിയത്.

Content Highlight: Greg Chappell Talking About Virat Kohli’s Retirement

We use cookies to give you the best possible experience. Learn more