| Thursday, 11th April 2024, 1:53 pm

പോസ്റ്ററടി...അണ്ണന്‍ റെഡി.... ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം റിലീസ് പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിന്റെ റിലീസ് ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു. ചിത്രത്തിന്റെ നിര്‍മാതാവ് അര്‍ച്ചന കല്പാത്തി തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് ഡേറ്റ് പുറത്തുവിട്ടത്. വിജയ്‌യും വെങ്കട് പ്രഭുവും ആദ്യമായി ഒന്നിക്കുന്ന സിനിമ എന്ന നിലയില്‍ അനൗണ്‍സ്‌മെന്റ് മുതല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.

സയന്‍സ് ഫിക്ഷന്‍ ഴോണറിലുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കന്‍ഡ് ലുക്ക് പോസ്റ്ററും ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ചിത്രത്തിലെ വിജയ്‌യുടെ ഗെറ്റപ്പും ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ പുതിയ ലുക്കിലുള്ള പോസ്റ്ററിനോടൊപ്പമാണ് റിലീസ് തിയതി പ്രഖ്യാപിച്ചത്. ദീപാവലിക്ക് റിലീസ് ചെയ്യുമെന്ന് സൂചനയുണ്ടയിരുന്ന ചിത്രം സെപ്റ്റംബര്‍ അഞ്ചിനാണ് തിയേറ്ററുകളിലെത്തുക.

ബിഗിലിന് ശേഷം വിജയ് ഇരട്ടവേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും സിനിമക്കുണ്ട്. ജയറാം, പ്രഭുദേവ, സ്‌നേഹ, പ്രശാന്ത്, മീനാക്ഷി ചൗധരി, ലൈല, പ്രേംജി അമരന്‍, യോഗി ബാബു, വി.ടി.വി ഗണേഷ്, അരവിന്ദ് ആകാശ്, അജ്മല്‍ അമീര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം. സിദ്ധാര്‍ത്ഥ നുനി ഛായാഗ്രഹണവും, വെങ്കട് രാജന്‍ എഡിറ്റിങും നിര്‍വഹിക്കുന്നു. ചിത്രത്തിന് വേണ്ടി വിജയ്‌യുടെ മുഖം ഡീ ഏജ് ഉപയോഗിക്കുന്നുവെന്നും അതിനായി ഹോളിവുഡിലെ മുന്‍നിര വി.എഫ്.എക്‌സ് ടീമിനെ സമീപിച്ചതും വാര്‍ത്തയായിരുന്നു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ശേഷം വരുന്ന വിജയ് ചിത്രത്തിനായി ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Content Highlight: Greatest Of All Time release date announced

We use cookies to give you the best possible experience. Learn more