| Thursday, 11th April 2013, 12:19 pm

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് : കേന്ദ്രത്തിന് ഹരിത ട്രൈബ്യൂണലിന്റെ അന്ത്യശാസനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തീരുമാനം വൈകുന്നതിനെതിരേ കേന്ദ്ര സര്‍ക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അന്ത്യശാസനം.  ഇക്കാര്യത്തില്‍ മൂന്നാഴ്ചക്കുളളില്‍ തീരുമാനം അറിയിക്കണമെന്ന്ട്രൈബ്യൂണല്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. []

പശ്ചിമ ഘട്ട സംരക്ഷണത്തിനായുള്ള മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടാണോ കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടാണോ നടപ്പാടക്കുന്നതെന്നതില്‍ അന്തിമ തീരുമാനം എടുക്കണമെന്നാണ് ട്രൈബ്യൂണല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോടു നിര്‍ദേശിച്ചിരിക്കുന്നത്.

ജസ്റ്റീസ് സ്വതന്ത്രകുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് നിര്‍ദേശം. പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്നതിനുളള റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് സര്‍ക്കാര്‍ വിമുഖത കാട്ടുന്നു എന്ന് കാണിച്ച സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കുകയായിരുന്നു ട്രൈബ്യൂണല്‍.

റിപ്പോര്‍ട്ടുകളിന്‍മേല്‍ തീരുമാനം വൈകുന്നത് സംസ്ഥാനത്തിന്റെ വികസനം തടസപ്പെടുത്തുന്നതായി ഹരിത ട്രൈബ്യൂണലില്‍ കേരളം വാദിച്ചിരുന്നു.

കേരളത്തിന്റെ നിലനില്‍പ്പിനെത്തന്നെ ഇതു ബാധിക്കുന്നതായും ചൂണ്ടിക്കാട്ടിയിരുന്നു. പശ്ചിമഘട്ടത്തിന്റെ സംരക്ഷണം ഉറപ്പാക്കേണ്ടത് കേരളത്തിന്റെ നിലനില്‍പ്പിന് ആവശ്യമാണെന്ന് വാദിക്കുമ്പോഴും വികസനത്തെ തടസപ്പെടുത്തുന്നതാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടെന്നാണ് ആരോപണം.

2011 ഓഗസ്റ്റിലാണ് പശ്ചിമഘട്ട സംരക്ഷണത്തിനായുളള നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് മാധവ് ഗാഡ്ഗില്‍ സമിതി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചത്.

2012 ഓഗസ്റ്റിലാണ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ വിവാദ നിര്‍ദേശങ്ങളെ കുറിച്ച് പുനപരിശോധന നടത്തുന്നതിനും റിപ്പോര്‍ട്ടിനെ കുറിച്ച് ജനങ്ങളില്‍ നിന്ന് അഭിപ്രായമാരായാന്നുതിനുമായി കസ്തൂരിരംഗന്‍ കമ്മിറ്റി രൂപീകരിച്ചത്. സമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഏപ്രില്‍ 15 വരെ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം സമയം നീട്ടി നല്‍കിയിട്ടുണ്ട്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ ഊര്‍ജ്ജ മേഖലയുടെ വികസനം തകരുമെന്ന ആശങ്ക കെഎസ്ഇബിയും പ്രകടിപ്പിച്ചിരുന്നു. നല്ല മഴയും ധാരാളം നദികളുമുള്ള കേരളത്തില്‍ ജലവൈദ്യുത പദ്ധതികള്‍ക്ക് നിരവധി സാധ്യതകളുണ്ട്.

പശ്ചിമഘട്ട മലനിരകളിലാണ് കേരളത്തില്‍ ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കാനാവുക. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രകാരം പശ്ചിമഘട്ടത്തില്‍ “നോ ഗോ ഏരിയ” പ്രഖ്യാപിച്ചാല്‍ ഭാവിയില്‍ കേരളത്തില്‍ ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കാനാകില്ലെന്നും കെ.എസ്.ഇ.ബി ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലും കാര്യമായ ഭേദഗതികള്‍ ഉണ്ടാകില്ലെന്ന സൂചനകളാണ് ലഭിക്കുന്നത്. ഇടുക്കിയിലെ ജീവിത സാഹചര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ എന്ന വാദം ഉയര്‍ന്ന ഘട്ടത്തിലാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് ജനങ്ങളില്‍നിന്ന് തെളിവെടുക്കാനും ചര്‍ച്ചകള്‍ നടത്താനും കസ്തൂരി രംഗന്‍ കമ്മിറ്റി എത്തുന്നത്.

We use cookies to give you the best possible experience. Learn more