| Saturday, 19th July 2025, 7:59 pm

ബുംറയില്ലാതെയും ഇന്ത്യ മത്സരങ്ങള്‍ വിജയിച്ചു, പ്രധാനകാര്യം മറ്റൊന്ന്; തുറന്ന് പറഞ്ഞ് ഗ്രെഗ് ചാപ്പല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സന്‍ ട്രോഫി എന്ന് പുനര്‍ നാമകരണം ചെയ്ത പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 1-2ന് പിന്നിലാണ്. ലീഡ്‌സിലും ലോര്‍ഡ്‌സിലും ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ എഡ്ജ്ബാസ്റ്റണില്‍ മികച്ച വിജയമായിരുന്നു സ്വന്തമാക്കിയത്. ലോര്‍ഡ്‌സില്‍ ജയം മുമ്പില്‍ കണ്ട ശേഷമായിരുന്നു ഇന്ത്യ ത്രീ ലയണ്‍സിന് മുന്നില്‍ തോല്‍വി വഴങ്ങിയത്.

ജൂലൈ 23 മുതല്‍ 27 വരെയാണ് പരമ്പരയിലെ നിര്‍ണായകമായ നാലാം ടെസ്റ്റ് ആരംഭിക്കുന്നത്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയമാണ് വേദി. പരമ്പര കൈവിടാതെ കാക്കണമെങ്കില്‍ മാഞ്ചസ്റ്ററില്‍ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്.

നിര്‍ണായകമായ നാലാം മത്സരത്തില്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറ കളിക്കാന്‍ സാധ്യതയുണ്ടോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ ബുംറ കളിക്കുന്നുണ്ടോ എന്നല്ല പ്രധാന വിഷയമെന്നും ഇന്ത്യയുടെ കൂട്ടായ പ്രയത്‌നമാണ് ആവശ്യമെന്നും മുന്‍ ഓസീസ് താരം ഗ്രെഗ് ചാപ്പല്‍. ബുംറയില്ലാതെയും ഇന്ത്യ സമീപ കാലത്ത് നിരവധി മത്സരങ്ങള്‍ വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ബുംറ കളിക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയല്ല പ്രധാനം. സമീപകാലത്ത് അദ്ദേഹമില്ലാതെ ഇന്ത്യ നിരവധി ടെസ്റ്റുകള്‍ വിജയിച്ചിട്ടുണ്ട്. വിജയം എന്നത് ഒരു കളിക്കാരന്റെ മാത്രം മിടുക്കല്ല, അത് ടീമിന്റെ കൂട്ടായ പ്രകടനത്തെക്കുറിച്ചാണ്.

ഓരോ കളിക്കാരനും സംഭാവന നല്‍കുമ്പോഴാണ് ടീമുകള്‍ വിജയിക്കുന്നത്. ഓരോ കളിക്കാരനും ആത്മവിശ്വാസം പുലര്‍ത്തണം, പദ്ധതി മനനസിലാക്കണം, അതില്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധനാകണം, അത് നടപ്പിലാക്കുന്നതാണ് ക്യാപ്റ്റന്റെ ഉത്തരവാദിത്തം. അതാണ് യഥാര്‍ത്ഥത്തില്‍ പ്രധാനം,’ ഗ്രെഗ് ചാപ്പല്‍ പറഞ്ഞു.

അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ മാത്രമേ ബുംറ കളത്തിലിറങ്ങൂ എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ബുംറ നാലാം ടെസ്റ്റില്‍ ഇന്ത്യയ്‌ക്കൊപ്പമുണ്ടാകുമോ എന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. താരം ലഭ്യമായേക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ബി.സി.സി.ഐ താരത്തെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റും നല്‍കിയിട്ടില്ല.

Content Highlight: Greg Chappell Talking About Jasprit Bumrah

We use cookies to give you the best possible experience. Learn more